ആ രക്തക്കറ കഴുകി കളയാനാകില്ല, ഈ കണ്ണീരിന് മാപ്പില്ല; അസ്ഫാക് ശിക്ഷിക്കപ്പെട്ടത് ഈ കുറ്റങ്ങള്‍ക്ക്

കൊച്ചി: ആലുവയിലെ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം യാതൊരു കുറ്റബോധവുമില്ലാതെ മാര്‍ക്കറ്റിന് സമീപത്തെ പൊതുടാപ്പില്‍ വന്ന് അഞ്ച് മിനിറ്റോളമാണ് അസ്ഫാക് ആലമെന്ന കൊടുംക്രൂരന്‍ രക്തക്കറ കഴുകി കളഞ്ഞത്. കുറ്റബോധമേതുമേയില്ലാത്ത കൊടുംകുറ്റവാളിയുടെ, ഭാവഭേദമേതുമില്ലാത്ത മുഖമാണ് കോടതി മുറിക്കുള്ളിലും വിചാരണ വേളയില്‍ കണ്ടത്. വധശിക്ഷയെന്ന് കേട്ടപ്പോള്‍ മാത്രം കരഞ്ഞ അസ്ഫാക്കിന് എറണാകുളം പോക്സോ കോടതി നല്‍കിയ 'വധശിക്ഷ'യെന്ന വിധിയാകട്ടെ കേരളം കാത്തിരുന്നതും.
ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആല(28)ത്തിനാണ് ശിശുദിനത്തില്‍ എറണാകുളം പോക്സോ കോടതി വധശിക്ഷക്ക് വിധിച്ചത്. എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമന്‍ ആണ് വധശിക്ഷ വിധിച്ചത്. പോക്സോ നിയമം പ്രാബല്യത്തില്‍ വന്നതിന്റെ 11-ാം വാര്‍ഷികദിനത്തിലാണ് ആലുവ കേസിന്റെ ശിക്ഷാവിധി എത്തിയിരിക്കുന്നത്. 16 കുറ്റങ്ങളില്‍ 13 കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. മൂന്ന് കുറ്റങ്ങള്‍ ആവര്‍ത്തിച്ചുവന്നിരിക്കുന്നതിനാലാണ് 13 കുറ്റങ്ങളില്‍ മാത്രം ശിക്ഷവിധിക്കുന്നതെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദമുന്നയിച്ചത്. പ്രതി ജീവിച്ചിരുന്നാല്‍ ജനിക്കാനിരിക്കുന്ന കുട്ടികള്‍ക്കുപോലും ഭീഷണിയാകുമെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ വാദം ഉന്നയിച്ചിരുന്നു. ഇക്കാര്യം തന്നെ വിധി ന്യായത്തിലും കോടതി വ്യക്തമാക്കുന്നുണ്ട്. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കിയില്ലെങ്കില്‍ കോടതി പരാജയപ്പെടുമെന്ന് വിധിന്യായത്തില്‍ പറയുന്നു.
വിചാരണ വേളയില്‍ കുലുക്കമില്ലാതെ പ്രതി
വിചാരണ വേളയിലെങ്ങും കോടതി മുറിക്കുള്ളില്‍ തല കുനിച്ച് നിന്നുവെന്നതൊഴിച്ചാല്‍ കുറ്റബോധത്തിന്റെ കണിക പോലും പ്രതിയുടെ മുഖത്തുണ്ടായിരുന്നില്ല. കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹത്തിന്റെ ഫോട്ടോ കാണിച്ചപ്പോള്‍ കോടതി മുറിക്കുള്ളിലുണ്ടായിരുന്ന അഭിഭാഷകരെല്ലാം തല തിരിച്ചപ്പോഴും പ്രതിക്ക് മാത്രം യാതൊരു കൂസലുമില്ലായിരുന്നു. കുറ്റക്കാരനായി കണ്ടെത്തിയെന്ന് വിവരം അഭിഭാഷക പ്രതിയോട് പറഞ്ഞപ്പോള്‍ മാത്രമാണ് അയാളുടെ മുഖത്ത് തെല്ല് പതര്‍ച്ചയുണ്ടായത്. അവസാന ദിവസം വിധിയെപ്പറ്റി എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ നീതിയുക്തമായത് തീരുമാനിക്കാമെന്നായിരുന്നു പ്രതിയുടെ മറുപടി. വധശിക്ഷയെന്ന് അറിഞ്ഞപ്പോള്‍ മാത്രമാണ് പ്രതിയായ അസ്ഫാക് ആലം കരഞ്ഞത്.
പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയിരിക്കുന്ന വകുപ്പുകള്‍
1. 201 ഐ.പി.സി.- പ്രകാരം തെളിവു നശിപ്പിക്കലിന് പ്രതിക്ക് അഞ്ച് വര്‍ഷത്തെ കഠിന തടവിനും പതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസത്തെ കഠിന തടവ് അധികമായി അനുഭവിക്കണം.
2. 297 ഐ.പി.സി.-മൃതശരീരത്തോടുള്ള അതിക്രമത്തിന് പ്രതിക്ക് ഒരു വര്‍ഷത്തെ കഠിന തടവിനാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
3. 364 ഐ.പി.സി.- കൊല്ലാനായി തട്ടിക്കൊണ്ടുപോയ കുറ്റത്തിന് പത്ത് വര്‍ഷത്തെ കഠിന തടവും 25000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ പകരം ആറ് മാസത്തെ അധിക ശിക്ഷ അനുഭവിക്കണം.
4. 366 എ. ഐ.പി.സി.- പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരേയുള്ള ലൈംഗികാതിക്രമക്കുറ്റത്തിന് പത്ത് വര്‍ഷത്തെ കഠിന തടവും 25,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ പകരം ആറ് മാസത്തെ അധിക ശിക്ഷ അനുഭവിക്കണം.
5. 367 ഐ.പി.സി.- വലിയതോതില്‍ മുറിവേല്‍പ്പിക്കാനായി തട്ടിക്കൊണ്ടുപോയ കുറ്റത്തിന് പത്ത് വര്‍ഷത്തെ കഠിന തടവും 25.000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ പകരം ആറ് മാസത്തെ അധിക ശിക്ഷ അനുഭവിക്കണം.
6. 328 ഐ.പി.സി.- ഉപദ്രവിക്കുന്നതിനായി ലഹരി നല്‍കിയ കുറ്റത്തിന് പത്ത് വര്‍ഷത്തെ കഠിന തടവും 25,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ പകരം ആറ് മാസത്തെ അധിക ശിക്ഷ അനുഭവിക്കണം.
7. 77 ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിക്ക് ലഹരിവസ്തു നല്‍കിയ കുറ്റത്തിന് മൂന്ന് വര്‍ഷത്തെ കഠിന തടവിനും പതിനായിരം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ പകരം മൂന്ന് മാസത്തെ അധിക ശിക്ഷ അനുഭവിക്കണം.
8. 376 (2) (ജെ) ഐ.പി.സി.- ലൈംഗികാതിക്രമകുറ്റത്തിന് ജീവിതാവസാനം വരെയുള്ള കഠിന തടവ് ശിക്ഷക്കും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുകയായ ഒരു ലക്ഷം രൂപ അടച്ചില്ലെങ്കില്‍ പകരം ഒരു വര്‍ഷത്തെ അധിക ശിക്ഷ അനുഭവിക്കണം.
9. 377 ഐ.പി.സി.- പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമക്കുറ്റത്തിന് ജീവപര്യന്തം കഠിന തടവ് ശിക്ഷക്കും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുകയായ ഒരു ലക്ഷം രൂപ അടച്ചില്ലെങ്കില്‍ പകരം ഒരു വര്‍ഷത്തെ അധിക ശിക്ഷ അനുഭവിക്കണം.
10. പോക്‌സോ നിയമം 5 (ഐ) പ്രകാരം ബലാത്സംഗത്തിനിടെ ലൈംഗികാവയവങ്ങളില്‍ പരിക്കേല്‍പ്പിക്കല്‍ കുറ്റത്തിന് ജീവിതാവസാനം വരെയുള്ള കഠിന തടവ് ശിക്ഷക്കും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുകയായ ഒരു ലക്ഷം രൂപ അടച്ചില്ലെങ്കില്‍ പകരം ഒരു വര്‍ഷത്തെ അധിക ശിക്ഷ അനുഭവിക്കണം.
11. പോക്‌സോ നിയമം 5 (എല്‍) ഒന്നില്‍ക്കൂടുതല്‍ തവണ ബലാത്സംഗം ചെയ്ത കുറ്റത്തിന് ജീവിതാവസാനം വരെയുള്ള കഠിന തടവ് ശിക്ഷക്കും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുകയായ ഒരു ലക്ഷം രൂപ അടച്ചില്ലെങ്കില്‍ പകരം ഒരു വര്‍ഷത്തെ അധിക ശിക്ഷ അനുഭവിക്കണം.
12. പോക്‌സോ നിയമം 5 ( എം ) പ്രകാരം പ്രകാരം പ്രകാരം ജീവിതാവസാനം വരെയുള്ള കഠിന തടവ് ശിക്ഷക്കും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുകയായ ഒരു ലക്ഷം രൂപ അടച്ചില്ലെങ്കില്‍ പകരം ഒരു വര്‍ഷത്തെ അധിക ശിക്ഷ അനുഭവിക്കണം.
13. 302 ഐ.പി.സി.- കൊലപാതകക്കുറ്റത്തിന് വധ ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴത്തുകയായ ഒരു ലക്ഷം രൂപ അടച്ചില്ലെങ്കില്‍ പകരം ഒരു വര്‍ഷത്തെ അധിക ശിക്ഷ അനുഭവിക്കണം.
വിധിക്ക് പിന്നാലെ കോടതിക്ക് പുറത്ത് മധുരവിതരണം, അഭിഭാഷകന് ഉമ്മ
അസ്ഫാക്ക് ആലത്തിന് വധ ശിക്ഷയെന്ന് കേട്ടതിന് പിന്നാലെ കോടതിക്ക് പുറത്ത് തടിച്ചു കൂടിയ ജനങ്ങള്‍ കൈയടിക്കുകയും ആര്‍പ്പുവിളിക്കുകയുമായിരുന്നു. തങ്ങള്‍ കാത്തിരുന്ന വിധിയാണെന്നും ഇത് മാതൃകാപരമായ ശിക്ഷാവിധിയെന്നുമാണ് അവിടെ കൂടിയിരുന്ന ജനങ്ങള്‍ പറയുന്നുണ്ടായിരുന്നു. പിന്നാലെ ആലുവയിലെ അമ്മമാര്‍ കേടതിക്ക് പുറത്ത് കൂടിയിരുന്ന ജനങ്ങള്‍ക്ക് മധുര വിതരണവും നടത്തി. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജിനോട് നന്ദി പറഞ്ഞും ഉമ്മ കൊടുത്തും ആലുവയിലെ അമ്മമാര്‍ തങ്ങളുടെ സന്തോഷം പങ്കുവെച്ചു.
വിധിയില്‍ പൂര്‍ണതൃപ്തനെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ്
കേസിലെ വിധിയില്‍ താന്‍ പൂര്‍ണതൃപ്തനാണെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങളിലെല്ലാം പരമാവധി ശിക്ഷ കോടതി വിധിച്ചിട്ടുണ്ട്. 302 വകുപ്പ് പ്രകാരമാണ് തൂക്കുകയര്‍ വിധിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ സ്ഥിരീകരണം ആവശ്യമാണ്. പോക്സോയേക്കാള്‍ പ്രാധാന്യം കൊലപാതകത്തിനാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: aluva girl rape murder case verdict full details