കാസർകോടും അനന്തുവിന്റെ തട്ടിപ്പ്; 40 സ്‌കൂട്ടറുകൾ നൽകി, പിന്നെ പണമടച്ചിട്ടും വാഹനമില്ല, 30 ലക്ഷംപോയി

അനന്തുകൃഷ്ണന്‍ | Photo Courtesy: facebook.com/ananthu.krishnan.566790
അനന്തുകൃഷ്ണന്‍ | Photo Courtesy: facebook.com/ananthu.krishnan.566790

കാസര്‍കോട്: പാതിവിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് അനന്തുകൃഷ്ണന്‍ നടത്തിയ വ്യാപകതട്ടിപ്പില്‍ കാസര്‍കോട്ടും പരാതി. കാസര്‍കോട് കുമ്പഡാജെ പഞ്ചായത്തിലെ മൈത്രി വായനശാല വഴിയാണ് അനന്തുകൃഷ്ണന്‍ സ്‌കൂട്ടര്‍ തട്ടിപ്പ് നടത്തിയത്. അനന്തുവിന്റെ സ്‌കൂട്ടര്‍ തട്ടിപ്പില്‍ ഏകദേശം 30 ലക്ഷം രൂപ നഷ്ടമായതായി വായനശാല ഭാരവാഹികള്‍ പറഞ്ഞു. 

കുമ്പഡാജെ പഞ്ചായത്തിലെ മൈത്രി വായനശാല വഴിയാണ് അനന്തുകൃഷ്ണന്‍ സ്‌കൂട്ടര്‍,ലാപ്്‌ടോപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തിയിരുന്നത്. നേരത്തെ പണം അടച്ചതുപ്രകാരം 40 സ്‌കൂട്ടറുകളും 75 ലാപ്‌ടോപ്പും 250 തയ്യല്‍മെഷീനുകളും ലഭിച്ചതായി വായനശാല ഭാരവാഹികള്‍ പറഞ്ഞു. ഇതിനുശേഷമാണ് 36 സ്‌കൂട്ടറുകള്‍ക്കും 36 ലാപ്‌ടോപ്പുകള്‍ക്കും പണം അടച്ചത്. എന്നാല്‍, ഈ സ്‌കൂട്ടറുകളും ലാപ്‌ടോപ്പുകളും നല്‍കാതെ അനന്തുകൃഷ്ണനും സംഘവും കബളിപ്പിച്ചതായാണ് പരാതി. 

തട്ടിപ്പുകേസില്‍ അറസ്റ്റിലാകുന്നതിന് ഏതാനുംദിവസം മുന്‍പുവരെ അനന്തുകൃഷ്ണന്‍ വായനശാല ഭാരവാഹികളെ എറണാകുളത്ത് നടന്ന യോഗത്തിലേക്ക് വിളിച്ചുവരുത്തിയിരുന്നു. എത്രയുംപെട്ടെന്ന് സ്‌കൂട്ടറുകളും ലാപ്‌ടോപ്പുകളും നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, ഇതിനുപിന്നാലെയാണ് അനന്തുകൃഷ്ണന്‍ അറസ്റ്റിലായ വാര്‍ത്തയറിഞ്ഞത്. 

സായ്ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍. ആനന്ദകുമാര്‍ വഴിയാണ് അനന്തുകൃഷ്ണനെ പരിചയപ്പെട്ടതെന്നാണ് വായനശാല ഭാരവാഹികള്‍ പറയുന്നത്. സംഭവത്തില്‍ ബദിയഡുക്ക പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. 


 

Content Highlights: ananthukrishnan ngo scooter scheme scam: complaints filed in kasargod