തീവണ്ടിയിൽ മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന ആറുവയസുകാരിയെ പീഡിപ്പിച്ചു; 46-കാരൻ അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
പ്രതി സാനിഷ് പുനലൂര്‍ റെയില്‍വേ പോലീസ് സ്റ്റേഷനില്‍
പ്രതി സാനിഷ് പുനലൂര്‍ റെയില്‍വേ പോലീസ് സ്റ്റേഷനില്‍

പുനലൂർ: തീവണ്ടിയുടെ ജനറൽ കമ്പാർട്ട്മെന്റിൽ മുത്തച്ഛനൊപ്പം ഉറങ്ങുകയായിരുന്ന തമിഴ്നാട് സ്വദേശിയായ ആറുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം. കൊല്ലം സ്വദേശിയായ 46-കാരൻ പുനലൂർ റെയിൽവേ പോലീസിന്റെ പിടിയിൽ. അയത്തിൽ ഗാന്ധിനഗർ വടക്കേതിൽ സാനിഷാണ് അറസ്റ്റിലായത്.

കൊല്ലം-ചെങ്കോട്ട പാതയിൽ പാലരുവി എക്സ്പ്രസ്സ് തീവണ്ടിയിൽ വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. തെങ്കാശിയിൽ നിന്ന് കുടുംബത്തോടൊപ്പം എടത്വാ പള്ളിയിൽ തീർത്ഥാടനം നടത്തി തിരിച്ചുപോകുമ്പോഴാണ് കുട്ടി അതിക്രമത്തിനിരയായത്. മുത്തച്ഛനൊപ്പം നിലത്ത് ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ പ്രതി തൊട്ടടുത്ത കമ്പാർട്ട്മെന്റിലേക്ക് എടുത്തുകൊണ്ടുപോയി ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

സംഭവം കണ്ട, സമീപത്തെ സീറ്റിലുണ്ടായിരുന്ന യാത്രക്കാരി വീഡിയോ ചിത്രീകരിക്കുകയും പോലീസിൽ അറിയിക്കുകയായിരുന്നു എന്ന് പുനലൂർ റെയിൽവേ പോലീസ് എസ്എച്ച്ഒ പി.കെ. പ്രദീപ് പറഞ്ഞു. തുടർന്നാണ് പ്രതി അറസ്റ്റിലായത്.

എസ്എച്ച്ഒയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ദീലീപ്, പ്രേംകുമാർ, വിനോദ്കുമാർ, എം. രതീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ധനീഷ്, കണ്ണൻ, ഷാഫി, രതീഷ്‌കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പേരിൽ നേരത്തേയും കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.

Content Highlights: A 46-year-old man from Kollam was arrested for assaulting a 6-year-old girl. The incident occurred on the Palaruvi Express near Punalur. A fellow passenger recorded the incident, leading to the suspect's identification. The accused has a history of prior criminal cases.