ആർ.ബി.ഐ.യിൽ യങ് പ്രൊഫഷണൽസ് ആകാം; സ്‌റ്റൈപ്പെൻഡ് പ്രതിമാസം 1.5 ലക്ഷം രൂപ

ഇക്കണോമിക്സ്, ഫിനാൻസ്, സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മുൻനിര വിജ്ഞാന-നൈപുണി മേഖലകളിൽ വൈദഗ്ധ്യമുള്ളവർക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈയിലെ സെൻട്രൽ ഓഫീസ് ഡിപ്പാർട്ട്‌മെന്റുകളിൽ യങ് പ്രൊഫഷണൽസ് ആകാം. സ്‌റ്റൈപ്പെൻഡ്: പ്രതിമാസം 1.5 ലക്ഷം രൂപ.
മികച്ച കരിയറും രാജ്യത്തിന്റെ സാമ്പത്തിക നയരൂപവത്കരണങ്ങളിൽ പങ്കാളികളാകാനുള്ള അവസരവുമാണ് ഇതിലൂടെ ലഭിക്കുന്നത്. ഉയർന്ന ശമ്പളത്തോടൊപ്പം ആഗോള നിലവാരമുള്ള പ്രവൃത്തിപരിചയം നേടാം. മൂന്നുവർഷത്തേക്കാണ് നിയമനമെങ്കിലും പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ ഇത് അഞ്ചുവർഷംവരെ നീട്ടാം. 2026 ജൂലായ് ആറ് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. അപേക്ഷകർ 21-30 പ്രായപരിധിയിലായിരിക്കണം.
തിരഞ്ഞെടുപ്പ്
പ്രത്യേക പരീക്ഷകൾ ഉണ്ടായിരിക്കില്ല. അക്കാദമിക് യോഗ്യത, മുൻപരിചയം, സ്റ്റേറ്റ്മെന്റ് ഓഫ് ഇന്ററസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യും. തുടർന്ന് സർട്ടിഫിക്കറ്റ് പരിശോധനയും വ്യക്തിഗത അഭിമുഖവും നടത്തിയാകും അന്തിമ തിരഞ്ഞെടുപ്പ്.
എങ്ങനെ അപേക്ഷിക്കാം
opportunities.rbi.org.in/Scripts/Vacancies.aspx -ലെ വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം yphrmdco@rbi.org.in ലേക്കാണ് അപേക്ഷിക്കേണ്ടത്. സബ്ജക്ട് ലൈനിൽ 'YP Application - Post Code - Name of theCandidate' എന്ന് രേഖപ്പെടുത്തണം. ഒന്നിലധികം തസ്തികകളിലേക്ക് അർഹതയുള്ളവർ ഓരോ തസ്തികയ്ക്കും വെവ്വേറെ അപേക്ഷിക്കണം.
സ്റ്റേറ്റ്മെന്റ് ഓഫ് ഇന്ററസ്റ്റ്
നൂറുകണക്കിന് അപേക്ഷകരിൽനിന്ന് നിങ്ങളെ അഭിമുഖത്തിലേക്ക് ഷോർട്ട്ലിസ്റ്റ് ചെയ്യാൻ സ്‌ക്രീനിങ് കമ്മിറ്റിയെ പ്രേരിപ്പിക്കുന്നത് ഈ ഒരൊറ്റ രേഖയാണ്. പരമാവധി 500 വാക്കുകളിൽ, ഒരു പ്രൊഫഷണൽ എസ്സേ രൂപത്തിലാണ് ഇത് തയ്യാറാക്കേണ്ടത്.
ആമുഖം: അപേക്ഷിക്കുന്ന പോസ്റ്റും നിങ്ങളുടെ അക്കാദമിക് പശ്ചാത്തലവും തമ്മിലുള്ള ബന്ധത്തിൽ എന്തുകൊണ്ട് ആർ.ബി.ഐ. എന്ന് വിശദീകരിക്കുക.
യോഗ്യതയും കഴിവുകളും: തസ്തികയുമായി ബന്ധപ്പെട്ട് നിങ്ങൾ ചെയ്ത പ്രോജക്ടുകൾ, പ്രബന്ധങ്ങൾ, അല്ലെങ്കിൽ നിങ്ങളുടെ സാങ്കേതിക/അനലിറ്റിക്‌സ് കഴിവുകൾ എന്നിവ സൂചിപ്പിക്കുക.
ആർ.ബി.ഐ.ക്കുള്ള നേട്ടം: നിങ്ങളുടെ റിസർച്ച് അല്ലെങ്കിൽ സാങ്കേതിക അറിവ് ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടുമെന്ന് വ്യക്തമാക്കുക.
ഉപസംഹാരം: ഈ അവസരം നിങ്ങളുടെ ഭാവി ലക്ഷ്യങ്ങളുമായി എങ്ങനെ ഒത്തുപോകുന്നെന്നും ബാങ്കിൽ പ്രവർത്തിക്കാനുള്ള സന്നദ്ധതയും അറിയിച്ച് അവസാനിപ്പിക്കുക
റൈറ്റിങ് സാംപിൾ: നിങ്ങളുടെ മൗലിക ആശയങ്ങൾ അടങ്ങിയ, വിഷയസംബന്ധിയായ മികച്ച ഒരു അക്കാദമിക് പേപ്പർ, പോളിസി റിപ്പോർട്ട്, അല്ലെങ്കിൽ സാങ്കേതിക പ്രബന്ധം.
Content Highlights: Monthly stipend of ₹1.5 Lakh for selected Young Professionals., Open to fields like Economics, Finance, Cyber Security, and AI., Initial 3-year tenure, extendable up to 5 years based on performance., Age eligibility criteria calculated as of July 6, 2026., Selection based on academic merit, experience, and personal interview.