അരിയിൽ ഷുക്കൂർ വധം: സുപ്രധാന വിധി അൽപസമയത്തിനകം; പി. ജയരാജനും ടി.വി രാജേഷിനും നിർണായകം

#ന്യൂസ് ഡെസ്ക്
Photo: Screengrab/ MathrubhumiNews
Photo: Screengrab/ MathrubhumiNews

കൊച്ചി: യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസിൽ എറണാകുളത്തെ പ്രത്യേക സി.ബി.ഐ. കോടതിയുടെ വിധി ഉടൻ. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ, സംസ്ഥാനസമിതിയംഗം ടി.വി. രാജേഷ് എന്നിവർ പ്രതിപ്പട്ടികയിലുള്ള കേസിൽ, സംഭവം നടന്നത് 14 വർഷത്തിനുശേഷമാണ് വിധിവരുന്നത്. 

വിധി വരുന്നതിന്റെ പശ്ചാത്തലത്തിൽ അരിയിൽ ജുമാ മസ്ജിദിന് സമീപവും ഷുക്കൂറിന്റെ വീടിനടുത്തും വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതികൾ കോടതിയിൽ എത്തിയിട്ടുണ്ട്.

ജയരാജനും രാജേഷും ഉൾപ്പെടെ 33 സി.പി.എം. പ്രവർത്തകരാണ് കേസിലെ പ്രതികൾ. ഇതിൽ രണ്ടുപേർ നേരത്തെ മരിച്ചിരുന്നു. 32-ാം പ്രതിയാണ് ജയരാജൻ. രാജേഷ് 33-ാം പ്രതിയും. ഗൂഢാലോചനക്കേസിൽ പ്രതികളായ പി. ജയരാജന്റെയും ടി.വി. രാജേഷിന്റെയും കാര്യത്തിലുണ്ടാവുന്ന വിധിയാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. 

സുമേഷാണ് കേസിൽ ഒന്നാംപ്രതി. പി. ഗണേശൻ, അനൂപ്, വിജേഷ്, കെ. പ്രകാശൻ എന്നിവരാണ് അഞ്ചുവരെയുള്ള പ്രതികൾ. കേസിലെ പ്രധാന സാക്ഷിയായ സക്കറിയ 23 പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു.

2012 ഫെബ്രുവരി 20-നാണ് തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയായ ഷുക്കൂർ കണ്ണപുരത്തിന് സമീപം കൊല്ലപ്പെട്ടത്. പി. ജയരാജനെയും ടി.വി. രാജേഷിനെയും ആക്രമിച്ചെന്നാരോപിച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

Content Highlights: Special CBI Court verdict in the Ariyil Shukoor murder case after 14 years., CPM leaders P. Jayarajan and T.V. Rajesh are accused 32 and 33 respectively., Tight security has been implemented in Ariyill following the impending verdict., Shukoor was killed on February 20, 2012, in Kannur.