ആർമി കാന്റീനിലേയ്ക്ക് തേയില വേണം, 7വർഷത്തെ കരാറും വ്യാജ ഇൻവോയിസും; തട്ടിപ്പ് പൊളിച്ച് വ്യാപാരി

കോട്ടയം: ഇന്ത്യൻ സൈന്യത്തിന്റെ ജി.എസ്.ടി. നമ്പർ ഉപയോഗിച്ച് തട്ടിപ്പ് നടത്താനുള്ള ശ്രമം പൊളിച്ച് കോട്ടയത്തെ തേയില മൊത്തവ്യാപാരി. കോട്ടയത്തെ ആർമി കാന്റീനിലേയ്ക്ക് 500 കിലോ തേയില അടിയന്തരമായി ആവശ്യപ്പെട്ടാണ് കോട്ടയം മാർക്കറ്റിലെ റെയിൻബോ ടീ ട്രേഡിങ് കമ്പനി ഉടമ മുഹമ്മദ് അമീനെ ഫോണിൽ ബന്ധപ്പെട്ടത്.
വെള്ളിയാഴ്ചയായിരുന്നു സംഭവം. ആർമി ഓഫീസർ പുനാൽ ചൗധരി എന്നാണ് വിളിച്ചയാൾ പരിചയപ്പെടുത്തിയത്. തുടർന്ന് വിലയടക്കം വിവരങ്ങൾ വാട്സാപ്പിൽ നൽകാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് വിവിധതരം തേയിലകളുടെ വിലവിവരം വ്യാപാരി അയച്ചുകൊടുത്തു. ‘ജയ് ഹിന്ദ്, ഐ ആം പുനാൽ ചൗധരി, ആർമി ഓഫീസർ കോട്ടയം, ഇൻ ചാർജ് ആർമി കാന്റീൻ’ എന്ന് വാട്സാപ്പിൽ മറുപടിയും നൽകി. അയച്ച പട്ടികയിൽനിന്ന് ഒരു ക്വാളിറ്റി തേയില തിരഞ്ഞെടുത്ത് 30 കിലോ ബാഗുകൾ ഉൾപ്പെടുത്തി മൊത്തം 500 കിലോ ആവശ്യമുണ്ടെന്നും പെർഫോമ ഇൻവോയിസ് അയച്ചുതരണമെന്നും പറഞ്ഞു.
തുടർന്ന് ഇന്ത്യൻ ആർമിയുടേതെന്ന് പറഞ്ഞ് ജി.എസ്.ടി. നമ്പരും ഇട്ടുകൊടുത്തു. വ്യാപാരി പോർട്ടലിൽ പരിശോധിച്ചപ്പോൾ ജി.എസ്.ടി. നമ്പർ യഥാർഥമാണെന്ന് കണ്ടെത്തി. ആർമി ഹൗസിങ് വെൽഫെയർ ഓർഗനൈസേഷന്റെ ജി.എസ്.ടി. നമ്പരാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇടപാട് വിശ്വാസയോഗ്യമെന്ന് കണ്ടതോടെ ഓഫീസറെ നേരിൽകാണാൻ അനുമതി ചോദിച്ചെങ്കിലും, തിരക്കാണ്, പിറ്റേന്ന് കാണാം, കോട്ടയം പാറമ്പുഴയിലുള്ള എൻ.സി.സി. കാന്റീനിൽ സാധനവുമായെത്തിയാൽ മതി എന്ന് അറിയിച്ചു.
സാമ്പിൾ കാണണ്ടേയെന്ന് ചോദിച്ചപ്പോൾ, സാധനം എത്തിച്ചാൽ മതിയെന്നായിരുന്നു മറുപടി. പിന്നീട് വിളിച്ച് ഏഴ് വർഷത്തേക്കുള്ള തേയില കരാറാണ്, ഇത് രജിസ്റ്റർ ചെയ്യുന്നതിന് 200 അല്ലെങ്കിൽ 100 രൂപ അക്കൗണ്ടിലേയ്ക്ക് ഇട്ടുതരണമെന്ന് ആവശ്യപ്പെട്ടു. അക്കൗണ്ട് നമ്പർ ആവശ്യപ്പെട്ടപ്പോൾ നമ്പരില്ല, ലിങ്ക് വഴി ചെയ്യാനായിരുന്നു മറുപടി.
ലിങ്ക് വഴി പണംഅടയ്ക്കാൻ പറ്റില്ലെന്നും നേരിട്ടോ, അക്കൗണ്ട് നമ്പരിലോ ഇടാമെന്നും വ്യാപാരി അറിയിച്ചു. ഇതോടെ ‘ആർമി ഓഫീസർ’ ഫോൺ കട്ടാക്കി. ലിങ്കിലേക്കെത്തിക്കാൻ പലതവണ ശ്രമിച്ചെങ്കിലും ബോധപൂർവം ഇടപെട്ടതിനാൽ തട്ടിപ്പിൽനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് വ്യാപാരി പറഞ്ഞു. ഒരു നമ്പരിൽനിന്ന് വിളിച്ച് മറ്റൊരു നമ്പരിൽ വാട്സാപ്പ് കണക്ട് ചെയ്താണ് തട്ടിപ്പിന് ശ്രമിച്ചത്.
സൈന്യത്തിൻെ ഒറിജിനൽ നമ്പരും ചിഹ്നങ്ങളുമടക്കം ഉപയോഗിച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്. പിന്നീട് ആർമിയുടെ പാറമ്പുഴയിലെ ഓഫീസിലെത്തി അന്വേഷിച്ചപ്പോൾ അങ്ങനെ ഓഫീസറോ, ഇത്തരത്തിലുള്ള വാങ്ങൽ രീതിയോ ഇല്ലെന്ന് അറിയിച്ചു. ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം വ്യാപാരി, ജില്ലാ സൈബർ പോലീസിൽ പരാതി നൽകി. ജില്ലാ പോലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഗുജറാത്തിൽനിന്നാണ് ഫോൺ കോളെന്ന് കണ്ടെത്തി.
Content Highlights: A Kerala tea trader thwarted an attempt to defraud by using the Indian Army`s GST number.