പിടിച്ചത് 28 കോടി രൂപ; പക്ഷേ, അര്‍പ്പിത ഫ്‌ളാറ്റിലെ മെയിന്റനന്‍സ് തുക അടച്ചില്ല, കുടിശ്ശിക 11819 രൂപ

കൊല്‍ക്കത്ത: ഫ്‌ളാറ്റിനുള്ളില്‍ കോടിക്കണക്കിന് രൂപയുണ്ടായിട്ടും നടി അര്‍പ്പിത മുഖര്‍ജി അപ്പാര്‍ട്ട്‌മെന്റിലെ മെയിന്റനന്‍സ് തുക അടച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ഇ.ഡി. ഉദ്യോഗസ്ഥരുടെ റെയ്ഡ് നടക്കുന്നതിനിടെയാണ് അപ്പാര്‍ട്ട്‌മെന്റിലെ മെയിന്റനന്‍സ് ഇനത്തില്‍ പതിനായിരത്തിലേറെ രൂപ അര്‍പ്പിത അടയ്ക്കാനുണ്ടെന്ന് വ്യക്തമായത്.
മെയിന്റന്‍സ് തുക അടയ്ക്കുന്നതില്‍ കുടിശ്ശിക വരുത്തിയവരുടെ പട്ടിക അപ്പാര്‍ട്ട്‌മെന്റിലെ നോട്ടീസ് ബോര്‍ഡില്‍ പതിച്ചിരുന്നു. ഈ പട്ടികയിലാണ് അര്‍പ്പിതയുടെ പേരും ഉള്‍പ്പെടുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മെയിന്റനന്‍സ് തുകയായി 11819 രൂപയാണ് അര്‍പ്പിത മുഖര്‍ജി അടയ്ക്കാനുള്ളത്.
ബെല്‍ഘാരിയയിലെ ക്ലബ് ടൗണ്‍ അപ്പാര്‍ട്ട്‌മെന്റില്‍ അര്‍പ്പിതയുടെ പേരില്‍ രണ്ട് ഫ്‌ളാറ്റുകളാണുള്ളത്. ഇവിടെനിന്നാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം 28 കോടി രൂപയും ആറുകിലോ സ്വര്‍ണവും പിടിച്ചെടുത്തത്.
പശ്ചിമബംഗാളിലെ അധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഞായറാഴ്ചയാണ് മന്ത്രി പാര്‍ഥ ചാറ്റര്‍ജിയും ഉറ്റസുഹൃത്തായ അര്‍പ്പിത മുഖര്‍ജിയും അറസ്റ്റിലായത്. അര്‍പ്പിതയുടെ സൗത്ത് കൊല്‍ക്കത്തയിലെ ഫ്‌ളാറ്റില്‍നിന്ന് 21 കോടിയോളം രൂപ അഞ്ചുദിവസം മുമ്പ് ഇ.ഡി. പിടിച്ചെടുത്തിരുന്നു. പിന്നാലെ മന്ത്രിയെയും മണിക്കൂറുകള്‍ക്കുള്ളില്‍ അര്‍പ്പിതയെയും ഇ.ഡി. അറസ്റ്റ് ചെയ്യുകയായിരുന്നു.
Content Highlights: arpita mukherjee has maintenance due in her apartment