സിമന്റ് നിർമാണത്തിന്റെ മറവിൽ വ്യാജമദ്യ നിർമാണം; 1248 ലിറ്റർ സ്പിരിറ്റ് പിടിച്ചു, രണ്ടുപേർ അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
അങ്കമാലിയിൽ പിടികൂടിയ സ്പിരിറ്റ്, ഇൻസൈറ്റിൽ അറസ്റ്റിലായ രതീഷും സന്തോഷും
അങ്കമാലിയിൽ പിടികൂടിയ സ്പിരിറ്റ്, ഇൻസൈറ്റിൽ അറസ്റ്റിലായ രതീഷും സന്തോഷും

അങ്കമാലി: വ്യാജമദ്യം നിർമിക്കാൻ ലക്ഷ്യമിട്ട് അങ്കമാലിലെത്തിച്ച 1248 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊല്ലം ചാത്തന്നൂർ പി.ജെ. നിവാസിൽ രതീഷ് (40), പറവൂർ ചെറിയപല്ലംതുരുത്ത് കാക്കനാട്ടുവീട്ടിൽ സന്തോഷ് (57) എന്നിവരാണ് പിടിയിലായത്.

കോതകുളങ്ങരയിൽ സിമന്റ് കട്ട നിർമാണ യൂണിറ്റിൽ നിന്നാണ് സ്പിരിറ്റ് പിടിച്ചത്. സിമന്റ് നിർമാണത്തിന്റെ മറവിൽ വ്യാജമദ്യം തയ്യാറാക്കുകയായിരുന്നു എന്നാണ് വിവരം. സ്പിരിറ്റ് എത്തിച്ച് മദ്യമാക്കി ചെറിയ കുപ്പികളിലാക്കി വിൽപ്പന നടത്തുകയായിരുന്നു.

കട്ട നിർമാണ യൂണിറ്റിനോട് ചേർന്നുള്ള മുറിയിൽനിന്ന് 500 മില്ലിലിറ്ററിന്റെ നൂറോളം പ്ലാസ്റ്റിക് കുപ്പികളും കണ്ടെടുത്തു. കൂടാതെ സ്റ്റിക്കറുകളും പിടിച്ചെടുത്തിട്ടുണ്ട്. ഓണക്കാലത്തോടനുബന്ധിച്ച് എക്സൈസിന്റെ ഓപ്പറേഷൻ തണ്ടർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനകളിലാണ് സ്പിരിറ്റ് പിടികൂടിയത്. വാഹനത്തിൽ നിന്ന് സ്പിരിറ്റ് ഇറക്കുമ്പോഴാണ് എക്സൈസ് സംഘമെത്തിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പിടികൂടിയത്. സ്പിരിറ്റ് കടത്തികൊണ്ടുവന്ന വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

കർണാടകയിൽനിന്ന് പിക്കപ്പ് വാനിൽ ഉമിച്ചാക്കുകൾക്ക് അടിയിൽ കന്നാസുകൾ നിരത്തിവെച്ചാണ് സ്പിരിറ്റ് അങ്കമാലിയിൽ എത്തിച്ചത്. 39 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കൊടുങ്ങല്ലൂരിൽ സ്പിരിറ്റുമായി പിടിയിലായ സംഘത്തിൽ നിന്നുള്ള വിവരങ്ങളെ തുടർന്നാണ് എക്സൈസ് അങ്കമാലിയിൽ പരിശോധന കർശനമാക്കിയത്.

അങ്കമാലി സ്വദേശി ബൈജുവാണ് ബ്രിക്സ് യൂണിറ്റ് വാടകയ്ക്ക് എടുത്ത് നടത്തുന്നത്. കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് അന്വേഷിച്ചുവരുന്നു. പിടിയിലായ പ്രതികൾ മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒന്നാം പ്രതി രതീഷിന് എതിരേ കാപ്പ ചുമത്തിയിട്ടുണ്ട്. സന്തോഷിന്റെ പേരിലും മയക്കുമരുന്ന് കേസുണ്ട്.

Content Highlights: Excise officials seize 1248 liters of spirit hidden at a brick manufacturing unit in Angamaly.