മത്സരപരീക്ഷകളിൽ സ്ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രസർക്കാർ; പകരക്കാരനെ പരീക്ഷാ ഏജൻസി നൽകും

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ന്യൂഡൽഹി: മത്സരപരീക്ഷകളിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് പകരം പരീക്ഷയെഴുതുന്ന സ്‌ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രസർക്കാർ. ഉദ്യോഗാർഥികൾ സ്വന്തം സ്‌ക്രൈബിനെ ഉപയോഗിക്കുന്ന രീതിക്കുപകരം പരീക്ഷാ ഏജൻസികൾ സ്‌ക്രൈബിനെ നൽകുന്ന വിധത്തിലേക്ക് മാറ്റാനാണ്‌ നീക്കം. ഭിന്നശേഷി ആനുകൂല്യങ്ങളുടെ പേരിൽ പരീക്ഷയെഴുത്തിൽ ക്രമക്കേട് തടയുകയാണ് ലക്ഷ്യം. പരീക്ഷാ ഏജൻസികളോട് സ്‌ക്രൈബുമാരുടെ സംഘത്തെ തയ്യാറാക്കാൻ സാമൂഹികനീതി മന്ത്രാലയം മാർഗരേഖയിൽ നിർദേശം നൽകി. അതുവരെ സ്വന്തം സ്‌ക്രൈബിനെ അനുവദിക്കും.

യുപിഎസ്‌സി, എസ്എസ്‌സി, എൻടിഎ തുടങ്ങിയ പരീക്ഷാ ഏജൻസികളെല്ലാം പരിശീലനം നേടിയ സ്‌ക്രൈബുമാരെ രണ്ടുവർഷത്തിനുള്ളിൽ സജ്ജമാക്കണം. മത്സരസ്വഭാവത്തിലുള്ള എല്ലാ എഴുത്തുപരീക്ഷകൾക്കും ബാധകമാകും. പരീക്ഷാകേന്ദ്രങ്ങൾ ഭിന്നശേഷീസൗഹൃദമാകണം.

Also Read: 24-ാം വയസിൽ സിവിൽ സർവീസിൽ 54-ാം റാങ്ക്; കവിതപോലെ മനോഹരം സോണറ്റിന്റെ നേട്ടം

സ്‌ക്രൈബിനെ വെക്കാതെ സാങ്കേതികസഹായത്തോടെ സ്വന്തമായി പരീക്ഷയെഴുതാൻ ഭിന്നശേഷി ഉദ്യോഗാർഥികളെ പ്രോത്സാഹിപ്പിക്കണമെന്ന് മാർഗരേഖയിൽ പറയുന്നു. ഈ സമീപനം സ്വതന്ത്രമായി പ്രവർത്തിക്കാൻ ഉദ്യോഗാർഥികളെ പ്രാപ്തരാക്കുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. വ്യക്തിഗതമായി ക്രമീകരിക്കുന്ന സ്‌ക്രൈബുകൾ പലപ്പോഴും ക്രമക്കേടുകൾ നടത്തുന്നതായി പരീക്ഷാ ഏജൻസികൾ കണ്ടെത്തിയിരുന്നു.

സ്‌ക്രൈബാകുന്നവർ പരീക്ഷയെഴുതാൻവേണ്ട കുറഞ്ഞയോഗ്യതയ്ക്ക് രണ്ടോ മൂന്നോ വർഷം താഴെയുള്ളവരാകണമെന്നും അതേ പരീക്ഷ എഴുതുന്നവരായിരിക്കരുതെന്നുമുള്ള നിബന്ധനകളും കർശനമാക്കും.

Content Highlights: Centre tightens rules on scribes for disabled candidates in competitive exams