‘ഇതെല്ലാം നിസ്സാര കേസല്ലേ, നായയെ കൊന്ന കേസ്’; തെളിവെടുപ്പിനിടെ പോലീസിനെ പരിഹസിച്ച് അർജുൻ ആയങ്കി

കൊച്ചി: ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതുൾപ്പെടെയുള്ള കേസുകളിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ പോലീസ് കൊച്ചിയിൽ തെളിവെടുപ്പിനായി എത്തിച്ചു. കൊച്ചി കടവന്ത്രയിലെ അപ്പാർട്ട്മെന്റിലായിരുന്നു തെളിവെടുപ്പ്. ഒളിവിൽ കഴിഞ്ഞിരുന്ന ഈ ഫ്ലാറ്റിലേക്ക് കൈവിലങ്ങ് അണിയിച്ചാണ് പോലീസ് സംഘം അർജുനെ കൊണ്ടുവന്നത്. 'എല്ലാ കേസുകളും വരട്ടെ, എല്ലാം നേരിടാം' എന്നായിരുന്നു അർജുൻ ആയങ്കിയുടെ പ്രതികരണം.
കോതമംഗലം പുന്നോക്കോട് നടന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിലായിരുന്നു അർജുൻ ആയങ്കി ആദ്യം അറസ്റ്റിലായത്. ഈ കേസിൽ 20 ദിവസത്തിലധികം ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. ഇതിനു പിന്നാലെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും എതിരെയും ഇയാൾ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
അർജുനെ ഒളിവിൽ കഴിയാൻ സഹായിച്ച ഫ്ലാറ്റിലെ താമസക്കാരായ സൗദ്, ഇസ്മായിൽ എന്നീ രണ്ട് സുഹൃത്തുക്കളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ നൽകിയ സഹായത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം, തനിക്കെതിരെയുള്ള കേസുകളെല്ലാം നിസ്സാരമാണെന്നായിരുന്നു അർജുൻ ആയങ്കിയുടെ പ്രതികരണം. തെളിവെടുപ്പിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, ‘ഇതെല്ലാം നിസ്സാര കേസല്ലേ, നായയെ കൊന്ന കേസ്. എല്ലാം വരട്ടെ, നേരിടാം.’ എന്ന് അർജുൻ പറഞ്ഞു. തന്റെ മൊബൈൽ ഫോൺ പോലീസിന് കൈമാറിയിട്ടുണ്ടെന്നും ഇയാൾ അവകാശപ്പെട്ടു.