പിതൃത്വപരിശോധനയ്ക്ക് തയ്യാറായില്ല, പിന്നീട് കൊലപാതകം; പോലീസ് തിരഞ്ഞത് ഉത്തരേന്ത്യ മുഴുവനും

അറസ്റ്റിലായ പ്രതികൾ, ഇൻസൈറ്റിൽ കൊല്ലപ്പെട്ട രഞ്ജിനി
അറസ്റ്റിലായ പ്രതികൾ, ഇൻസൈറ്റിൽ കൊല്ലപ്പെട്ട രഞ്ജിനി

അഞ്ചല്‍: 2006 ഫെബ്രുവരി 10-നാണ് അഞ്ചല്‍ അലയമണ്‍ രജനിവിലാസത്തില്‍ രഞ്ജിനിയെയും 17 ദിവസം പ്രായമുള്ള ഇരട്ട പെണ്‍കുഞ്ഞുങ്ങളെയും ഏറത്തെ വാടകവീട്ടില്‍ കൊലചെയ്യപ്പെട്ടനിലയില്‍ കണ്ടെത്തിയത്. രഞ്ജിനിയുടെ കഴുത്തിലും നെഞ്ചിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. കുഞ്ഞുങ്ങള്‍ കഴുത്തറ്റനിലയിലായിരുന്നു. 2006 ജനുവരി 24-ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലാണ് രഞ്ജിനി രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മംനല്‍കിയത്.

ആശുപത്രിയില്‍ അനില്‍കുമാര്‍ എന്നു പരിചയപ്പെടുത്തിയ രാജേഷ് ഇവരെ സഹായിക്കാന്‍ എത്തിയിരുന്നു. ഫെബ്രുവരി മൂന്നിന് ആശുപത്രിവിട്ട രഞ്ജിനിയെ കാറില്‍ ഏറത്തെ വാടകവീട്ടില്‍ എത്തിച്ചതും ഇയാളാണ്. സംഭവദിവസം രാവിലെ ഇയാള്‍ വീട്ടിലെത്തി രഞ്ജിനിയെയും കുഞ്ഞുങ്ങളെയും കണ്ടിരുന്നു. രഞ്ജിനിയുടെ അമ്മ ശാന്തമ്മ കുട്ടികളെ കുളിപ്പിച്ചു കിടത്തിയശേഷം സ്വന്തം വീട്ടിലേക്കു പോയ സമയത്തായിരുന്നു കൊലപാതകം. തിരിച്ചെത്തിയപ്പോഴാണ് ഇവരെ മരിച്ചനിലയില്‍ കണ്ടത്.

രഞ്ജിനിയും ദിവില്‍കുമാറും പ്രണയത്തിലായിരുന്നെന്നും തന്നെ വിവാഹവാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് ഗര്‍ഭിണിയാക്കി കടന്നുകളഞ്ഞെന്നും ആരോപിച്ച് രഞ്ജിനി വനിതാ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. സൈനികനെ ജോലിസ്ഥലത്തുനിന്ന് നാട്ടിലെത്തിച്ച് പിതൃത്വപരിശോധനയ്ക്കു വിധേയമാക്കണമെന്ന് വനിതാ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ദിവില്‍കുമാര്‍ ഹാജരായില്ല. പഞ്ചാബില്‍ സൈന്യത്തില്‍ ജോലിചെയ്തിരുന്ന രാജേഷും ദിവില്‍കുമാറും സുഹൃത്തുക്കളായിരുന്നു. പ്രസവത്തിനായി തിരുവനന്തപുരത്തെ എസ്.എ.ടി. ആശുപത്രിയിലെത്തിയ രഞ്ജിനിയെയും അമ്മയെയും കൊല്ലം സ്വദേശിയായ അനില്‍കുമാറാണെന്ന് രാജേഷ് സ്വയം പരിചയപ്പെടുത്തിയശേഷം ആശുപത്രിയില്‍ ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്തുകൊടുത്തു. ഇവരോടൊപ്പം അഞ്ചല്‍ ഏറത്തെ വാടകവീട്ടിലെത്തി കൊലപാതകം നടത്തി കടന്നുകളയുകയും ചെയ്തു.

തുടര്‍ന്ന് ഉത്തരേന്ത്യയിലെത്തിയ ഇരുവരെയും പിന്തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും രക്ഷപ്പെട്ടു. സംഭവത്തിനുശേഷം എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് തിരുവനന്തപുരത്തുനിന്ന് പണമെടുത്തതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഫെബ്രുവരി 19-ന് മഹാരാഷ്ട്രയിലെ നാസിക്കിലെ എ.ടി.എം.കൗണ്ടറില്‍നിന്ന് ഇവര്‍ പണമെടുത്തു.

പോലീസ് എത്തിയെങ്കിലും ഇവര്‍ നാഗ്പുരിലേക്ക് മുങ്ങി. വിവിധ സ്ഥലങ്ങളില്‍വെച്ച് ഇവര്‍ പണം പിന്‍വലിച്ചതായി പിന്നീട് കണ്ടെത്തിയിരുന്നു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല. പിന്നീട് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും രണ്ടുലക്ഷം രൂപവരെ ഇനാം പ്രഖ്യാപിക്കുകയും ചെയ്തു. രഞ്ജിനിയുടെ അമ്മ ശാന്തമ്മ ഹൈക്കോടതിയെ സമീപിച്ച് അന്വേഷണം സി.ബി.ഐ.ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് 2010-ലാണ് കേസ് സി.ബി.ഐ. ഏറ്റെടുത്തത്.

രാജേഷിന്റെ അറസ്റ്റ് അദ്ഭുതംകൂറി നാട്ടുകാര്‍

ശ്രീകണ്ഠപുരം (കണ്ണൂര്‍):  'ഇപ്പോഴാണോ അറസ്റ്റിലാകുന്നത്... ഇത്രയുംനാള്‍ എവിടെയായിരുന്നു'. അഞ്ചല്‍ കൊലക്കേസിലെ രണ്ടാംപ്രതി രാജേഷ് കുമാര്‍ 19 വര്‍ഷത്തിനുശേഷം അറസ്റ്റിലായതറിഞ്ഞ് അദ്ഭുതംകൂറുകയാണ്. ശ്രീകണ്ഠപുരം കുട്ടുംമുഖത്തെ നാട്ടുകാര്‍ക്ക് ഇത്രയും കാലം രാജേഷ് ഒളിവിലായിരുന്നെന്ന് വിശ്വസിക്കാനാകുന്നില്ല. സംഭവത്തിനുശേഷം നാടുമായോ വീട്ടുകാരുമായോ ബന്ധുക്കളുമായോ ഒരു ബന്ധവുമില്ലായിരുന്നു.

അധികമാരോടും സംസാരിക്കാത്ത സൗമ്യനായ വ്യക്തിയായിരുന്നു രാജേഷെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇയാള്‍ കൊലപാതകിയായത് എങ്ങനെയെന്നതിന് ഉത്തരം തേടുകയായിരുന്നു 19 വര്‍ഷമായി ബന്ധുക്കളും നാട്ടുകാരും. ഒപ്പം അയാള്‍ എവിടെയുണ്ടെന്നറിയാനുള്ള ആകാംക്ഷയും. കൊലപാതകത്തെപ്പറ്റി അറിഞ്ഞപ്പോള്‍ ഇങ്ങനെയൊരു മകനില്ലെന്നാണ് അന്ന് ഇയാളുടെ മാതാപിതാക്കള്‍ പറഞ്ഞത്. പിന്നീട് കുറെ വര്‍ഷം പോലീസ് നിരന്തരം ഇയാളെ അന്വേഷിച്ചെത്താറുണ്ടെന്നും പ്രദേശവാസികള്‍ ഓര്‍ക്കുന്നു.

2006-ലാണ് കൊല്ലം ജില്ലയിലെ അഞ്ചലില്‍ രഞ്ജിനി എന്ന യുവതിയെും അവരുടെ ഇരട്ടക്കുട്ടികളെയും ദിവില്‍ കുമാറും രാജേഷും ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പത്താംകോട്ട് റെജിമെന്റില്‍ സൈനികരായിരുന്നു ദിവിലും രാജേഷും. രഞ്ജിനിയെ പ്രസവത്തിനായി എസ്.ഐ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ദിവിലിന്റെ സുഹൃത്താണെന്ന് പറഞ്ഞ് രാജേഷ് സമീപിക്കുകയും രഞ്ജിനിയെയും കുഞ്ഞുങ്ങളെയും ദിവില്‍ ഏറ്റെടുക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്ന് വാക്കു കൊടുക്കുകയും ചെയ്തിരുന്നെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് കുടുംബവുമായി അടുപ്പമുണ്ടാക്കിയശേഷമാണ് രാജേഷ് ദിവിലിനൊപ്പം ക്രൂരകൃത്യത്തില്‍ പങ്കാളിയായത്. രഞ്ജിനിയുടെ വീട്ടുകാരുടെ വിശ്വാസ്യത നേടിയെടുത്ത് വീട്ടില്‍ വരാനുള്ള സാഹചര്യം ഒരുക്കിയതും രാജേഷായിരുന്നു.

Content Highlights: Anchal Triple Murder: Two accussed