പോലീസിനെ വഴിതെറ്റിക്കാൻ ശ്രമം, ശാസ്ത്രീയ ചോദ്യംചെയ്യലിൽ പതറി; ബെൽറ്റും ഫോണും പുറത്തെടുത്തത് കിണറ് വറ്റിച്ച്

ശ്രീകാര്യം: പതിനേഴുകാരൻ അഭിരാം കൊലചെയ്യപ്പെട്ട കേസിൽ അഭിരാമിന്റെ മൊബൈൽഫോൺ, കൊലപാതകസമയത്തു ധരിച്ചിരുന്ന ഷർട്ട്, കഴുത്തിലുണ്ടായിരുന്ന വെള്ളിമാല, കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റ് എന്നിവ കൊലപാതകം നടന്ന സ്ഥലത്തിനു സമീപത്തെ കൃഷിയിടത്തിലെ കിണറ്റിൽനിന്നു കണ്ടെടുത്തു. സംഭവം നടന്ന് 16-ാം ദിവസമാണ് കേസിലെ പ്രധാന തെളിവായ േഫാൺ ഉൾപ്പെടെ കണ്ടെത്തിയത്. കേസിലെ രണ്ടാംപ്രതി ഉമർ മുഫ്താറിനെ(22) ബുധനാഴ്ച സംഭവസ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് ഇവ കണ്ടെത്തിയത്.
കൊലപാതകത്തിനുശേഷം തെളിവുകൾ പൂർണമായും നശിപ്പിക്കാനായിരുന്നു പ്രതികളുടെ ശ്രമം. അഭിരാം ധരിച്ചിരുന്ന ഷർട്ടിൽ ബെൽറ്റും മൊബൈൽഫോണും വെള്ളിമാലയും ഭദ്രമായി പൊതിഞ്ഞുകെട്ടി, പൊങ്ങിവരാതിരിക്കാൻ ഭാരത്തിനായി ചെറിയ കല്ലും ഉള്ളിൽവെച്ചുകെട്ടിയാണ് കൃഷി ആവശ്യങ്ങൾക്കായി വെള്ളമെടുക്കുന്ന ആഴമുള്ള കിണറ്റിൽ താഴ്ത്തിയത്. തെളിവെടുപ്പിനായി സ്ഥലത്തെത്തിച്ചപ്പോൾ അന്വേഷണസംഘത്തെ ആശയക്കുഴപ്പത്തിലാക്കാൻ ഉമർ പലതവണ ശ്രമിച്ചു. തനിക്ക് ഈ സ്ഥലം അറിയില്ലെന്നും ആദ്യമായാണ് ഇവിടെ വന്നതെന്നുമായിരുന്നു ഉമറിന്റെ ആദ്യ പ്രതികരണം.
ചോദ്യംചെയ്യൽ കടുപ്പിച്ചതോടെ, അഭിരാമിന്റെ ഫോണും ഷർട്ടും മാലയും തോട്ടിലും സമീപത്തെ കാട്ടിലുമാണ് വലിച്ചെറിഞ്ഞതെന്ന് മൊഴി നൽകി പോലീസിനെ വഴിതെറ്റിച്ചു. ചൊവ്വാഴ്ച നടത്തിയ ചോദ്യംചെയ്യലിൽ തൊട്ടടുത്തെ പറമ്പിലെ പൊട്ടക്കിണറ്റിലാണ് സാധനങ്ങൾ ഉപേക്ഷിച്ചതെന്ന് ഇയാൾ സമ്മതിച്ചു. പോലീസ് ഉടൻ ഈ കിണർ പൂർണമായും വറ്റിച്ച് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്നുനടത്തിയ ശാസ്ത്രീയമായ ചോദ്യംചെയ്യലിൽ ഉമർ യഥാർഥ സ്ഥലം വെളിപ്പെടുത്തുകയായിരുന്നു.
കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ എസ്.വൈ.സുരേഷിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ സ്കൂബ ഡൈവിങ് ടീമും ഫൊറൻസിക് വിദഗ്ധരും സംയുക്തമായാണ് തെളിവുകൾ കണ്ടെടുത്തത്. കിണറ്റിലെ വെള്ളം വറ്റിച്ചശേഷം സ്കൂബ ടീം നടത്തിയ പരിശോധനയിലാണ് കല്ലുകെട്ടിത്താഴ്ത്തിയ നിലയിലുള്ള പൊതി പുറത്തെടുത്തത്.
കണ്ടെടുത്ത തൊണ്ടിമുതലുകൾ വിദഗ്ധ പരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്ക് അയക്കും. കേസിലെ രണ്ടാംപ്രതി ഉമർ, മൂന്നാംപ്രതി ആനന്ദ(18), നാലാംപ്രതി ഐശ്വര്യ(20) എന്നിവരെ കഴിഞ്ഞ ദിവസം വിശദമായ ചോദ്യംചെയ്യലിനായി രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
നവംബർ ഒന്നിന് വൈകീട്ട് വീട്ടിൽനിന്നു പുറത്തുപോയ പതിനേഴുകാരനായ അഭിരാമിനെ കാണാതാവുകയായിരുന്നു. തുടർന്ന് പിറ്റേന്ന് പാങ്ങപ്പാറയിലെ പേരൂരിലെ ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയനിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Content Highlights: Mobile phone, shirt, silver chain, and belt of the victim Abhiram recovered from a well near the crime scene., Second accused Umar Muftar led the police to the evidence during spot inspection., Evidence was bundled with stones to prevent floating and thrown into a deep agricultural well., Scuba diving team and forensic experts assisted in retrieving the evidence after pumping out water., Three accused are currently in police custody for detailed interrogation.