വെള്ളം കുടിക്കുന്നതിനിടെ 'ബക്കറ്റിൽ തൊട്ടു'; രാജസ്ഥാനിൽ 8 വയസുള്ള ദളിത് വിദ്യാര്‍ഥിക്ക് ക്രൂരമർദ്ദനം

അല്‍വര്‍: രാജസ്ഥാനില്‍ എട്ടുവയസുകാരനായ ദളിത് വിദ്യാര്‍ഥിക്ക് ക്രൂരമായ മര്‍ദ്ദനം. അല്‍വറിലാണ് സംഭവം. സ്‌കൂളിലെ പൊതുടാപ്പിൽ നിന്ന് വെള്ളം കുടിക്കുന്നതിനിടെ സമീപമുണ്ടായിരുന്ന ബക്കറ്റില്‍ തൊട്ടു എന്നുപറഞ്ഞായിരുന്നു മര്‍ദ്ദനം.
ചിരാഗ് എന്ന നാലാം ക്ലാസ് വിദ്യാര്‍ഥിയെയാണ് മേല്‍ജാതിക്കാര്‍ എന്ന് സ്വയം അവകാശപ്പെടുന്ന വിഭാഗത്തില്‍ പെട്ട രതിറാം ഠാക്കൂര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഇയാള്‍ വെള്ളം നിറച്ചുകൊണ്ടിരുന്ന ബക്കറ്റ് മാറ്റി വെച്ച് ചിരാഗ് ടാപ്പിൽനിന്ന് വെള്ളം കുടിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. രോഷാകുലനായി എത്തിയ ഠാക്കൂര്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പിതാവ് പന്നാലാല്‍ പറഞ്ഞു. കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടി ഉണ്ടായ സംഭവങ്ങള്‍ വീട്ടുകാരോട് പറഞ്ഞു. വീട്ടുകാര്‍ രതിലാല്‍ ഠാക്കൂറിനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ അയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ കണ്ട് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും തുടർന്നാണ് പോലീസില്‍ പരാതി നല്‍കിയതെന്നും പന്നാലാല്‍ പറഞ്ഞു.
Content Highlights: Dalit boy beaten up for touching bucket full of water at Alwar, Rajasthan