'സംശയം ചോദിച്ചാൽ കിടപ്പുമുറിയിലേക്ക് വരാൻപറയും'; പീഡനപരാതിയിൽ അണ്ണാ സർവകലാശാലയിലെ അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ: വിദ്യാർഥിനിയുടെ ലൈംഗികപീഡനപരാതിയിൽ അണ്ണാ സർവകലാശാലയിലെ അധ്യാപകനെ പോലീസ് അറസ്റ്റുചെയ്തു. സർവകലാശാലയിലെ അവസാനവർഷ എൻജിനിയറിങ് വിദ്യാർഥിനിയാണ് അധ്യാപകൻ ജ്ഞാനവേൽ ബാബുവിനെതിരേ ചെന്നൈ സിറ്റി പോലിസ് കമ്മിഷണർക്ക് പരാതി നൽകിയത്. സംഭവത്തെത്തുടർന്ന് അണ്ണാ സർവകലാശാലയ്ക്കുമുന്നിൽ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി.
അധ്യാപകനെതിരേ വകുപ്പുതല നടപടിയെടുക്കണമെന്നും അറസ്റ്റുചെയ്ത് ശിക്ഷ നൽകണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. പ്രശ്‌നം രൂക്ഷമാകാൻ തുടങ്ങിയതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. തുടർന്നാണ് തിരുനെൽവേലിയിൽ ഒളിവിൽക്കഴിഞ്ഞ ജ്ഞാനവേലിനെ അറസ്റ്റുചെയ്തത്. സർവകലാശാലയുടെ സസ്‌പെൻഷൻ നടപടിക്കു തൊട്ടുപിന്നാലെയായിരുന്നു ഇയാളുടെ അറസ്റ്റ്. ചെന്നൈ കോട്ടൂർപുരം വനിതാ പോലീസ് സ്റ്റേഷനിൽ ഇയാളുടെപേരിൽ രണ്ടു വകുപ്പുകളിൽ കേസെടുത്തു. അറസ്റ്റിനുശേഷം നാലു വിദ്യാർഥികൾകൂടി ഇയാൾക്കെതിരേ പീഡനപരാതി നൽകി.
കഴിഞ്ഞ മൂന്നുവർഷമായി അധ്യാപകൻ ലൈംഗികോപദ്രവം തുടർന്നെന്ന് വിദ്യാർഥിനിയുടെ പരാതിയിൽ പറയുന്നു. പഠനവിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിച്ചാൽ കിടപ്പുമുറിയിലേക്കു വരാനാണ് ആവശ്യപ്പെടുക. രാത്രി വൈകിയും നിരന്തരം ശല്യപ്പെടുത്തൽ തുടർന്നു. വിവരം പുറത്തുപറഞ്ഞാൽ വകവരുത്തുമെന്നുവരെ ഭീഷണിപ്പെടുത്തി. ശല്യം സഹിക്കാൻ പറ്റാതായപ്പോൾ അധ്യാപകന്റെ മൊബൈൽനമ്പർ ബ്ലോക്ക് ചെയ്തു.
സാമൂഹികമാധ്യമങ്ങളിൽനിന്ന് ഒഴിവാക്കി. എങ്കിലും തന്റെ സുഹൃത്തുക്കളെ വിളിച്ച് വിവരം അന്വേഷിച്ച് ഉപദ്രവം തുടരുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. കോളേജിലെ മറ്റു ചില വിദ്യാർഥിനികളെയും അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഭയംമൂലം അവർ പോലീസിൽ പരാതി നൽകാതിരുന്നതാണെന്നും വിദ്യാർഥിനിയുടെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
തനിക്കൊപ്പം, മറ്റു വിദ്യാർഥിനികളുടെ പരാതികളിലും അധ്യാപകനെതിരേ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടു.
Content Highlights: Anna University professor Gnanavel Babu arrested following student complaints., Multiple students reported consistent sexual harassment over three years., University has suspended the accused professor., Police investigation intensified following student protests on campus.