ഒരുമണിക്കൂറോളം നീണ്ട പരിശോധന, ലാപ്ടോപ്പ് പിടിച്ചെടുത്തു; അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

കണ്ണൂർ/തലശ്ശേരി: പോലീസിനും ആഭ്യന്തരമന്ത്രിക്കുംനേരേ സാമൂഹികമാധ്യമങ്ങളിലൂടെ വെല്ലുവിളി നടത്തിയതിന് കഴിഞ്ഞദിവസം അറസ്റ്റിലായ അർജുൻ ആയങ്കിയുടെ വീട്ടിൽ പരിശോധന നടത്തിയ പോലീസ് ലാപ്‌ടോപ്പ് പിടിച്ചെടുത്തു. ഇൻസ്പെക്ടർ എ.അനൂപിന്റെ നേതൃത്വത്തിൽ കണ്ണൂർ സിറ്റി സൈബർ പോലീസാണ് അഴീക്കോട് കപ്പക്കടവിലെ വീട്ടിൽ റെയ്ഡ് നടത്തിയത്.
ഒരുമണിക്കൂറോളം നീണ്ട പരിശോധനയിൽ ഇയാളുടെ അമ്മയുടെയും സഹോദരൻ അജയ് ആയങ്കിയുടെയും മൊഴിയെടുത്തു. അർജുന് കേസ് നടത്താൻ പണം സ്വരൂപിക്കാനായി ക്രൗഡ് ഫണ്ടിങ് നടത്തിയതിന് ശനിയാഴ്ച അജയ് ആയങ്കിയെ കോഴിക്കോട് നടക്കാവ് പോലീസ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
ക്രിമിനൽ കേസിൽ ഒളിവിലിരിക്കെ സാമൂഹികമാധ്യമങ്ങളിലൂടെ വെല്ലുവിളികളും അധിക്ഷേപവും നടത്തിയതിന് അർജുൻ ആയങ്കിയുടെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസെടുത്തിരുന്നു. ഞായറാഴ്ച പുലർച്ചെ കണ്ണൂരിൽനിന്ന് പിടിയിലായ ഇയാൾ തലശ്ശേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. ചൊവ്വാഴ്ച തലശ്ശേരി കോടതിയിൽ ഹാജരാക്കും. കണ്ണൂർ സിറ്റി സൈബർ പോലീസിന്റെ ഹർജിയിൽ തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ടാണ് ഹാജരാക്കാൻ പ്രൊഡക്‌ഷൻ വാറണ്ട് പുറപ്പെടുവിച്ചത്. കോടതിയിൽ ഹാജരാക്കിയാൽ അന്വേഷണസംഘം അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങും.കോതമംഗലം പോലീസ് ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തലശ്ശേരി ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകും -എസ്.പി.
ആലുവ: അർജുൻ ആയങ്കിയുടെ പേരിൽ എറണാകുളത്തുള്ള മൂന്നുകേസുകളിൽ ഒന്നിൽ ലഭിച്ച ജാമ്യംറദ്ദാക്കാൻ പോലീസ് അപേക്ഷ നൽകുമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ പറഞ്ഞു. ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണിത്. അർജുന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കസ്റ്റഡിയിൽവിട്ടുകിട്ടാൻ കോടതിയെ സമീപിക്കും.
Content Highlights: Police raided Arjun Ayanki's house in Azheekode and seized his laptop., Statements of his mother and brother, Ajay Ayanki, were recorded during the raid., Arjun is currently on remand in Thalassery sub-jail and faces multiple charges, including threatening police officers., Ernakulam Rural SP stated that police will move to cancel Arjun's bail in one of his cases for violating bail conditions.