ആലുവയിൽ 12-കാരിയെ കാണാതായ സംഭവം; കുട്ടി കേരളംവിട്ടു, അന്വേഷണം ഊർജിതമാക്കിയതായി പോലീസ്

#സ്വന്തം ലേഖിക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ആലുവയിൽനിന്ന് പന്ത്രണ്ടുകാരിയെ കാണാതായ സംഭവത്തിൽ പോലീസ് കാര്യമായ ഇടപെടൽ നടത്തുന്നില്ല എന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നും മൂന്ന് ദിവസം കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്തുന്നതിനായി പോലീസ് കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

ആലുവ കരുമാലൂരിൽ നിന്ന് ശനിയാഴ്ച രാത്രിയാണ് കുട്ടിയെ കാണാതായത്. സംഭവദിവസം രാത്രി എട്ടരയോടെ കൂട്ടുകാരിയുടെ വീട്ടിൽനിന്നും പുസ്തകംവാങ്ങി വരാമെന്ന് പറഞ്ഞ് പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.

പോകുമ്പോൾ കുട്ടിയുടെ കൈയിൽ അമ്മയുടെ മൊബൈൽഫോണും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഫോൺ സ്വിച്ച്ഓഫ് ആവുകയായിരുന്നു. അവസാനമായി ടവർ ലൊക്കേഷൻ കാണിച്ചത് കാസർകോടാണ്.

'വീട്ടിൽ നിന്നിരുന്ന വേഷത്തിലാണ് അവൾ പോയത്. അവിടെയും ഇവിടെയും എത്തി എന്നുമാത്രമാണ് പോലീസ് പറയുന്നത്. ഇതുവരെയും കുട്ടിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അവളുടെ ഫോൺ ഇപ്പോഴും ഓഫ് ആണ്. പോലീസ് എത്തിക്കൊണ്ടിരിക്കുകയാണെന്ന് മാത്രമാണ് അവർ പറയുന്നത് - കുടുംബം പറയുന്നു.

അതേസമയം പെൺകുട്ടിയെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതപ്പെടുത്തിയതായും അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചതായും ആലങ്ങാട് പോലീസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 'പെൺകുട്ടി കേരളം വിട്ടതായാണ് വിവരം. എത്രയും വേഗത്തിൽ കുട്ടിയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.' പോലീസ് പറഞ്ഞു.

Content Highlights: A 12-year-old girl went missing from Karumalloor, Aluva on Saturday night. Family alleges police negligence in the initial investigation phase. Last mobile tower location was traced to Kasaragod. Police confirmed the girl has left Kerala; investigation expanded to other states.