വിവാഹിതയായ മകളും ആശ്രിതനിയമനത്തിന് അർഹയെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹിതയായ മകളും ആശ്രിതനിയമനത്തിന് അർഹയാണെന്ന് സുപ്രീംകോടതി വിധിച്ചു. ആശ്രിതനിയമന വിഷയത്തിൽ കുടുംബം എന്നതിന്റെ നിർവചനത്തിൽനിന്ന് വിവാഹിതയായ മകളെ ഒഴിവാക്കാനാവില്ലെന്നും അങ്ങനെ ചെയ്യുന്നത് സ്വേച്ഛാപരമായ നടപടിയാണെന്നും അലഹാബാദ് ഹൈക്കോടതിയിൽനിന്ന് റഫർചെയ്ത കേസിൽ ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മറ്റെല്ലാംകൊണ്ടും യോഗ്യയായ മകൾക്ക്, വിവാഹിതയാണെന്ന കാരണത്താൽമാത്രം ക്ഷേമാനുകൂല്യങ്ങൾ നിഷേധിക്കാനാവില്ലെന്ന ബോംബെ, കർണാടക ഹൈക്കോടതികളുടെ നിലപാടിനോട് സുപ്രീംകോടതി യോജിച്ചു. വിവാഹിതനാണ് എന്ന കാരണത്താൽ മകന് ആശ്രിത ആനുകൂല്യം നിഷേധിക്കുന്നില്ലെന്നിരിക്കേ, മകൾക്ക് അത് ബാധകമാക്കാമോ എന്നുകാട്ടി അലഹാബാദ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ റഫറൻസാണ് സുപ്രീംകോടതിയിലെത്തിയത്.
അമ്മ മരിച്ചതിനെത്തുടർന്ന്, അവരുടെ പേരിലുണ്ടായിരുന്ന ന്യായവില ഷോപ്പിന്റെ ലൈസൻസ് ആവശ്യപ്പെട്ട് വിവാഹിതയായ മകൾ അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആശ്രിത ആനുകൂല്യം നൽകാൻ പരിഗണിക്കുന്ന ‘കുടുംബം’ എന്നതിന്റെ നിർവചനത്തിൽനിന്ന് വിവാഹിതയായ മകളെ ഒഴിവാക്കുന്ന ഉത്തരവാണ് അവർ ചോദ്യംചെയ്തത്. കുടുംബത്തോടൊപ്പമാണ് താമസിക്കുന്നതെന്നും താനും അമ്മയും ചേർന്നാണ് ന്യായവിലഷോപ്പ് നടത്തിയിരുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, അമ്മ മരിച്ചതിനെത്തുടർന്ന് ഷോപ്പിന്റെ ലൈസൻസ് മകൾക്ക് ലഭിക്കാത്തതാണ് കേസിന് കാരണമായത്.
വിവിധ കേസുകളിൽ ഹൈക്കോടതികൾ വ്യത്യസ്ത നിലപാടാണ് ഈ വിഷയത്തിൽ സ്വീകരിച്ചതെന്ന് അലഹാബാദ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിലയിരുത്തി. തുടർന്ന് വിഷയം സുപ്രീംകോടതിക്ക് വിടുകയായിരുന്നു.
വിവാഹശേഷവും പരാതിക്കാരി അമ്മയോടൊപ്പമാണ് കഴിഞ്ഞിരുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഷോപ്പ് നടത്തുന്നതിൽ സജീവമായി അമ്മയെ സഹായിക്കുകയും ചെയ്തിരുന്നു. അമ്മയുടെ മരണശേഷം, ഭിന്നശേഷിക്കാരിയായ സഹോദരിയെ നോക്കിയിരുന്നതും പരാതിക്കാരിയാണ്. അതിനാൽ വിവാഹിതയാണ് എന്ന കാരണത്താൽമാത്രം ഇവരുടെ അപേക്ഷ തള്ളിയത് ഭരണഘടനാപരമായി സാധുതയില്ലാത്ത നടപടിയാണെന്നും സുപ്രീംകോടതി പറഞ്ഞു. നാലാഴ്ചയ്ക്കകം പരാതിക്കാരിക്ക് ഷോപ്പിന്റെ ലൈസൻസ് നൽകാനും സുപ്രീംകോടതി ഉത്തരവിട്ടു.
Content Highlights: Supreme Court mandates married daughters are eligible for compassionate appointments., Excluding married daughters from family definitions is ruled arbitrary and unconstitutional., Court upholds that marital status cannot be a sole ground for denying welfare benefits., Directs authorities to issue license within four weeks to the petitioner.