പട്ടി മുതൽ നീലപ്പെട്ടി വരെ; മര്യാദകേടിനു എന്തുണ്ട് മറുമരുന്ന്?

ഘടോല്‍ക്കചന്‍ പിള്ള പണ്ടേ കലിപ്പനാണ്. കലികാലന്‍ പിള്ളയെന്നാണ് ഇഷ്ടക്കാരുടെ വിളിപ്പേര്. പേരില്‍ കാര്യമില്ല. ആള് മര്യാദക്കാരനാണ്. കലിപ്പ് ചിലപ്പോള്‍ കലശലാകും, മര്യാദ മരുന്നിനുപോലുമില്ലാത്ത ചില മാന്യന്മാരുടെ കലാപരിപാടികള്‍ കാണുമ്പോള്‍.
സമ്പൂര്‍ണ സാക്ഷര കേരളമെന്നോ അസൂയ മൂത്തോര്‍ ആരോപിക്കുന്ന സമ്പൂര്‍ണ മദ്യകേരളമെന്നോ പോലെ സമ്പൂര്‍ണ മര്യാദകേരളം എന്ന സുന്ദര സങ്കല്പമൊന്നും പിള്ളാച്ചന് ഇല്ലേയില്ല. അത്യാവശ്യം ഓടിച്ചുപോകാനുള്ള മര്യാദയൊക്കെ കാട്ടുകയും കിട്ടുകയും വേണം, അത്രേയുള്ളൂ. അതിമോഹമൊന്നുമില്ല.
ഓട്ടത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് ഓര്‍ത്തത്. റോഡിലെ ഓട്ടത്തിനു വളയം പിടിച്ചാല്‍ പിന്നെ ചില മാന്യര്‍ വെളിച്ചപ്പാടാകും. കാലുകുത്താനിടമില്ലാത്ത കുരുക്കില്‍ ശകടം കുത്തിക്കയറ്റി പറപറപ്പിച്ചേ അടങ്ങൂ. സ്ഥലകാലബോധത്തിന്റെ സിഗ്‌നലൊന്നും തലയില്‍ തെളിയില്ല. തെറിയുടെ ഹോണടി, ലൈറ്റടി. തെറി കാശുമുടക്കാതെ പഠിക്കാനുള്ള സുവര്‍ണാവസരമാണത്, നിഘണ്ടുകാരന്മാര്‍ക്ക് പുതിയ വാക്കുകള്‍ ചേര്‍ക്കാനുള്ളതും.
ഓട്ടത്തില്‍ സൈഡ് സീറ്റില്‍ ചാഞ്ഞിരുന്നാലും ചിലര്‍ വില്ലത്തികളാകും. ഇടിച്ചിടുന്ന സ്‌കൂട്ടര്‍ യാത്രക്കാരിയുടെ നെഞ്ചിലൂടെ കാറങ്ങ് കയറ്റിയിറക്കുന്നതിന്റെ ത്രില്‍ ഒന്നുവേറെ. കൊല്ലം കണ്ടതു മഹാ മര്യാദകേടല്ല, അതുക്കുംമേലുള്ള മഹാക്രൂരത. കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ടെന്നു ചൊല്ലാനുള്ള മനക്കട്ടിയൊന്നും പിള്ളാച്ചനിപ്പോള്‍ ഇല്ലേയില്ല.
കാറു വാങ്ങിയാല്‍ ചില യൂട്യൂബ് ഹീറോകള്‍ക്ക് ഉള്ളില്‍ കുളം കുഴിക്കണം, നീന്തിത്തുടിക്കണം. കുഴിച്ചു നീന്തട്ടെ. പക്ഷേ, നാട്ടുകാര്‍ക്കു കുഴിയെടുക്കരുത്. പൊതുസ്ഥലത്തുവന്ന് പടം പിടിച്ച് പോസ്റ്റുമ്പോഴാണ് വൈറല്‍ പരാക്രമം കൊടും വൈറസാകുന്നത്. പായുന്ന വണ്ടീടെ മുകളില്‍ കിടന്ന് കാറ്റുകൊണ്ടെങ്കിലേ ചിലര്‍ക്ക് ഉറക്കംവരൂ. ഡോര്‍ തുറന്നിട്ട് കൈയും കാലും തലയും പുറത്തിട്ടാലേ ചിലര്‍ക്ക് ഇരിപ്പുറയ്ക്കൂ.
വളച്ചുകെട്ടി വയ്യാവേലി കെട്ടുന്നില്ല. നാട്ടുകാര്യം വിട്ട് അല്‍പ്പം വീട്ടുകാര്യമാകട്ടെ. തണുത്ത വെളുപ്പാന്‍ കാലത്ത് കടുപ്പം തീരെ തട്ടാത്ത തണുത്ത കാപ്പിയുമായി തരുണീമണി ലലനാമണി വരുമ്പോള്‍ കൈ മുതല്‍ കാല്‍ വരെ പ്രകമ്പനം അനുഭവപ്പെടാറുണ്ട്. ദേഷ്യമാപിനിയില്‍ അതിതീവ്രതയാണ് രേഖപ്പെടുത്താറ്. ചിലപ്പോഴൊക്കെ കൈവിരലുകള്‍ക്കും തീന്‍മേശയ്ക്കുമിടയില്‍ കുപ്പി ഗ്ലാസ് ഞെരിഞ്ഞമര്‍ന്ന് കഷണങ്ങള്‍ പലതായി ചിന്നിച്ചിതറി തറ മനോഹരമാകാറുമുണ്ട്.
ഹേ, മനുഷ്യാ... എന്നതില്‍ തുടങ്ങി നന്നാകില്ലെന്ന ആത്മഗതത്തില്‍ അതവസാനിക്കുന്നു. ഒറ്റ തന്തയ്ക്കു പിറന്നതല്ലേ എന്ന കടുംവെട്ട് ഡയലോഗൊന്നും പത്താം ക്ലാസും പരദൂഷണവും മാത്രം പഠിച്ച ലലനാമണി പോലും ചോദിക്കില്ല. കടക്കു പുറത്ത്, മൂവ് ഔട്ട് തുടങ്ങിയ പൊളിറ്റിക്കല്‍-കം-സിനിമാറ്റിക് വാചകവെടിവെക്കാനുള്ള ഉണ്ടയൊന്നും പുള്ളിക്കാരിയുടെ തോക്കിലില്ലെന്നതു മഹാഭാഗ്യം. വീട്ടില്‍ കേള്‍ക്കുന്നതേ നാട്ടിലും കേള്‍ക്കാവൂ. അതാണു നാട്ടുനടപ്പ്. വീട്ടുഭാഷയാകാത്തത് നാട്ടുഭാഷയാകരുത്.
മുട്ടുവിന്‍ തുറക്കപ്പെടും എന്നാണു വെപ്പ്. എന്നുവെച്ച് എവിടേം കേറി എപ്പോഴും മുട്ടാമെന്നു തോന്നുന്നത് മര്യാദകേടാണ്. മുട്ടിനു ചിലപ്പോള്‍ എട്ടിന്റെ തട്ടുകിട്ടും. പാലക്കാടന്‍ തട്ടിന്റെ കാര്യം തന്നെയാണ്. കട്ടപ്പാതിരയ്ക്ക് വാതിലില്‍ മുട്ടിയപ്പോള്‍ കതക് തുറന്നുകൊടുത്തത് സാമാന്യമാര്യാദ. നിയമപാലകരുടെ എഴുന്നള്ളത്താകുമ്പോള്‍ എഴുന്നേറ്റു ബഹുമാനിക്കണമല്ലോ. വാതില്‍ തുറപ്പിച്ചത് മര്യാദകേടെന്നും തുറന്നത് മര്യാദയെന്നും മനസ്സിലാക്കുമോ പാലകാ? കട്ടിലിനു താഴെവെച്ചിരുന്ന പെട്ടി പൊടിതട്ടിയെടുത്ത് പരിശോധിച്ചെങ്കിലും തുണിയല്ലാതെ ഒന്നും തടഞ്ഞില്ലത്രേ. വരട്ടെ സി.ബി.ഐ.! സിനിമാ ഡയലോഗാണേ.. ക്ഷമിക്കണേ.
വിളിക്കാത്ത സദ്യയ്ക്കു പോകുന്നത് നാട്ടുനടപ്പല്ല. വിളിക്കാത്തവന്റെയും വിളിക്കപ്പെടാത്തവന്റെയും മര്യാദ പാലിക്കപ്പെടുകയാണു പതിവ്. വേണ്ടാത്ത വേദിയില്‍ വലിഞ്ഞുകേറി ചെന്ന് വേണ്ടാതീനം വിളിച്ചുപറഞ്ഞ് തോന്നുംപടി പടിയിറങ്ങിപ്പോയാല്‍ നാറും, എത്ര ദിവ്യത്വമുള്ളവരും. വക്രബുദ്ധിയുടെ കഠാരവാക്കുകളാല്‍ മുറിവേറ്റൊരു പച്ചമനുഷ്യനെ മരണവഴിയിലേക്കു പറഞ്ഞുവിട്ടത് മഹാമര്യാദകേടായിപ്പോയെന്ന അഭിപ്രായം പിള്ളേച്ചനുമുണ്ട്. നാടും നീതിപീഠവും മാപ്പുനല്‍കാത്തത് മര്യാദലംഘകര്‍ക്കൊരു പാഠമാകട്ടേയെന്നേ പറയാനുള്ളൂ. നാട്ടുകാര്‍ക്കു മുന്നില്‍ വേഷം കെട്ടും മുന്‍പ് നല്ല നടപ്പിന് ഇവര്‍ക്ക് ക്ലാസുകൊടുക്കുന്നത് നാട്ടുനടപ്പായി മാറണമെന്നാണു പിള്ളാച്ചന്റെ പ്രാര്‍ഥന.
ചില നേരങ്ങളില്‍ മാന്യമനുഷ്യനേക്കാള്‍ മഹാമാന്യനാണ് പട്ടി അഥവാ നായ. തിന്ന ചോറിനു നന്ദിയും കാട്ടും. പട്ടി എന്നു പറയുന്നത് അത്രമോശമൊന്നുമല്ല. പക്ഷേ, വേണ്ടാത്തിടത്ത് ഒരു വിപ്ലവകാരി പട്ടിയുടെ പേരെടുത്തു കുരച്ചതു കേട്ടപ്പോള്‍ മഹാകല്ലുകടി. ഇറച്ചിക്കടയ്ക്കു മുന്നിലെ പട്ടിയെന്നൊക്കെ പരസ്യമായി ഉപമിക്കുന്നത് കേട്ടു. ഇത്തരം മര്യാദകേടിനു എന്തു മറുമരുന്നാണുള്ളത് സര്‍/? ജനാധിപത്യത്തിന്റെ നാലാംതൂണെന്നോ എട്ടാം തൂണെന്നോ എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല, തൂണുപോലെ നിന്നിട്ടും.
പൂരങ്ങളുടെ പൂരമാണു സാക്ഷാല്‍ തൃശ്ശൂര്‍ പുരമെന്ന് ഏതൊരു പിള്ളേര്‍ക്കുമറിയാം. കഴിഞ്ഞപൂരം കലക്കനായിരുന്നെന്നും അതല്ല കലക്കിയെന്നും രണ്ടഭിപ്രായം കേരളക്കര കേട്ടു. വിവാദത്തിന്റെ കുടമാറ്റത്തിനു കുടപിടിച്ചവര്‍ തൃശ്ശൂരുകാരോടെന്നല്ല, സകല നാട്ടുകാരോടുമാണു മര്യാദകേടു കാണിച്ചത്. വെടിക്കെട്ടിനേക്കാള്‍ ഉച്ചത്തില്‍ പൊട്ടിയ വാചകവെടികളുടെ അലയൊലി അടങ്ങുന്നില്ല.
സൂര്യനു താഴെയുള്ള പല വിഷയങ്ങള്‍ക്കുമായി സര്‍വകലാശാലകള്‍ക്കു കല്ലിടുന്ന കാലമാണിത്. മേല്‍പ്പടി സംഭവങ്ങളിലെ കക്ഷികള്‍ക്ക് തത്സമയ പ്രവേശനം നല്‍കി മര്യാദ പഠിപ്പിക്കാന്‍ ഒരു സര്‍വകലാശാല വേണമെന്ന അഭിപ്രായമുണ്ട് ഘടോല്‍ക്കചന്‍ പിള്ളയ്ക്ക്. അഖില കേരള മര്യാദ സര്‍വകലാശാലയെന്നോ മറ്റോ പേരിടുകയുമാകാം, കലാപശാലയാക്കരുതെന്നു മാത്രം.
Content Highlights: satire, kerala politics, humour, pooram, election, police