നീറുന്ന ഓര്‍മയില്‍ അഞ്ചുവയസ്സുകാരി, പുഷ്പാർച്ചന; എത്രയുംവേഗം വധശിക്ഷ നടപ്പാക്കണമെന്ന് കുടുംബം

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയെ അടക്കംചെയ്ത കീഴ്മാട് ശ്മശാനത്തിൽ ബിഹാറി കുടുംബം പ്രാർഥന നടത്തുന്നു
ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയെ അടക്കംചെയ്ത കീഴ്മാട് ശ്മശാനത്തിൽ ബിഹാറി കുടുംബം പ്രാർഥന നടത്തുന്നു

ആലുവ: അഞ്ചുവയസ്സുകാരിയുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ പുഷ്പാര്‍ച്ചന നടത്തി ബിഹാറി കുടുംബം. ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയെ അടക്കംചെയ്ത കീഴ്മാട് ശ്മശാനത്തിലാണ് കുട്ടിയുടെ പിതാവും മാതാവും സഹോദരങ്ങളുമടങ്ങുന്ന കുടുംബമെത്തിയത്. ഞായറാഴ്ചയായിരുന്നു കുട്ടിയുടെ ഒന്നാം ഓര്‍മദിനം.

പന്ത്രണ്ട് മണിയോടെ എത്തിയ കുടുംബം ചന്ദനത്തിരികള്‍ കത്തിച്ചും മാലചാര്‍ത്തിയും പൂക്കള്‍ അര്‍പ്പിച്ചും പുഷ്പചക്രം വെച്ചും പ്രാര്‍ഥിച്ചു. മകള്‍ മരിച്ചുവെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് കുടുംബം പറഞ്ഞു. കുട്ടിയുടെ കുഴിമാടം കല്ലറയായി കെട്ടി സംരക്ഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

കുറ്റക്കാരനായ അസ്ഫാക് ആലത്തിന്റെ വധശിക്ഷ എത്രയുംവേഗം നടപ്പാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഒരു മണിക്കൂറോളം മകളുടെ ഓര്‍മകളും പ്രാര്‍ഥനകളുമായി ശ്മശാനത്തില്‍ ചെലവഴിച്ച ശേഷമാണ് കുടുംബം മടങ്ങിയത്.

കീഴ്മാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുട്ടിയുടെ കുഴിമാടവും പരിസരവും നേരത്തേ വൃത്തിയാക്കിയിരുന്നു. കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, വൈസ് പ്രസിഡന്റ് സ്‌നേഹ മോഹനന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റസീല ഷിഹാബ്, വാര്‍ഡംഗം സനില, ശ്മശാനം ജീവനക്കാരന്‍ കെ.എ. അശോകന്‍ എന്നിവരും പുഷ്പാര്‍ച്ചന നടത്തി.

Content Highlights: aluva girl rape and murder case one year memory