മലയാളി വിദ്യാർഥിനിയെ ഖരഗ്പുർ IIT-യിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

പ്രതീകാത്മക ചിത്രം | മാതൃഭൂമി
പ്രതീകാത്മക ചിത്രം | മാതൃഭൂമി

കൊൽക്കത്ത: മലയാളി വിദ്യാർഥിനിയെ ഖര​ഗ്പുർ ഐ.ഐ.ടിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി ദേവിക പിള്ള(21)യെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ബയോസയൻസ് ആൻഡ് ബയോടെക്നോളജി മൂന്നാംവർഷ വിദ്യാർഥിയാണ്.

സ്ഥാപനത്തിലെ സരോജിനി നായിഡു/ഇന്ദിരാഗാന്ധി ഹാൾ പരിസരത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു വിദ്യാർഥിനിയുടെ മൃതദേഹമെന്ന് ഐഐടി ഖര​ഗ്പുർ അറിയിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. അന്വേഷണത്തോട് സ്ഥാപന അധികാരികൾ പൂർണമായും സഹകരിക്കും. 8.37 സി.ജി.പി.എയുള്ള പഠനത്തിൽ മിടുക്കിയായ വിദ്യാർഥിനിയായിരുന്നു ദേവിക. നിലവിൽ ബയോസയൻസ് ആൻഡ് ബയോടെക്നോളജി വിഭാ​ഗത്തിലെ പ്രൊഫസറുടെ കീഴിൽ സമ്മർ ഇന്റേൺഷിപ്പ് നടത്തുകയായിരുന്നുവെന്നും വിദ്യാഭ്യാസ സ്ഥാപനം പ്രസ്താവനയിൽ അറിയിച്ചു. 

വിദ്യാർഥിനിയുടെ ബന്ധുക്കൾ ഖര​ഗ്പുരിലെ ആശുപത്രിലെത്തി മൃതദേഹം ഏറ്റുവാങ്ങി കേരളത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം സംസ്കരിക്കുമെന്നാണ് വിവരം. അന്വേഷണം പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്. എന്നാൽ, ജീവനൊടുക്കാൻ തക്കതായ യാതൊരു പ്രശ്നങ്ങളും ദേവികയ്ക്ക് ഇല്ലായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056

Content Highlights: 21 year-old student found dead at IIT Kharagpur