കെ-ടെറ്റ് നിർബന്ധം: പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി തള്ളി; കേരളത്തിൽ 30,000 അധ്യാപകർ പ്രതിസന്ധിയിൽ

തിരുവനന്തപുരം: കെ-ടെറ്റ് നിർബന്ധമാക്കി സുപ്രീംകോടതി വീണ്ടും ഉത്തരവിറക്കിയതോടെ, തൊഴിൽ ഭീഷണിയുള്ള സ്കൂൾ അധ്യാപകർക്ക് സുരക്ഷയൊരുക്കുന്നതിൽ വഴിയടഞ്ഞ് കേരളം. നേരത്തേ നിയമിക്കപ്പെട്ടവരുടെ യോഗ്യതയിൽ ഇളവുതേടി കേരളമടക്കമുള്ള സംസ്ഥാനങ്ങൾ നൽകിയ പുനഃപരിശോധനാ ഹർജികൾ തള്ളിയാണ് കോടതി നടപടി. തിരുത്തൽഹർജി നൽകാനുള്ള വഴി സർക്കാരിനു മുന്നിലുണ്ടെങ്കിലും അത്യപൂർവ സാഹചര്യത്തിലേ കോടതി അത് പരിഗണിക്കാറുള്ളൂ. രാജ്യത്തെ 20 ലക്ഷം അധ്യാപകരെ ബാധിക്കുന്ന പ്രശ്നമായതിനാൽ, കേന്ദ്രസർക്കാരിന് നിയമനിർമാണം നടത്താമെന്നതാണ് ഇനിയുള്ള പ്രായോഗികമാർഗം. അധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്രം ഉടൻ ഓർഡിനൻസ് പുറപ്പെടുവിക്കണമെന്നും മഴക്കാല പാർലമെന്റ് സമ്മേളനത്തിൽ നിയമഭേദഗതി കൊണ്ടുവരണമെന്നും സംഘപരിവാർ അനുകൂല സംഘടനയായ അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ആവശ്യപ്പെട്ടു.
10-20 വർഷം സർവീസുള്ളവരെ പുറത്താക്കുന്നതിനോട് യോജിപ്പില്ലെന്നും നിയമസാധ്യത തേടുമെന്നും മന്ത്രി എൻ. ഷംസുദ്ദീൻ ‘മാതൃഭൂമി’യോടു പറഞ്ഞു. അധ്യാപക യോഗ്യതയ്ക്ക് കെ-ടെറ്റ് നിർബന്ധമാണെന്നും 2027 സെപ്റ്റംബറിനുള്ളിൽ അതു നേടാത്തവരെ പുറത്താക്കണമെന്നും കഴിഞ്ഞവർഷം സുപ്രീംകോടതി വിധി പുറപ്പെടുവിച്ചപ്പോൾ തൊഴിൽഭീഷണി നേരിട്ട 64,000 അധ്യാപകരാണ് കേരളത്തിലുണ്ടായിരുന്നത്. ഈ വർഷത്തെ കെ-ടെറ്റ് പരീക്ഷയെഴുതി, ഇവരിൽ പകുതിയിലേറെപ്പേർ യോഗ്യത നേടി. ഇതോടെ, സംസ്ഥാനത്ത് ഇനി 30,000 പേരാണ് യോഗ്യത നേടാനുള്ളത്. ജൂണിൽ വീണ്ടും പരീക്ഷ നടക്കും. ടെറ്റ് ഇല്ലാത്തവർക്ക് അതു നേടിയെടുക്കാൻ 2028 സെപ്റ്റംബർവരെ കോടതി സമയം നീട്ടിനൽകിയിട്ടുണ്ട്.
അധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്രനിയമം വേണമെന്ന് കെ.എസ്.ടി.എ. ജനറൽ സെക്രട്ടറി ടി.കെ.എ. ഷാഫിയും എ.കെ.എസ്.ടി.യു. ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണനും ആവശ്യപ്പെട്ടു. നിയമഭേദഗതിക്കായി ശ്രമം നടത്തുമെന്ന്് എൻ.ടി.യു. ജനറൽ സെക്രട്ടറി ടി. അനൂപ്കുമാറും പറഞ്ഞു.
ടെറ്റ് വന്ന വഴി
2009-ലെ വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചാണ് (ആർ.ടി.ഇ.) അധ്യാപകർക്ക് ടെറ്റ് യോഗ്യത നിശ്ചയിച്ചത്. 2012-ൽ ഇതു നടപ്പാക്കി. നിയമം വരുമ്പോൾ മുൻകാല പ്രാബല്യമില്ലെന്ന കണക്കുകൂട്ടലിൽ 2012-നുമുൻപ് നിയമിക്കപ്പെട്ടവർക്ക് സർക്കാർ ഇളവ് നൽകിവന്നു. എന്നാൽ, 2012-ന് മുൻപ് ജോലിയിൽ പ്രവേശിച്ചവർക്കും ടെറ്റ് വേണമെന്നാണ് സുപ്രീംകോടതിവിധി. നെറ്റ്, സെറ്റ്, പി.എച്ച്ഡി. യോഗ്യതയുള്ളവർക്ക് കേരളം ഇളവ് ചോദിച്ചെങ്കിലും നടപ്പായില്ല.
Content Highlights: The Supreme Court has dismissed review petitions seeking KTET exemptions for long-serving school teachers, leaving nearly 30,000 educators in Kerala facing a strict September 2028 deadline to clear the eligibility test or face dismissal.