ആക്രിക്കച്ചവടത്തിൽനിന്ന് മയക്കുമരുന്ന് വിൽപ്പനയിലേക്ക്‌; ഹെറോയിൻ വിൽപ്പന സംഘത്തിലെ ‘ദാദ’ പിടിയിൽ

#ന്യൂസ് ഡെസ്ക്
ഷെഫീഖുൾ ഇസ്ലാം, കണ്ടെടുത്ത മയക്കുമരുന്ന് നിറയ്ക്കാൻ ഉപയോഗിക്കുന്ന ബോട്ടിലുകൾ
ഷെഫീഖുൾ ഇസ്ലാം, കണ്ടെടുത്ത മയക്കുമരുന്ന് നിറയ്ക്കാൻ ഉപയോഗിക്കുന്ന ബോട്ടിലുകൾ

അങ്കമാലി: കേരളത്തിൽ ഹെറോയിൻ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. അസം നാഗൗൺ സ്വദേശി ഷെഫീഖുൾ ഇസ്ലാമിനെ(38)യാണ് ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

അങ്കമാലിയിൽ ലക്ഷങ്ങൾ വിലവരുന്ന 609 ഗ്രാം ഹെറോയിനുമായി മൂന്ന് ഇതരസംസ്ഥാനത്തൊഴിലാളികളെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടരന്വേഷണത്തിലാണ് ഇയാൾ വലയിലായത്. മയക്കുമരുന്ന് കച്ചവടക്കാർക്കിടയിൽ 'ദാദാ' എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.

കേരളത്തിൽ വന്നിട്ട് പത്തുവർഷത്തോളമായി. പല പ്ലൈവുഡ് കമ്പനികളിലും ജോലിചെയ്തു. പിന്നീട് ആക്രിക്കച്ചവടം നടത്തി. തുടർന്ന് മയക്കുമരുന്ന് വിൽപ്പനയിലേക്ക്‌ മാറുകയായിരുന്നു. ഇയാൾ ആഡംബരജീവിതമാണ് നയിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. അസമിലേക്കും കൊച്ചിയിലേക്കും വിമാനമാർഗമാണ് സഞ്ചരിച്ചിരുന്നത്. അസമിൽ നിന്ന് 30,000 രൂപയ്ക്ക് എത്തിക്കുന്ന ഒരു ബോക്സ് ഹെറോയിൻ ഇവിടെ 80,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വിലയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്. കൂടാതെ ചെറിയ ബോട്ടിലുകളിലാക്കി, ഒരു ബോട്ടിലിന് ആയിരം രൂപ നിരക്കിലും വിൽപ്പന നടത്തിയിരുന്നു. പെരുമ്പാവൂരായിരുന്നു ഇയാളുടെ പ്രധാന മേഖല.

ജില്ലയിൽ വിവിധ ഇടങ്ങളിൽ ഇയാൾ വീടുകൾ വാടകയ്ക്കെടുത്തിരുന്നു. പോലീസിന്റെയും ജനങ്ങളുടെയും ശ്രദ്ധയിൽപ്പെടാത്ത ഇടങ്ങളിലായിരുന്നു വീടുകൾ തിരഞ്ഞെടുത്തിരുന്നത്. പെരുമ്പാവൂർ പോഞ്ഞാശ്ശേരി ഭാഗത്ത് ഇയാൾ വാടകയ്ക്കെടുത്തിരുന്ന വീട്ടിൽനിന്ന് രണ്ട് ചാക്കുകളിലായി, മയക്കുമരുന്ന് നിറയ്ക്കാൻ ഉപയോഗിക്കുന്ന നൂറുകണക്കിന് ചെറിയ ബോട്ടിലുകൾ പോലീസ് കണ്ടെത്തി.

ആക്രിക്കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്ന ഇയാളുടെ അക്കൗണ്ടുകളിലൂടെ ലക്ഷങ്ങളുടെ ഇടപാടാണ് നടന്നിട്ടുള്ളത്. ഇയാളുടെ കീഴിലുള്ള മൂന്നംഗ സംഘം അസമിൽനിന്ന് കാർമാർഗം മയക്കുമരുന്ന് കടത്തവേ നേരത്തേ അന്വേഷണസംഘത്തിന്റെ പിടിയിലായിരുന്നു. കാറിന്റെ രഹസ്യഅറകളിൽ ബാഗുകളിൽ സോപ്പുപെട്ടിയിലാക്കിയാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്.

പെരുമ്പാവൂർ എ.എസ്.പി. ഹാർദിക് മീണ, ആലുവ ഡിവൈ.എസ്.പി. എൻ. ബാബുക്കുട്ടൻ, നെടുമ്പാശ്ശേരി ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്.ഐ.മാരായ കെ.പി. വിജു, ജിഷ്ണു രാജു, എ.എസ്.ഐ. പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒ.മാരായ ടി.എ. അഫ്‌സൽ, ബെന്നി ഐസക്, അജിതാ തിലകൻ, റോബിൻ ജോയി എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

Content Highlights: Key heroin trafficker known as 'Dada' arrested in Angamaly., Operated under the guise of scrap dealing for 10 years., Used secret compartments in cars and flight travel for trafficking., High profit margins: bought for 30k, sold for up to 1 lakh., Police recovered hundreds of drug-packaging bottles in Ponjassery.