സാധനങ്ങൾ വാങ്ങി വ്യാജ സ്ക്രീൻഷോട്ട് കാണിക്കും; ഗൂഗിൾ പേ ഉപയോഗിച്ച് തട്ടിപ്പ് നടത്തിവന്നയാൾ അറസ്റ്റിൽ

പിടിയിലായ വിഷ്ണു.
പിടിയിലായ വിഷ്ണു.

മാവൂര്‍ : ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളില്‍നിന്ന് സാധനങ്ങള്‍ വാങ്ങി ഗൂഗിള്‍ പേയിലൂടെ പണമടച്ചെന്ന സ്‌ക്രീന്‍ഷോട്ട് കാണിച്ച് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തുന്ന യുവാവ്  പിടിയില്‍. തിരുനാവായ സ്വദേശിയായ, ഇപ്പോള്‍ കടലുണ്ടി ആനങ്ങാടിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുന്നുമ്മല്‍ വിഷ്ണു (30) എന്ന ഓസി വിഷ്ണുവിനെയാണ് ഡിസിപി അരുണ്‍ കെ. പവിത്രന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും എസിപി ഉമേഷിന്റെ നേതൃത്വത്തില്‍ മാവൂര്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. ശിവകുമാറും സംഘവും അറസ്റ്റ് ചെയ്തത്.

 പണം ലഭ്യമായ വിവരം അനൗണ്‍സ് ചെയ്യുന്ന മെഷീന്‍ ഇല്ലാത്ത ചെറുകിട കച്ചവടസ്ഥാപനങ്ങള്‍ തിരഞ്ഞുപിടിച്ചാണ് ഇയാള്‍ തട്ടിപ്പുനടത്തിയത്. പണം നഷ്ടപ്പെട്ടവര്‍ ചെറിയ സംഖ്യകളായതിനാല്‍ പരാതിനല്‍കാന്‍ മടിക്കുന്നത് പ്രതിക്ക് സ്ഥിരമായി കുറ്റകൃത്യം ചെയ്യാന്‍ പ്രേരണയായി.
 കഴിഞ്ഞ ദിവസം ഇയാള്‍ മാവൂര്‍ സ്റ്റേഷന്‍ പരിധിയിലുള്ള ഒരു ഇലക്ട്രിക്കല്‍ ആന്‍ഡ് ഹോം അപ്ലയന്‍സസ് ഷോപ്പില്‍നിന്ന് രണ്ട് ഫാന്‍ വാങ്ങി നാലായിരംരൂപയുടെ തട്ടിപ്പ് നടത്തിയിരുന്നു. ഈ കടക്കാര്‍ കൊടുത്ത കേസിലാണ് വിഷ്ണു ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.

അന്വേഷണസംഘത്തില്‍ സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഹാദില്‍ കുന്നുമ്മല്‍, ഷാഫി പറമ്പത്ത്, ജിനേഷ് ചൂലൂര്‍, ഷഹീര്‍ പെരുമണ്ണ, രകേഷ് ചൈതന്യം, മാവൂര്‍ സ്റ്റേഷനിലെ അജീഷ് താമരശ്ശേരി, വിപിന്‍ലാല്‍, ഷറഫലി, വനിതാ സിപിഒ ബനിഷ എന്നിവരുമുണ്ടായിരുന്നു.

Content Highlights: A man was arrested in Mavoor for defrauding businesses using fake Google Pay screenshots.