ഹരിയാണയിൽ ATM കൊള്ള പഠിക്കാൻ പരിശീലനകേന്ദ്രങ്ങൾ; പഴയ മെഷീൻ വാങ്ങി ട്രെയിനിങ്, മേൽനോട്ടം മുതിർന്ന കൊള്ളക്കാർ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | നിർമ്മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മക ചിത്രം | നിർമ്മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

ചെന്നൈ: എ.ടി.എം. കവർച്ച പഠിപ്പിക്കാൻ ഹരിയാണയിൽ പ്രത്യേക പരിശീലനകേന്ദ്രം പ്രവർത്തിക്കുന്നതായി തമിഴ്‌നാട് പോലീസിന്റെ കണ്ടെത്തൽ. ചെന്നൈയിലും പരിസരപ്രദേശങ്ങളിലും കുറച്ചുമാസങ്ങളായി തുടർച്ചയായുണ്ടായ എ.ടി.എം. കവർച്ചകളെക്കുറിച്ചുള്ള അന്വേഷണമാണ് പോലീസിനെ ഹരിയാണയിലെ ഈ രഹസ്യ പരിശീലനകേന്ദ്രത്തിൽ എത്തിച്ചത്.

ഹരിയാണയിലെ നുഹ്, പൽവാൾ, മേവാത്ത് മേഖല കേന്ദ്രീകരിച്ചാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. പ്രദേശത്തെ പരിചയസമ്പന്നരായ ‘മുതിർന്ന കൊള്ളക്കാരാ’ണ് പരിശീലകർ. എ.ടി.എം. യന്ത്രത്തി നും പണത്തിനും കേടുസംഭവിക്കാതെയും സി.സി.ടി.വി. ക്യാമറകളുടെ കണ്ണുവെട്ടിച്ച് വേഗത്തിൽ കവർച്ചനടത്താനുമാണ് പരിശീലനം നൽകുന്നത്.

പഴയ എ.ടി.എം. യന്ത്രങ്ങൾ ബാങ്കുകളിൽനിന്നും ആക്രിക്കടകളിൽനിന്നും വാങ്ങിയാണ് പരിശീലനത്തിന് ഉപയോഗിക്കുന്നത്. കടലാസ് ഉപയോഗിച്ച് വ്യാജനോട്ടുകൾ നിർമിച്ച്, ഗ്യാസ് കട്ടിങ് മെഷീനുകൾ ഉപയോഗിച്ച് യന്ത്രങ്ങൾ എളുപ്പത്തിൽ പൊളിക്കാനുള്ള വിദ്യകൾ പഠിപ്പിക്കുന്നു. വിപണിയിൽ പുതിയ എ.ടി.എം. മോഡലുകൾ എത്തുമ്പോൾ വിദേശത്തുനിന്നുപോലും അവ എത്തിച്ച് പരിശീലനം പരിഷ്കരിക്കാറുണ്ടെന്നും പോലീസ് വ്യക്തമാക്കി.

പരിശീലനം പൂർത്തിയാക്കുന്നവരിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരെ ഉൾപ്പെടുത്തി നാലോ അഞ്ചോ പേരടങ്ങുന്ന സംഘങ്ങൾ രൂപവത്കരിക്കും. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കവർച്ചയ്ക്കായി ഇവരെ നിയോഗിക്കുകയാണ് ചെയ്യുന്നത്. കവർച്ചയിലൂടെ ലഭിക്കുന്ന പണത്തിന്റെ ഒരു വിഹിതം ഈ ഗ്രാമങ്ങളിലേക്ക് നൽകുന്നതിനാൽ പ്രദേശവാസികളുടെ പൂർണപിന്തുണയും ഇവർക്കുണ്ട്. അതുകൊണ്ടുതന്നെ അപരിചിതർ ആരും ഗ്രാമത്തിലേക്ക് കടക്കാതിരിക്കാൻ നാട്ടുകാർതന്നെ ശ്രദ്ധിക്കുന്നു.

Content Highlights: Tamil Nadu Police discovered a secret ATM robbery training center in Haryana., Centers operate in Nuh, Palwal, and Mewat regions, run by experienced criminals.