വിദ്യാര്‍ഥിനികള്‍ വസ്ത്രംമാറുന്നത് പകര്‍ത്തി; മൂന്ന് ABVP പ്രവര്‍ത്തകർ അറസ്റ്റില്‍; സംഭവം കോളേജ് കലോത്സവത്തിനിടെ

ഭോപാല്‍: വിദ്യാര്‍ഥിനികള്‍ വസ്ത്രംമാറുന്ന ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയ എബിവിപി പ്രവര്‍ത്തകരായ കോളേജ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ഭാന്‍പുര ഗവ. കോളേജിലെ വിദ്യാര്‍ഥികളായ ഉമേഷ് ജോഷി, അജയ് ഗൗഡ്, ഹിമാന്‍ഷു ബൈരാഗി എന്നിവരാണ് പിടിയിലായത്. കേസില്‍ ആകെ നാലുപ്രതികളാണുള്ളതെന്നും ഒരാള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
ഭാന്‍പുര കോളേജില്‍ യുവജനോത്സവത്തിനിടെയാണ് പ്രതികള്‍ വിദ്യാര്‍ഥിനികള്‍ വസ്ത്രംമാറുന്ന ദൃശ്യങ്ങള്‍ ഒളിഞ്ഞിരുന്ന് പകര്‍ത്തിയത്. പെണ്‍കുട്ടികള്‍ വസ്ത്രംമാറുന്ന മുറിക്ക് പുറത്തുനിന്ന് മൊബൈലില്‍ ദൃശ്യം പകര്‍ത്തുന്ന പ്രതികളുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. നാലംഗസംഘത്തിലെ ഒരാളാണ് മറ്റൊരു വിദ്യാര്‍ഥിയുടെ സഹായത്തോടെ വാതിലിന്റെ മുകളിലെ വിടവിലൂടെ ദൃശ്യം പകര്‍ത്തിയിരുന്നത്. അറസ്റ്റിലായ മൂന്നുപ്രതികളില്‍നിന്നും മൊബൈല്‍ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇത് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്നും പോലീസ് സൂപ്രണ്ട് വിനോദ് മീണ പറഞ്ഞു.
യുവജനോത്സവ പരിപാടികള്‍ക്കിടെ വിദ്യാര്‍ഥികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രീതി പാഞ്ചോളി നടത്തിയ പരിശോധനയിലാണ് നാലംഗസംഘം ഒളിക്യാമറയില്‍ ദൃശ്യം പകര്‍ത്തുന്നത് കണ്ടെത്തിയത്. വിദ്യാര്‍ഥികള്‍ പെണ്‍കുട്ടികളുടെ ചിത്രം പകര്‍ത്തിയെന്ന സംശയത്തില്‍ പ്രിന്‍സിപ്പല്‍ കോളേജിലെ സിസിടിവിദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് നാലുപേര്‍ ഒളിഞ്ഞിരുന്ന് ദൃശ്യം പകര്‍ത്തുന്നത് കണ്ടെത്തിയത്. ഉടന്‍തന്നെ പോലീസില്‍ നല്‍കുകയായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
അറസ്റ്റിലായ ഉമേഷ് ജോഷി എബിവിപിയുടെ സിറ്റി യൂണിറ്റ് സെക്രട്ടറിയാണ്. സംഭവത്തിന് പിന്നാലെ ഇയാളെ സംഘടനയില്‍നിന്ന് പുറത്താക്കിയതായി എബിവിപി അറിയിച്ചു.
Content Highlights: Three ABVP-affiliated college students in MP arrested for secretly filming female students changing clothes during a youth festival. CCTV footage reveals the act.