മെമ്മറികാര്‍ഡ് അട്ടിമറി; മജിസ്‌ട്രേറ്റിനെതിരെ കെമാല്‍ പാഷ, അതിജീവിതയെ പിന്തുണച്ച് ഉമാ തോമസ്

കെമാല്‍ പാഷ - ചിത്രം: സിദ്ദിഖുല്‍ അക്ബര്‍ | ഉമ തോമസ്
കെമാല്‍ പാഷ - ചിത്രം: സിദ്ദിഖുല്‍ അക്ബര്‍ | ഉമ തോമസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയതിലെ റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെ മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതി മുന്‍ ജഡ്ജി കെമാല്‍ പാഷ. അതിജീവിതയെ വീണ്ടും പീഡിപ്പിക്കുന്നതിന് തുല്യമായ നടപടികളാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല. അവരെ വീണ്ടും പീഡിപ്പിക്കുന്നതിന് തുല്യമായ നടപടികളാണ് നടന്നത്. ജഡ്ജ് അറിയാതെയാണ് സംഭവം നടന്നതെങ്കില്‍ ഇനിയും സര്‍വീസില്‍ തുടരാന്‍ ആ ജഡ്ജിന് യോഗ്യതയുണ്ടോ എന്നും കെമാല്‍ പാഷ ചോദിച്ചു.

അതേസമയം, അതിജീവിതയെ പിന്തുണച്ച് ഉമാ തോമസ് എം.എല്‍.എയും രംഗത്ത് വന്നു. കേസില്‍ മേല്‍ക്കോടതി ഇടപെടണമെന്ന് ഉമാ തോമസ് പറഞ്ഞു. സ്വകാര്യതയ്ക്ക് കോടതിയില്‍ പോലും സുരക്ഷയില്ലെന്ന ആശങ്ക കാണാതിരിക്കാനാവില്ല. സാധാരണക്കാര്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്താന്‍ ഇടവരുത്തരുതെന്നും ഉമാ തോമസ് പറഞ്ഞു.

Content Highlights: actress attack case kemal pasha against magistrate uma thomas supports survivor