അഭിമന്യുവിന്റെ അമ്മ രംഗത്തിറങ്ങിയതോടെ പാര്‍ട്ടി അനങ്ങി; കേസ് നടത്തിപ്പ് നിരീക്ഷിക്കാന്‍ സിപിഎം

തിരുവനന്തപുരം: അഭിമന്യു വധക്കേസ് നടത്തിപ്പില്‍ സി.പി.എം. എറണാകുളം ജില്ലാകമ്മിറ്റി വീഴ്ചവരുത്തിയതില്‍ സംസ്ഥാനനേതൃത്വത്തിന് അതൃപ്തി. വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് അഭിമന്യുവിന്റെ അമ്മ ഭൂപതി ഡിസംബറില്‍ ഹൈക്കോടതിയെ സമീപിച്ചതോടെ, പാര്‍ട്ടിയില്‍ കേസിന്റെ മേല്‍നോട്ടച്ചുമതല സംസ്ഥാനസെക്രട്ടേറിയറ്റംഗം എം. സ്വരാജിനെ ഏല്‍പ്പിച്ചു. എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവായിരുന്നു അഭിമന്യു.
കൊച്ചി കലൂരിലെ അഭിമന്യു സ്മാരകമന്ദിരം അര്‍ബന്‍ സഹകരണബാങ്കിന് വാടകയ്ക്കു നല്‍കിയതിന് പുറമേയാണ്, രക്തസാക്ഷിയുടെ കേസിലും ജില്ലാനേതൃത്വത്തിന്റെ വീഴ്ച. പാര്‍ട്ടിക്കുള്ളില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ, സംസ്ഥാനനേതൃത്വം ഇടപെടുകയായിരുന്നു. വധക്കേസില്‍ വിചാരണ അനിശ്ചിതമായി നീളുന്നത് പാര്‍ട്ടിക്കുള്ളിലും പുറത്തും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.
പ്രതികളായ പോപ്പുലര്‍ ഫ്രണ്ടുകാരെ രക്ഷിക്കാന്‍ സി.പി.എം. നേതാക്കള്‍ ശ്രമിക്കുന്നതായി രാഷ്ട്രീയ ആരോപണവും ശക്തമായി. നിയമസഭാതിരഞ്ഞെടുപ്പില്‍ താനൂരില്‍ ഇടത് സ്ഥാനാര്‍ഥിയായിരുന്ന മന്ത്രി അബ്ദുറഹിമാന് പിന്തുണ നല്‍കിയതിനുപകരമായി എസ്.ഡി.പി.ഐ. ആവശ്യപ്പെട്ടത് അഭിമന്യുവിന്റെ കൊലയാളികളെ സഹായിക്കണം എന്നായിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം. പിന്തുണയെന്നും യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് ആരോപിച്ചിരുന്നു.
അമ്മ ഇറങ്ങി, പാര്‍ട്ടി അനങ്ങി
ആറുവര്‍ഷമായിട്ടും വിചാരണ തുടങ്ങാത്തതിനാല്‍ അഭിമന്യുവിന്റെ അമ്മ പാര്‍ട്ടി നേതൃത്വത്തിനെ സമീപിച്ചിരുന്നു. തുടര്‍ന്ന്, ഭൂപതിക്കുവേണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ പാര്‍ട്ടി നേതാവ് കൂടിയായ അഡ്വ. അരുണ്‍കുമാറിനെ സി.പി.എം. ചുമതലപ്പെടുത്തി.
ജില്ലാ കമ്മിറ്റിക്കാണ് കേസ് നടത്തിപ്പിന്റെ ഉത്തരവാദിത്വം. പെരിയ കേസുപോലെ സി.പി.എം. പ്രതിക്കൂട്ടിലായ കേസുകളില്‍ നീതിനിര്‍വഹണം വേഗത്തിലായെങ്കിലും രക്തസാക്ഷികളുടെ കേസില്‍ നീതി വൈകുന്നു എന്നാണ് പാര്‍ട്ടിക്കുള്ളിലെ ആരോപണം.
കേസിന്റെ നാള്‍വഴികള്‍
കൊലപാതകം: 2018 ജൂലായ് 02, അഭിമന്യു കൊല്ലപ്പെട്ടു, രേഖകള്‍ കാണാതായി
കുറ്റപത്രം: 2018 സെപ്റ്റംബര്‍, കോടതിയില്‍ കുറ്റപത്രം നല്‍കി
സാക്ഷികള്‍: 126 സാക്ഷികളുള്ള കേസില്‍ പലരും ഇപ്പോള്‍ സ്ഥലത്തില്ല
രേഖകള്‍ കാണാതായി: ഇതിനിടെ, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള നിര്‍ണായകരേഖകള്‍ കാണാതായി. ഇതില്‍ ദുരൂഹതയുണ്ടെന്ന് അഭിമന്യുവിന്റെ സഹോദരന്‍ പരിജിത്ത് ആരോപിച്ചിരുന്നു.
കേസ് മാറ്റിവെക്കല്‍: മുപ്പതിലേറെ തവണ കേസ് മാറ്റിവെച്ചു
Content Highlights: abhimanyu murder case