ഉടച്ചുകളഞ്ഞില്ലേ, റുഖിയയുടെ സ്വപ്നം ?

#വിനയന്‍ വെണ്ണായൂര്‍

ഭിന്നശേഷിക്കാരിയായ സഹോദരി സുഹറയ്ക്കുവേണ്ടി സ്വന്തം ജീവിതംതന്നെ മാറ്റിവെച്ചതാണ് റുഖിയ. വിവാഹംപോലും കഴിച്ചില്ല. സുഹറയ്ക്കൊപ്പം നല്ലൊരു ജീവിതം സ്വപ്നംകണ്ട അവര്‍ അധ്യാപികയാകാന്‍ ആഗ്രഹിച്ചു. ലക്ഷങ്ങള്‍ കൊടുത്ത് എയ്ഡഡ് സ്‌കൂളില്‍ കയറാന്‍ കഴിവില്ല. പിന്നെ പിഎസ്‌സി നേടലായി ലക്ഷ്യം. പഠിച്ച് പല റാങ്ക് പട്ടികകളിലും ഇടം നേടിയെങ്കിലും നിയമനംകിട്ടിയില്ല. അവസാനം, 42-ാം വയസ്സിലെഴുതിയ യുപിഎസ്ടി (മലപ്പുറം) പരീക്ഷയില്‍ ഭേദപ്പെട്ട റാങ്കു കിട്ടി. ജോലി കിട്ടുമെന്ന് ഉറപ്പിച്ചതാണ്. ആ സ്വപ്നമാണ് കഴിഞ്ഞദിവസം ഉടഞ്ഞുവീണത്. റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞു. ഒഴിവുണ്ടായിട്ടും അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യാത്തതാണ് 47 -കാരിയുടെ സ്വപ്നം കരിച്ചുകളഞ്ഞത്. ഉദ്യോഗസ്ഥരുടെ മുന്നില്‍പ്പോയി കരഞ്ഞുപറഞ്ഞിട്ടും കാര്യമുണ്ടായില്ല.

ചെറുകാവ് ഐക്കരപ്പടി പൂത്തുപ്പാടത്ത് എടക്കാട്ട് പൊറ്റമ്മല്‍ നീരുട്ടിക്കല്‍ ഹുസൈനിന്റെ മകളാണ് റുഖിയ. യുപി വിഭാഗം അധ്യാപകരുടെ ഒഴിവുകളന്വേഷിച്ച് മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പലതവണ കയറിയിറങ്ങിയതാണ്. ഒടുവില്‍ കണ്ണീരോടെയാണ് ഓഫീസിന്റെ പടിയിറങ്ങിയത്.

നേരത്തെ എല്‍ഡിസി റാങ്കു പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. പിഎസ്സി മുഖേന ജോലി കിട്ടാനുള്ള റുഖിയയുടെ ജീവിതത്തിലെ അവസാന അവസരമായിരുന്നു യുപിഎസ്ടി റാങ്ക് പട്ടിക. ഒരൊഴിവുകൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ ജോലി കിട്ടുമായിരുന്നു. കാറ്റഗറി നമ്പര്‍ 517 /2019 വിജ്ഞാപനം നല്‍കി 2020 -ലാണ് എഴുത്തുപരീക്ഷ നടത്തിയത്. 2021 -ല്‍ അഭിമുഖം നടത്തി പ്രസിദ്ധീകരിച്ച പട്ടികയിലെ 437 -ാം നമ്പര്‍ റാങ്കുകാരിയാണ് റുഖിയ. സംവരണ ക്രമത്തില്‍ 512 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കി 476 പേര്‍ക്ക് നിയമനം നല്‍കി. അടുത്ത ഊഴം റുഖിയയുടേതായിരുന്നു.

14 ജില്ലകളിലെയും യുപി സ്‌കൂള്‍ ടീച്ചര്‍ തസ്തികയില്‍, തസ്തികനിര്‍ണയം വഴി ലഭ്യമായ ഒഴിവുകളിലെ നിയമാനുസൃത വിഹിതം അടിയന്തരമായി പിഎസ്സിയിലേക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഉത്തരവുണ്ടായിരുന്നു. ഇതുപ്രകാരം സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍നിന്ന് നിര്‍ദേശമുണ്ടായിട്ടും ഒഴിവ് പിഎസ്സിയില്‍ കൃത്യസമയത്ത് അറിയിക്കാനുള്ള സന്‍മനസ്സ് മലപ്പുറം ഡിഡിഇ ഓഫീസിലെ ഉദ്യോഗസ്ഥര്‍ കാണിച്ചില്ലെന്നാണ് ആക്ഷേപം.

നഷ്ടസ്വപ്നം പങ്കുവെക്കുമ്പോള്‍ റുഖിയയുടെ കണ്ണില്‍നിന്ന് നിരാശയുടെ കണ്ണുനീര്‍ വീഴുന്നു. 85 ശതമാനം മാര്‍ക്കോടെ ബിഎസ്സിയും 72 ശതമാനം മാര്‍ക്കോടെ ബിഎഡ്ഡും കെടെറ്റും പാസായിട്ടുണ്ട്. വിവിധ സ്‌കൂളുകളില്‍ താത്കാലിക അധ്യാപന പരിചയവുമുണ്ട്.

14 വര്‍ഷം മുന്‍പ് ഉമ്മ മരിച്ചതാണ്. സഹോദരി 75 ശതമാനത്തിലധികം മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നു. വാര്‍ധക്യ അവശതകളനുഭവിക്കുന്ന പിതാവിന്റെയും സംരക്ഷണം സ്വയം ഏറ്റെടുത്തതോടെ വിവാഹജീവിതംപോലും വേണ്ടെന്നുവെച്ചതാണ് റുഖിയ. അവര്‍ക്കെല്ലാം കൂടുതല്‍ മെച്ചപ്പെട്ട ജീവിതം സമ്മാനിക്കാമെന്ന സ്വപ്നംകൂടിയാണ് ഇല്ലാതായത്.

Content Highlights: psc posting school teacher rank list expired