എസി മുറിയില്‍ കൂടെ കിടത്തുന്നില്ല, വീട് ചെറുതെന്ന് പറഞ്ഞ് അധിക്ഷേപം; ഒടുവില്‍ 67-കാരന് വിവാഹമോചനം

പ്രതീകാത്മക ചിത്രം | AI Image
പ്രതീകാത്മക ചിത്രം | AI Image

ജയ്പുര്‍: നാലുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ 67-കാരന് വിവാഹമോചനം അനുവദിച്ച് കോടതി. വര്‍ഷങ്ങളായി തുടരുന്ന ഭാര്യയുടെ സംശയവും അധിക്ഷേപവും മാനസികപീഡനവും ആരോപിച്ച് വിവാഹമോചനത്തിനായി സമീപിച്ച 67-കാരനാണ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹംകഴിഞ്ഞ് 43 വര്‍ഷത്തിനുശേഷമാണ് ദമ്പതിമാര്‍ വേര്‍പിരിയുന്നത്. 

2021-ലാണ് 67-കാരന്‍ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് നാലുവര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് ജയ്പുരിലെ കുടുംബകോടതി വിവാഹമോചനം അനുവദിച്ചത്. 

1982-ലായിരുന്നു ദമ്പതിമാരുടെ വിവാഹം. ഇവര്‍ക്ക് മക്കളില്ല. എന്നാല്‍, വിവാഹം കഴിഞ്ഞ് തന്റെ വീട്ടിലെത്തിയത് മുതല്‍ ഭാര്യയ്ക്ക് തന്നെ സംശയമായിരുന്നുവെന്നും വ്യക്തിപരമായി തന്നെ അധിക്ഷേപിക്കുന്നത് പതിവായിരുന്നെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. അന്ന് തുടങ്ങിയ മാനസികപീഡനവും അധിക്ഷേപവും പരിഹാസവും ഇപ്പോഴും തുടരുകയാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 

താമസിക്കുന്ന വീട് ചെറുതാണെന്ന് പറഞ്ഞ് പരിസഹിക്കുന്നതും അധിക്ഷേപിക്കുന്നതും പതിവായിരുന്നു. വീട്ടില്‍ മതിയായ സൗകര്യങ്ങളില്ലെന്ന് പറഞ്ഞും പരിഹസിച്ചിരുന്നു. കാറുകളും വീട്ടുജോലിക്കാരും അടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിന്റെ പേരിലായിരുന്നു നിരന്തരമായ അധിക്ഷേപം നേരിട്ടത്. ഇതിനുപുറമേ വീട്ടില്‍ എസിയുള്ള മുറിയിലാണ് ഭാര്യ ഉറങ്ങിയിരുന്നത്. എന്നാല്‍, എസി മുറിയില്‍ ഭാര്യയ്‌ക്കൊപ്പം ഉറങ്ങാന്‍ തന്നെ അനുവദിച്ചിരുന്നില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. വീട്ടിലെ പഴയ എന്തെങ്കിലും സാധനങ്ങള്‍ വിറ്റാല്‍പോലും ഭാര്യ വഴക്കിടുന്നത് സ്ഥിരമായിരുന്നു. ഭാര്യയുടെ നിരന്തരമായ ഈ പീഡനങ്ങള്‍ കാരണം തനിക്ക് മാനസികമായ പ്രയാസങ്ങള്‍ നേരിട്ടെന്നും 67-കാരന്‍ കോടതിയില്‍ പറഞ്ഞിരുന്നു. 

അതേസമയം, ഭര്‍ത്താവിനെ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ലെന്നായിരുന്നു ഭാര്യയുടെ വാദം. തന്നെ ഒഴിവാക്കി ആഡംബരജീവിതം നയിക്കാനാണ് ഭര്‍ത്താവിന്റെ ആഗ്രഹമെന്നും അതിനാല്‍ വിവാഹമോചന ഹര്‍ജി തള്ളണമെന്നും ഭാര്യ ആവശ്യപ്പെട്ടു. എന്നാല്‍, ഭാര്യ ഭര്‍ത്താവിനെതിരേ ഉന്നയിച്ച ആരോപണങ്ങളൊന്നും കോടതിയില്‍ തെളിയിക്കാനായില്ല. തുടര്‍ന്നാണ് കോടതി വിവാഹമോചനം അനുവദിച്ചത്. 

Content Highlights: A 67-year-old man in Jaipur, India, has been granted a divorce after 43 years of marriage.