കോഴിക്കോട്ടെ അയ്യപ്പനും കോശിയും; അണിയറയിൽ നടക്കുന്നതെന്ത്...!

കോഴിക്കോട്ട് സി.പി.എമ്മില്‍ അയ്യപ്പനോ കോശിയോ? വൈകാതെ അറിയാം. നാടകങ്ങള്‍ പുരോഗമിക്കുകയാണ്. എന്തായാലും കോഴിക്കോട്ട് നത്തോലി ഒരു ചെറിയ മീനല്ല.
സി.പി.എം. ഏരിയ കമ്മറ്റി അംഗവും സി.ഐ.ടി.യു. ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളി എന്ന മുന്‍ ഡി.വൈ.എഫ്.ഐ. നേതാവാണ് ഇപ്പോള്‍ സമരത്തിന് മുന്നില്‍. പി.എസ്.സി. അംഗമാകാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെ ചെങ്കൊടിത്തണലില്‍നിന്ന് പുറന്തള്ളപ്പെടുകയാണ് പ്രമോദ്. പിന്നാലെയാണ് അമ്മയുമൊത്ത് പ്രമോദിന്റെ വൈകാരികസമരം. പിന്നിലാര് എന്ന് ഉറ്റുനോക്കുന്നു നാടും നാട്ടാരും.
'നിങ്ങളൊക്കെ മക്കളാണ്. എനിക്ക് എന്റെ അമ്മയോട് മാത്രമേ സമാധാനം പറയേണ്ടതുള്ളൂ. അച്ഛന് ഞാന്‍ കൊടുത്ത വാക്കാണത്. പൊതിച്ചോറുമായി പ്രളയകാലത്തും കോവിഡ് കാലത്തും ഈ നഗരത്തില്‍ നിറഞ്ഞ ആളാണ് ഞാന്‍.' പാര്‍ട്ടി യോഗങ്ങള്‍ക്ക് ശേഷം പ്രമോദിന്റെ വാക്കുകളാണ്. ഏത് നാടകക്കാരനാണ് എഴുതിക്കൊടുത്തത് എന്ന് തോന്നിപ്പിക്കുന്ന വാക്കുകള്‍. അത്രമേല്‍ വൈകാരികം. 'നിന്റെ അച്ഛനാടാ പറയുന്നത്, തോക്കു താഴെയിടടാ' എന്ന കിരീടം ഡയലോഗേ ഇനി ബാക്കിവരാനുള്ളൂ. അത് ആര് പറയും എന്നിടത്താണ് പ്രശ്‌നം.
പി.എസ്.സി. അംഗമാകാന്‍ 22 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയാണ് സംഭവത്തിന്റെ തുടക്കം. പി.എസ്.സി. അംഗമായാല്‍ രാജയോഗമാണ്. തൊഴിലില്ലാത്തവര്‍ക്ക് നിയമനം നല്‍കിയില്ലെങ്കിലും സര്‍ക്കാര്‍ ചെലവില്‍ തേപ്പും കുളിയും ഊണും ഉറക്കവും കഴിയും എന്നതാണ് കോഴയ്ക്ക് പിന്നിലെ ആകര്‍ഷണയന്ത്രം. പണം കൊടുത്ത ആള്‍ നിയമനത്തിന് തൊട്ടരികില്‍വരെ എത്തി. എന്നാല്‍, പെട്ടെന്ന് സംവരണംകൂടി പരിഗണിച്ചതോടെ അംഗത്വം കിട്ടിയില്ല. അതാണ് പരാതി വന്നവഴി എന്ന 'പരാതി' പുളയ്ക്കുന്നുണ്ട് മാനാഞ്ചിറയിലും ഫ്രീഡം സ്‌ക്വയറിലും സ്വപ്‌നനഗരിയിലും.
തന്റെ പേരില്‍ പണം വാങ്ങലുണ്ടെന്ന ആരോപണം തിരഞ്ഞെടുപ്പിന് മുമ്പേ മുഹമ്മദ് റിയാസ് ഉന്നയിച്ചിരുന്നു. എന്നാല്‍, എളമരം കരീം മത്സരിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും നിശ്ശബ്ദരായി. കരീംക്ക തോറ്റു. കണ്ണൂരില്‍നിന്ന് കോഴിക്കോട് ജില്ലാ കമ്മറ്റിക്ക് മീതേ പറന്നിറങ്ങിയ ശൈലജ ടീച്ചറും തോറ്റു.
ആദികാവ്യം ആരംഭിക്കുകയായി. വേട്ടക്കാരനായ രത്‌നാകരനോടാണ് ചോദ്യം. ഈ പാപം ഭക്ഷിക്കാന്‍ നിന്റെ കുടുംബം തയ്യാറാകുമോ? സി.പി.എമ്മില്‍ ആരൊക്കെ വാല്‍മീകിമാരായി തപസ്സുചെയ്യുമെന്നും സന്യാസ ജീവിതത്തിന് ശപിക്കപ്പെടുമെന്നും അറിയാനിരിക്കുന്നതേയുള്ളൂ. അതെന്തുമാകട്ടെ, തിരഞ്ഞെടുപ്പിന് പിന്നാലെ കോഴിക്കോട് ജില്ലാ കമ്മറ്റിക്ക് നടപടിയിലേക്ക് നീങ്ങേണ്ടിവന്നു, മനസ്സില്ലാമനസ്സോടെ. സംസ്ഥാന കമ്മറ്റി നിര്‍ബന്ധം ചെലുത്തിയതുകൊണ്ടു മാത്രം.
ഇവിടെ മറ്റുചില വസ്തുതകളുണ്ട്. മുഹമ്മദ് റിയാസ് സംഘടനാ രംഗത്ത് സജീവമായ ഘട്ടത്തില്‍ പ്രമോദ് കോട്ടൂളിയും പ്രാദേശികമായി രംഗത്തുണ്ട്. ഓണാഘോഷവും മധ്യവേനലവധിക്കൂട്ടങ്ങളും പൊതിച്ചോറും നഗരസമരങ്ങളുമായി. ഏറെക്കുറെ സമാന്തരമായ സംഘടനാ വളര്‍ച്ചകളും ആയിരുന്നു അത്. അത്രയധികമൊന്നും ദൂരെയല്ലാതെ കോവൂരില്‍ എളമരം കരീമും താമസിച്ചിരുന്നു. പി. മോഹനന്‍ ഇരിക്കുന്ന സി.എച്ച്. കണാരന്‍ മന്ദിരത്തിലേക്ക് ഏറെക്കുറെ ഒരേദൂരം.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. എന്നാല്‍, കുറച്ചുകാലമായി കോഴിക്കോടിന്റെ ചുമതലയുള്ള മന്ത്രിയോട് ജില്ലാ ഘടകത്തിന് അനിഷ്ടമാണെന്ന പരാതി പാര്‍ട്ടിക്ക് അകത്തുതന്നെ ശക്തമായി. തുടര്‍ചലനങ്ങളില്‍ സമവാക്യങ്ങള്‍ പാളി. അഗ്നിപര്‍വതങ്ങള്‍ ലാവയും പുകയും തുപ്പി. മഴപെയ്തു. ആ മഴയ്‌ക്കൊപ്പം മരവും പെയ്യുകയാണ് കോഴിക്കോട്ട്.
നിയമനം നടക്കാത്തിടത്തോളം കോഴ, ആരോപണം മാത്രമാണ്. പ്രമോദിനെ പുറത്താക്കിയത് പി.എസ്.സി. കോഴ ആരോപണത്തിന്റെ പുറത്തല്ല. ഇനിയും തെളിഞ്ഞിട്ടില്ലാത്ത മറ്റെന്തോ ഒന്നിന്റെ പേരിലാണ്. റിയല്‍ എസ്റ്റേറ്റ് ആരോപണത്തില്‍ നടപടിയെടുത്താല്‍ സംസ്ഥാനത്ത് ഒരുപാട് നടപടികള്‍ വേണ്ടിവരും. ഒരു പ്ലീനം കൊണ്ടൊന്നും തീരില്ല കാര്യങ്ങള്‍. അതിനാലാണ് പരാതിക്കാരന്റെ വീട്ടുപടിക്കല്‍ അമ്മയ്‌ക്കൊപ്പം വൈകാരിക സമരത്തിന് സൂര്യനസ്തമിക്കും മുമ്പേ പ്രമോദ് എത്തിയത്.
ഇവിടെ രണ്ടു മൂന്നു കാര്യങ്ങള്‍ ഓര്‍ക്കണം. കോഴ നല്‍കിയത് ആര് എന്ന് പൊതുജനസമക്ഷം ബോധ്യപ്പെടുത്തണമെന്ന് പ്രമോദ് ആഗ്രഹിക്കുന്നു. ഒരു ഏരിയ കമ്മറ്റി അംഗം മാത്രം വിചാരിച്ചാല്‍ പി.എസ്.സി. അംഗത്വം കിട്ടില്ല. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെ എന്ന് പുറത്തുകൊണ്ടുവരണമെന്നും പ്രമോദ് ഇച്ഛിക്കുന്നു. അതായത് സമരത്തിന് മുന്നില്‍ ലക്ഷ്യങ്ങളുണ്ട്.. ഒപ്പം തന്റെ പിന്നിലും ചിലരുണ്ട് എന്ന പ്രഖ്യാപനം കൂടിയാണ് കുത്തിയിരിപ്പ്. ഇടപെടലും അതിജീവനവും പ്രതിരോധവും വെല്ലുവിളിയും. ചുരുക്കത്തില്‍ ഭരണവും സമരവും.
അതില്‍ ആരൊക്കെ എന്ന് കണ്ടറിയണം. മുണ്ടൂര്‍ മാടന്റെ കുമ്മാട്ടിക്കളിയോ കോശിയുടെ മുകളിലെ ഏമാന്മാരിലെ പിടിയോ? ആരു ജയിക്കും? കണ്ടറിയണം
മുമ്പില്ലാത്തവിധം ചുറ്റും സംശയങ്ങളാണ്. സി.പി.എമ്മില്‍ വിഭാഗീയത കത്തിപ്പടരുകയാണോ? മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കാന്‍ നിരവധി നേതാക്കള്‍ കടന്നെത്തുമ്പോള്‍ അണിയറയില്‍ ഒരു മാറ്റത്തിനു നീക്കമുണ്ടോ? അതോ ഇതും തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നില്‍ ജനരോഷമല്ലെന്നും പാര്‍ട്ടിക്കുള്ളിലെ കുത്തിത്തിരുപ്പാണെന്നും വരുത്തിത്തീര്‍ക്കാനുള്ള തിരക്കഥയോ? കണ്ണൂരിലെ മനുവും കോഴിക്കോട്ടെ പ്രമോദും ബലിയാടുകള്‍ മാത്രമോ? മുഖ്യമന്ത്രിയെ തിരുത്തുംവിധം വിഴിഞ്ഞം ഉദ്ഘാടനത്തില്‍ സ്പീക്കര്‍ ഉമ്മന്‍ ചാണ്ടിയെ ഓര്‍ക്കുന്നതിലെ രഹസ്യമെന്ത്? കടകംപള്ളി സുരേന്ദ്രന്‍ തെക്കേയറ്റത്തും പി. ജയരാജന്‍ വടക്കേയറ്റത്തും മറ്റു ചിലര്‍ മധ്യതിരുവിതാംകൂറിലും കച്ചമുറുക്കുന്നത് എന്തിനാണ്? ബിനോയ് വിശ്വത്തിന്റെ വിമര്‍ശനത്തിന് പിന്നില്‍ ദല്‍ഹിയില്‍നിന്നുള്ള നിര്‍ദേശങ്ങളോ? അതോ ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളിയെപ്പോലെ അണിയറയില്‍ ഇനിയും കഥാപാത്രങ്ങളുണ്ടോ?
ചോദ്യങ്ങളെമ്പാടും വട്ടത്തില്‍ ചുട്ടെടുക്കുകയാണ് സി.പി.എം. അപ്പം ചുടുന്നത് ആര്‍ക്കായാലും ഒന്നുറപ്പ്. അയ്യപ്പനും കോശിയും കളി കുറച്ചുകാലംകൂടി തുടരും.
Content Highlights: pramod kottooli psc bribery case cpm