ഷാൻ വധക്കേസിൽ ജാമ്യത്തിലുള്ള പ്രതി അടക്കം 10 ഗുണ്ടകൾ പിടിയിൽ; ഒത്തുകൂടിയത് പിറന്നാളാഘോഷത്തിന്

പ്രതീകാത്മക ചിത്രം | Screengrab: Mathrubhumi News
പ്രതീകാത്മക ചിത്രം | Screengrab: Mathrubhumi News

കായംകുളം: ഗുണ്ടാനേതാവിന്റെ പിറന്നാളാഘോഷത്തിന് ഒത്തുകൂടിയ ഗുണ്ടകള്‍ കായംകുളത്ത് പിടിയില്‍. ആലപ്പുഴയിലെ ഷാന്‍ വധക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഉള്‍പ്പെടെ പത്തുപേരെയാണ് ചൊവ്വാഴ്ച രാത്രി പോലീസ് കസ്റ്റഡിയിലെടുത്തത്. 

എസ്.ഡി.പി.ഐ. നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മണ്ണഞ്ചേരി ഒറ്റക്കണ്ടത്തില്‍ അതുല്‍ (29) എരുവ നെടുവക്കാട്ട് നിതീഷ് കുമാര്‍ (36) പത്തിയൂര്‍ വിനീത് ഭവനത്തില്‍ വിജീഷ് (30) കൃഷണപുരം പുത്തന്‍പുര തെക്കതില്‍ അനന്തു (20) ഇടുക്കി മുളകുവള്ളിയില്‍ അലന്‍ ബെന്നി (27) തൃശൂര്‍ പാലത്ത് വീട്ടില്‍ തൃക്കല്ലൂര്‍ പ്രശാല്‍ (29) പത്തിയൂര്‍ക്കാല വഞ്ചിയൂര്‍ ഫാത്തിമ മന്‍സിലിലെ ഹബീസ് (32) പത്തിയൂര്‍ക്കാല ഏനാകുളങ്ങര വിമല്‍ഭവനത്തില്‍ വിഷ്ണു (33) കണ്ണങ്കര ചേരാവള്ളി സൈഫുദ്ദീന്‍ (38) മുട്ടം രാജേഷ് ഭവനത്തില്‍ രാജേഷ് കുമാര്‍ (45) എന്നിവരാണ് പിടിയിലായത്.

ഇവരോടൊപ്പം ഉണ്ടായിരുന്ന കൊലക്കേസ് പതി കണ്ണന്‍, ആഷിഖ്, ഫൈസല്‍, അരുണ്‍, മയക്കുമരുന്ന് വില്‍പനസംഘത്തില്‍പ്പെട്ട  മോട്ടി എന്നുവിളിക്കുന്ന അമല്‍ ഫാറൂഖ് സേട്ട്, വിജയ് കാര്‍ത്തികേയന്‍ എന്നിവര്‍ പോലീസിനെ കണ്ട് ഓടിരക്ഷപ്പട്ടു.

കരീലക്കുളങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗുണ്ടയായ നിതീഷിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനാണ് ഗുണ്ടകള്‍ ഇയാളുടെ വീട്ടില്‍ ഒത്തുകൂടിയത്. രഞ്ജിത് ശ്രീനിവാസന്‍ വധക്കേസിന്റെ വിധിവന്നതിന് പിന്നാലെ ഷാന്‍ വധക്കേസില്‍ ജാമ്യത്തില്‍ നില്‍ക്കുന്ന പ്രതിയായ മണ്ണഞ്ചേരി സ്വദേശി അതുല്‍ ഉള്‍പ്പെടെയുള്ളവര്‍ ഒത്തുകൂടിയത് അതീവഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. ഗുണ്ടകള്‍ വന്ന വാഹനങ്ങളും മറ്റും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

Content Highlights: alappuzha shan murder case accused and another goons arrested from kayamkulam