ആലുവയിൽ അഞ്ചുവയസ്സുകാരിയെ കൊന്നത് കഴുത്തുഞെരിച്ചെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; സഹായധനം കൈമാറി

കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തിന് ധനസഹായം കെെമാറി സർക്കാർ. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, പി. രാജീവ്, എം.ബി രാജേഷ് എന്നിവർ നേരിട്ടെത്തിയാണ് സഹായധനവുമായി ബന്ധപ്പെട്ട ഉത്തരവ് കെെമാറിയത്. സർക്കാർ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ ധനസഹായമാണ് കുടുംബത്തിന് കെെമാറിയത്.
കുടുംബത്തിന്റെ ജോയന്റ് അക്കൗണ്ടിലേക്ക് പണം നല്‍കാനാണ് തീരുമാനമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. പണം ഇന്നോ നാളെയോ കളക്ടറുടെ അക്കൗണ്ടിലേക്കെത്തും. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള ശാസ്ത്രീയമായ തെളിവുകള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. മികച്ച രീതിയില്‍ അന്വേഷണം മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, കുട്ടിയുടെ കൊലപാതകം കഴുത്ത് ഞെരിച്ചെന്ന് വ്യക്തമാക്കുന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കുട്ടി ലെെംഗിക പീഡനത്തിന് ഇരയായതായും റിപ്പോർട്ടിൽ പറയുന്നു. വ്യാഴാഴ്ച വെെകീട്ട് മൂന്നരയോടെ പ്രതിയെ ആലുവ മാര്‍ക്കറ്റില്‍ എത്തിച്ച് പോലീസ് സംഘം തെളിവെടുപ്പ് നടത്തി. തെളിവെടുപ്പില്‍ കുട്ടിയുടെ ഒരു ചെരിപ്പും കീറിയ വസ്ത്രത്തിന്റെ ഒരുഭാഗവും കണ്ടെടുത്തു.
കുറ്റകൃത്യത്തിൽ ഒരാൾ മാത്രമാണ് പ്രതിയെന്നാണ് നിലവിൽ പോലീസ് നൽകുന്ന വിവരം. പ്രതിയെക്കുറിച്ച് കൂടുതൽ വിവരം ലഭിക്കുന്നതിനായി കേരള പോലീസ് ഡൽഹിയിലേക്കും ബിഹാറിലേക്കും പോകുമെന്നും പോലീസ് അറിയിച്ചു. ഇയാൾ ഡൽഹിയിൽ സമാനമായ കുറ്റകൃത്യത്തിൽ പ്രതിയായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
Content Highlights: Aluva Murder; The child was killed by strangulation says post-mortem report