പണം പുറത്തുവരാതിരിക്കാന്‍ സ്‌കെയില്‍, ഉപയോക്താവ് മടങ്ങുമ്പോള്‍ മോഷണം; കൊച്ചിയില്‍ വന്‍ ATM കവര്‍ച്ച

കൊച്ചി: എറണാകുളം ജില്ലയിൽ വിവിധയിടങ്ങളിലെ എ.ടിഎമ്മുകളിൽ കൃത്രിമംകാട്ടി പണം തട്ടി. 13 എ.ടി.എമ്മുകളിൽ നിന്നും പണം നഷ്ടമായതായാണ് പ്രാഥമിക വിവരം. ഉത്തരേന്ത്യൻ സംഘമാണ് ഇതിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. മെഷീനിലെ പണം വരുന്ന ഭാഗം സ്കെയിൽ പോലെയുള്ള ഉപകരണം ഉപയോഗിച്ച് ബ്ലോക്ക് ചെയ്താണ് തട്ടിപ്പ് നടത്തുന്നത്.
ഇടപാടുകാരൻ കാർഡിട്ട് പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ പണം ലഭിക്കാതെ വരും. പിന്നാലെ എ.ടി.എമ്മിൽ കയറുന്ന മോഷ്ടാവ് ബ്ലോക്ക് മാറ്റി പണം എടുക്കും. വിവിധ എ.ടി.എമ്മുകളിൽ നിന്നായി 25000 രൂപ നഷ്ടമായതായാണ് പ്രാഥമിക വിവരം. കൂടുതൽ തുക നഷ്ടമായതായി സംശയിക്കുന്നുണ്ട്.
പണം നഷ്ടമായതിനെ തുടർന്ന് ഇടപാടുകാർ ബാങ്കിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബാങ്ക് അധികൃതർ പോലീസിനെ അറിയിച്ചു. കളമശ്ശേരി, തൃപ്പൂണിത്തുറ, തിരുവാങ്കുളം, വൈറ്റില, കടവന്ത്ര, ചേന്ദമംഗലം, ഇടപ്പള്ളി, ബാനർജി റോഡ് എന്നിങ്ങനെ പല സ്ഥലങ്ങളിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ട്. എ.ടി.എമ്മിൽ നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.
നോർത്ത് കളമശ്ശേരിയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എ.ടി.എമ്മിൽ കൃത്രിമം കാണിച്ച് ഏഴുപേരിൽ നിന്നായി 15,000 രൂപ നഷ്ടപ്പെട്ടതായി ബാങ്ക് കളമശ്ശേരി പോലീസിൽ പരാതി നൽകി. 18, 19 തീയതികളിലാണ് സംഭവം.
Content Highlights: atm fraud in kochi