ശിശുദിനം, പോക്‌സോ നിയമം പ്രാബല്യത്തില്‍ വന്നതിന്റെ 11-ാം വാര്‍ഷികം; ഇത് പാഠമാകുന്ന വിധി

അസ്ഫാക് ആലം | Photo: Screen grab/ Mathrubhumi News
അസ്ഫാക് ആലം | Photo: Screen grab/ Mathrubhumi News

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച ദിവസത്തിന് പ്രത്യേകതകളേറെ. നവംബര്‍ 14-ന് രാജ്യം ശിശുദിനം ആഘോഷിക്കുന്ന വേളയിലാണ് കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവര്‍ക്ക് പാഠമാകുന്ന വിധി എറണാകുളം പോക്‌സോ കോടതി പ്രഖ്യാപിച്ചത്. മാത്രമല്ല, രാജ്യത്ത് പോക്‌സോ നിയമം പ്രാബല്യത്തില്‍ വന്നതിന്റെ 11-ാം വാര്‍ഷികദിനത്തിലാണ് ആലുവ കേസില്‍ ശിക്ഷാവിധി പറഞ്ഞതെന്നതും ശ്രദ്ധേയമാണ്. 

ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാനായി 2012-ലാണ് പോക്‌സോ നിയമം (POCSO- Protection of Children from Sexual Offences Act 2012) രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. 2012 ജൂണ്‍ 19-ന് നിയമനിര്‍മാണം നടന്നു. 2012 നവംബര്‍ 14-ന് പോക്‌സോ നിയമം രാജ്യത്ത് പ്രാബല്യത്തിലായി.

ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ലൈംഗിക ചൂഷണത്തിനിരയാകുന്ന 18 വയസ്സിന് താഴെയുള്ള എല്ലാവര്‍ക്കും ഈ നിയമം സംരക്ഷണം നല്‍കുന്നു. കുട്ടികള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് പോക്‌സോ നിയമത്തിലുള്ളത്. 2019-ലെ ഭേദഗതി പ്രകാരം 16 വയസ്സിന് താഴെയുള്ളവരെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വരെ വിധിക്കാമെന്നും ഉത്തരവുണ്ടായി.


ആലുവ കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജിനെ എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാര്‍ അഭിനന്ദിക്കുന്നു | ഫോട്ടോ: അഭിലാഷ് ചിറക്കടവ്/ മാതൃഭൂമി

പോക്‌സോ നിയമം പ്രാബല്യത്തില്‍വന്നതിന് പിന്നാലെ കുട്ടികള്‍ ഇരയാകുന്ന ലൈംഗികപീഡന കേസുകളിലെ നടപടികളില്‍ വലിയ മാറ്റങ്ങളാണ് വന്നത്. പോക്‌സോ കേസുകള്‍ക്ക് മാത്രമായി പ്രത്യേക കോടതികള്‍ വരെ സ്ഥാപിക്കപ്പെട്ടു. ഒട്ടേറെ കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കി കടുത്ത ശിക്ഷാവിധികളുമുണ്ടായി. ഈ കേസുകളുടെ ചരിത്രത്തിലേക്കാണ് ആലുവയിലെ കേസും കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. 


 

Content Highlights: aluva girl rape and murder case verdict on childrens day and pocso act 11th year