'പ്രകൃതിക്കുപോലും ആ യാത്ര തുടരരുതെന്നുണ്ടായിരുന്നു, പക്ഷേ, അത് മനുഷ്യന് തോന്നിയില്ല സാറേ...'

പ്രതി അസ്ഫാക് ആലത്തെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ | ഫയല്‍ചിത്രം | ഫോട്ടോ: ടി.കെ.പ്രദീപ്കുമാര്‍/ മാതൃഭൂമി
പ്രതി അസ്ഫാക് ആലത്തെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ | ഫയല്‍ചിത്രം | ഫോട്ടോ: ടി.കെ.പ്രദീപ്കുമാര്‍/ മാതൃഭൂമി

കൊച്ചി: 'പ്രകൃതിക്കുപോലും ആ യാത്ര തുടരരുതെന്നുണ്ടായിരുന്നു, പക്ഷേ അത് മനുഷ്യന് തോന്നിയില്ല സാറേ'... കോടതിയില്‍ സാക്ഷിമൊഴിനല്‍കാനെത്തിയപ്പോള്‍ ആറാം സാക്ഷി സുസ്മി പറഞ്ഞത് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ ജി. മോഹന്‍രാജിന് മറക്കാന്‍കഴിയില്ല. അത്ര വൈകാരികമായിട്ടായിരുന്നു സുസ്മിയുടെ പ്രതികരണം.

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്കാരംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ആകെ 99 സാക്ഷികളാണുണ്ടായിരുന്നത്.

പ്രതി അസ്ഫാക്ക് ആലം കുട്ടിയുമായി കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ക്കയറുമ്പോള്‍ ബസില്‍ സുസ്മിയുമുണ്ടായിരുന്നു. ഗാരേജ് സ്റ്റോപ്പില്‍നിന്നായിരുന്നു ഇവര്‍ ബസ്സില്‍ക്കയറിയത്. സുസ്മിയും അഞ്ചുകുട്ടികളും ആദ്യം ബസ്സില്‍ക്കയറി. പിന്നാലെ കുട്ടിയുമായി ഓടിയെത്തി പ്രതിയും കയറി. അപ്പോള്‍ കുട്ടിയുടെ കാലില്‍നിന്ന് ചെരിപ്പ് താഴേക്കുവീണു. ചെരിപ്പില്‍ തടഞ്ഞതിനാല്‍ ബസിന്റെ വാതിലടഞ്ഞില്ല. അതിനാല്‍ ഡ്രൈവര്‍ ബസും എടുത്തില്ല. ഡ്രൈവര്‍ പ്രതിയോട് കുട്ടിയുടെ ചെരിപ്പെടുക്കാന്‍ പറഞ്ഞു. തുടര്‍ന്നാണ് ബസ് എടുത്തതെന്നും സുസ്മി മൊഴിനല്‍കി.

സി.സി.ടി.വി. എല്ലാം കണ്ടു

കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നതിന്റെ ഏതാണ്ട് പൂര്‍ണമായ ദൃശ്യങ്ങള്‍ സി.സി.ടി.വി.യിലുണ്ടായിരുന്നു. കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയ ആലുവയിലെ ഡബ്ബിങ് യാര്‍ഡുവരെ പ്രതി കുട്ടിയെ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി.യിലുണ്ട്. തട്ടിക്കൊണ്ടുപോകല്‍ എങ്ങനെയാണെന്നതിന്റെ ശബ്ദിക്കുന്ന തെളിവായിരുന്നു അത്. കേസില്‍ സാക്ഷികളായവരും സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ടായിരുന്നു.

സാക്ഷിപറയാന്‍ എത്തിയപ്പോള്‍ ധരിച്ചതും അതേ വസ്ത്രം

സുസ്മി കോടതിയില്‍ സാക്ഷിപറയാന്‍ എത്തിയപ്പോഴും സംഭവദിവസം അവര്‍ ധരിച്ചിരുന്ന അതേവസ്ത്രംതന്നെ ധരിച്ചത് യാദൃച്ഛികമായിരുന്നു. പക്ഷേ, കേസില്‍ അതും നിര്‍ണായകമായി. ബസ്സില്‍ക്കയറാന്‍ നിന്നിരുന്നതിനു സമീപത്തെ കോഴിക്കടയിലെ സി.സി.ടി.വി.യിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നത്.

പാപം കഴുകിക്കളയാന്‍ 15 മിനിറ്റ്

കുട്ടിയെ കൊലപ്പെടുത്തിയശേഷം 15 മിനിറ്റോളമാണ് പ്രതി ആലുവ മാര്‍ക്കറ്റിലെ പൊതുടാപ്പില്‍ കൈകഴുകിയത്. ഈ ദൃശ്യവും സി.സി.ടി.വി.യില്‍ പതിഞ്ഞിരുന്നു. ശാസ്ത്രീയപരിശോധനകളില്‍ പ്രതിയുടെ ശരീരത്തില്‍ നിന്നെടുത്ത സാംപിളുകളില്‍നിന്ന് കുട്ടിയുടെ ഡി.എന്‍.എ.യുടെ സാന്നിധ്യം കണ്ടെത്തി. കുട്ടിയുടെ ശരീരത്തില്‍നിന്നെടുത്ത സാംപിളുകളില്‍ പ്രതിയുടെ ഡി.എന്‍.എ. സാന്നിധ്യവും ഉണ്ടായിരുന്നു. പ്രതിയുടെയും കുട്ടിയുടെയും നഖത്തിനുള്ളിലാണ് പരിശോധനയില്‍ ഡി.എന്‍.എ. കണ്ടെത്തിയത്.

Content Highlights: aluva girl rape murder case