2010-ന് മുൻപുള്ള അധ്യാപകർക്ക് TET ഒഴിവാക്കണം: തമിഴ്നാട് നിയമസഭയിൽ പ്രമേയം

ചെന്നൈ: 2010 ഓഗസ്റ്റ് 23-ന് മുൻപ് സർവീസിൽ പ്രവേശിച്ച സർക്കാർ സ്കൂൾ അധ്യാപകരെ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽനിന്ന് പൂർണ്ണമായ ഒഴിവാക്കൽ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്ന പ്രമേയം തമിഴ്നാട് നിയമസഭ ഐക്യകണ്ഠേന പാസാക്കി.
സ്കൂൾ വിദ്യാഭ്യാസ മന്ത്രി എ. രാജമോഹനാണ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്. പുതിയ നിർബന്ധിത പരീക്ഷാ മാനദണ്ഡം സംസ്ഥാനത്തെ 3.28 ലക്ഷത്തിലധികം വരുന്ന അധ്യാപകരുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 15 മുതൽ 20 വർഷം വരെ സേവന പരിചയമുളള അനുഭവസമ്പന്നരായ അധ്യാപകരെ വീണ്ടും പരീക്ഷയെഴുതാൻ നിർബന്ധിക്കുന്നത് അനീതിയാണെന്നും പരീക്ഷ പാസായില്ലെങ്കിൽ പ്രൊമോഷനും സർവീസ് ആനുകൂല്യങ്ങളും തടസ്സപ്പെടാനോ ജോലി നഷ്ടപ്പെടാനോ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്രമേയത്തിലെ പ്രധാന ആവശ്യങ്ങൾ:
നിയമഭേദഗതി: 2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ സെക്ഷൻ 23 കേന്ദ്ര സർക്കാർ ഭേദഗതി ചെയ്യണം.
എൻ.സി.ടി.ഇ നിർദ്ദേശം: അധ്യാപകർക്ക് ഇളവ് നൽകുന്നതിനായി നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ വഴി വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം.
തൊഴിൽ സുരക്ഷ: പരീക്ഷ പാസായില്ലെങ്കിലും നിലവിലുള്ള അധ്യാപകരുടെ പ്രൊമോഷൻ, ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തടസ്സമില്ലാതെ നൽകണം.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂൾ അധ്യാപനത്തിന് ടി.ഇ.ടി. നിർബന്ധമാണ്. പ്രൊമോഷനും സർവീസിൽ തുടരുന്നതിനും അധ്യാപകർ പരീക്ഷ ജയിക്കണമെന്ന സുപ്രീം കോടതിയുടെ സമീപകാല വിധി വന്നതോടെയാണ് വിഷയത്തിൽ തമിഴ്നാട് സർക്കാർ ഇടപെട്ടത്.
മുൻ ഡി.എം.കെ സർക്കാരിന്റെ കാലത്തും അധ്യാപകരുടെ സംരക്ഷണത്തിനായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ഡി.എം.കെ നേതാവ് ഇ.വി. വേലു സഭയെ അറിയിച്ചു. വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റിൽ ആയിരുന്നെങ്കിൽ പ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: The Tamil Nadu Legislative Assembly has unanimously passed a resolution urging the Union Government to permanently exempt school teachers recruited prior to August 23, 2010, from the mandatory Teacher Eligibility Test (TET) to safeguard their job security and service benefits.