‘ചോർ’ അല്ല; ബാറിലെത്തിയത് ചോറുവെക്കുന്നയാൾ, ബണ്ടി ചോറെന്ന് സംശയിച്ചത് ITBP ഉദ്യോഗസ്ഥനെ

ആലപ്പുഴ: കുപ്രസിദ്ധ കള്ളൻ ബണ്ടിച്ചോർ എന്ന ദേവീന്ദർ സിങ്ങിനായി അരിച്ചുപെറുക്കിയ പോലീസ് അവസാനം ആളെ കണ്ടെത്തി. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിലെ (ഐ.ടി.ബി.പി.) പാചകക്കാരനാണ് ബാറിലെത്തിയതെന്നു വ്യക്തമായി. ഇദ്ദേഹത്തിനു ബണ്ടിച്ചോറുമായുള്ള രൂപസാദൃശ്യമാണ് പോലീസിനെ വട്ടംചുറ്റിച്ചത്.
കഴിഞ്ഞദിവസമാണ് ആലപ്പുഴയ്ക്കടുത്ത് നീർക്കുന്നത്തെ ബാറിൽ ബണ്ടിച്ചോറിനോടു സാദൃശ്യമുള്ളയാൾ മദ്യപിക്കാനെത്തിയത്. മദ്യപിച്ചുകൊണ്ടിരുന്ന മറ്റൊരാൾക്ക്, അതു ബണ്ടിച്ചോർ ആണെന്ന സംശയം തോന്നി. തുടർന്ന്, അമ്പലപ്പുഴ പോലീസിലറിയിച്ചു. അവരെത്തിയപ്പോഴേക്കും ആഗതൻ പോയിരുന്നു.
സി.സി.ടി.വി. ദൃശ്യം പരിശോധിച്ചപ്പോൾ ബണ്ടിച്ചോറുമായി സാദൃശ്യമുണ്ടെന്ന് പോലീസിനും തോന്നി. അതോടെ വാർത്ത പരന്നു. ഇതു പോലീസിനു തലവേദനയായി.
സംഭവം ഗൗരവത്തിലെടുത്ത പോലീസ് ജാഗ്രതാനിർദേശം പുറപ്പെടുവിക്കുകയും ആളെ കണ്ടെത്താൻ റോന്തുചുറ്റൽ തുടങ്ങുകയും ചെയ്തു. മറ്റു ജില്ലകൾക്കും നിർദേശം കൈമാറി. രണ്ടുദിവസമായി രാപകൽ അരിച്ചുപെറുക്കിയുള്ള അന്വേഷണമായിരുന്നു. ഐ.ടി.ബി.പി.യിലെ പാചകക്കാരനാണ് ബാറിലെത്തിയതെന്ന് ബുധനാഴ്ചയാണ് തിരിച്ചറിഞ്ഞത്. അതോടെ പോലീസിന് ആശ്വാസമായി.
Content Highlights: Police confirmed the thief found in cctv visuals in bar is not bunty chor