കടം തിരികെചോദിച്ചതിന് ദമ്പതികൾക്കും ഭിന്നശേഷിക്കാരനായ കൊച്ചുമകനും മർദനം; പ്രതി ഒളിവിൽ

അടൂർ: കടയിൽനിന്ന് സാധനങ്ങൾ വാങ്ങിയ ഇനത്തിൽ ബാക്കിയുള്ള തുക തിരികെ ചോദിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിൽ വയോധികരായ ദമ്പതികൾക്കും ഓട്ടിസം ബാധിച്ച കൊച്ചുമകനും മർദനമേറ്റു. അടൂർ പന്നിവിഴ പുത്തൻചന്ത മേച്ചിറ വടക്കേതിൽ ഷറഫുദ്ദീൻ (70), ഭാര്യ റസിയ ബീവി (65), ഇവരുടെ കൊച്ചുമകൻ അൻസബത്ത് (18) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ കുക്കു എന്ന് വിളിക്കുന്ന സുമേഷിനെതിരെ പോലീസ് കേസെടുത്തു.
വീടിനോട് ചേർന്ന് ദമ്പതികൾ നടത്തുന്ന കടയിൽനിന്ന് കഴിഞ്ഞ രണ്ടു വർഷമായി പലചരക്ക് സാധനങ്ങൾ വാങ്ങിയ ഇനത്തിൽ 7,000 രൂപ സുമേഷ് നൽകാനുണ്ടായിരുന്നു. ഈ തുക തിരികെ ചോദിച്ചതിലുള്ള പ്രകോപനമാണ് അക്രമത്തിൽ കലാശിച്ചതെന്ന് ഷറഫുദ്ദീൻ പറഞ്ഞു. മർദനത്തിന് ശേഷം പ്രതി ഒളിവിൽ പോയി. സംഭവത്തിൽ അടൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlights: Elderly couple and their autistic grandson were assaulted in Adoor., The dispute arose over an outstanding grocery debt of 7,000 rupees., The suspect, Sumesh, is currently absconding., Adoor police have registered a formal case against the accused.