രാത്രി ലാന്‍ഡിങ് രണ്ട് മാത്രം, പൈലറ്റുമാരുടെ ജോലിസമയം 10 മണിക്കൂര്‍; പുതിയ മാനദണ്ഡങ്ങളുമായി DGCA

പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

അഹമ്മദാബാദ് വിമാനദുരന്തത്തിന് ശേഷം ഇന്ത്യയിലെ പൈലറ്റുമാരുടെ ജോലിഭാരം, മതിയായ വിശ്രമം ലഭിക്കാത്തത് എന്നീ വിഷയങ്ങള്‍ ചര്‍ച്ചയായി. വിമാനദുരന്തം സംഭവിച്ച് ദിവസങ്ങള്‍ക്കകം ജീവനക്കാരുടെ ജോലിക്രമീകരണത്തില്‍ എയര്‍ ഇന്ത്യയുടെ ഗുരുതരമായ വീഴ്ചയെക്കുറിച്ച് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ) കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. പൈലറ്റുമാരുടെ ജോലിക്രമീകരണത്തിന് കൃത്യമായ മാനദണ്ഡങ്ങള്‍ ഇറക്കുകയും ചെയ്തു. 

 ഇടവേളകളില്ലാത്ത ജോലിയും കൃത്യമായി വിശ്രമം ലഭിക്കാത്തതും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു എന്ന് പൈലറ്റുമാര്‍ തുടക്കം മുതലേ ഉയര്‍ത്തിയ വിഷയമാണ്. സുരക്ഷാക്രമീകരണങ്ങള്‍ കൃത്യമായി പാലിക്കുന്നില്ല എന്ന് കാണിച്ച് ജൂലായ് 23-ന് നാല്  നോട്ടീസുകള്‍ എയര്‍ ഇന്ത്യക്ക് ഗവണ്‍മെന്റ് അയച്ചിരുന്നു. ഇതില്‍ ഇരുപത്തിയൊമ്പത് നിയമലംഘനങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. 

പൈലറ്റുമാരുടെ മാനസികാരോഗ്യത്തിലുള്ള ആശങ്കകള്‍ 

സ്ഥിരതിയില്ലാത്ത പറക്കല്‍ സമയം, നീണ്ട ജോലിസമയം, ജെറ്റ് ലാഗ്, ഭാരിച്ച ഉത്തരവാദിത്തം എന്നിവ കാരണം പൈലറ്റുമാര്‍ക്ക് കടുത്ത മാനസിക സംഘര്‍ഷം നേരിടുന്നുണ്ട്. അഹമ്മദാബാദ് ദുരന്തത്തിന് ശേഷം മെഡിക്കല്‍ അവധി എടുക്കുന്ന പൈലറ്റുമാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. ഇത് പൈലറ്റുമാരുടെ മാനസികാരോഗ്യത്തിന്റെ ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടുന്നു. 

വിവിധ സമയമേഖലയിലൂടെയുള്ള കൂടിയുള്ള നിരന്തരമായ യാത്രകള്‍ പൈലറ്റുമാരില്‍ ജെറ്റ് ലാഗിന് കാരണമാവുന്നുണ്ട്. ഉറക്കക്രമം താളം തെറ്റുന്നത് ക്ഷീണത്തിലേക്കും  ഉറക്കത്തില്‍ ഇടയ്ക്കിടെ ശ്വാസം നിന്ന് പോകുന്ന 'ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ ' എന്ന രോഗാവസ്ഥയിലേക്ക് നയിക്കും. ഈ അവസ്ഥ പകല്‍സമയത്ത് അമിതമായ ഉറക്കത്തിനും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാവുന്നു. 

വിമാനയാത്രയുടെ സുരക്ഷയെ ബാധിക്കുന്നതിനാല്‍ ഡി.ജി.സി.എ ഇത്തരം ആരോഗ്യപ്രശ്‌നങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഈ ആശങ്കകള്‍ പരിഹരിക്കാന്‍ വേണ്ടി പൈലറ്റുമാരുടെ ജോലിക്രമവുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങള്‍  ഡി.ജി.സി.എ പുറത്തിറക്കിയിരുന്നു. 

പുതുക്കിയ ഡി.ജി.സി.എ മാനദണ്ഡങ്ങള്‍

  • രാത്രിയില്‍( അര്‍ദ്ധരാത്രി പന്ത്രണ്ട് മണി മുതല്‍ രാവിലം ആറ് മണിവരെ) വിമാനം പറത്താനുള്ള പരമാവധി സമയം എട്ട് മണിക്കൂറും ജോലി സമയം പരമാവധി പത്ത് മണിക്കൂറുമാക്കി.   
  • രാത്രിയിലെ ലാന്‍ഡിംഗ് ആറില്‍ നിന്ന് രണ്ടായി ചുരുക്കി. 
  • കൃത്യമായ വിശ്രമം ഉറപ്പുവരുത്താന്‍  ആഴ്ച്ചയിലെ അവധി മുപ്പത്തിയാറ് മണിക്കൂറില്‍ നിന്ന് നാല്‍പ്പത്തിയെട്ട് മണിക്കൂറാക്കി ഉയര്‍ത്തി. 

പുതുക്കിയ നിയമങ്ങള്‍ 2025 ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ഡി.ജി.സി.എ തീരുമാനിച്ചിരുന്നു. വിമാനക്കമ്പനികള്‍ എതിര്‍ത്തതോടെ പൈലറ്റുമാർക്ക് കോടതിയെ സമീപിക്കേണ്ടി വന്നു. ഡല്‍ഹി കോടതി ജൂലായ് ഒന്ന് മുതല്‍ പൈലറ്റുമാരുടെ ജോലിയും വിശ്രമവും സംബന്ധിച്ച നിയമങ്ങള്‍ നടപ്പാക്കണം എന്ന് വിധിച്ചു. 

പൈലറ്റുമാരുടെ അവധിദിന ക്രമീകരണം

എയര്‍ ഇന്ത്യയില്‍ പൈലറ്റിന് ആറ് കാഷ്വല്‍ അവധിയും പന്ത്രണ്ട് മെഡിക്കല്‍ അവധിയും മുപ്പത് പ്രിവിലേജ് അവധികളും ലഭിക്കും. പ്രിവിലേജ് അവധി ലഭിക്കാന്‍ ഒരു വര്‍ഷം മുമ്പ് അപേക്ഷിക്കണം. ഇന്‍ഡിഗോയില്‍ പൈലറ്റുമാർക്ക് നാല്‍പ്പത്തിരണ്ടും ഫസ്റ്റ് ഓഫീസര്‍മാര്‍ക്ക് ഇരുപത്തിരണ്ട് പ്രിവിലേജ് ലീവുകളും ഉണ്ട്. 

കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ കുറഞ്ഞ നിരക്കിലുള്ള വിമാനകമ്പനികള്‍ ഹ്രസ്വദൂര അന്താരാഷ്ട്ര വിമാനസര്‍വീസുകളുടെ എണ്ണം കൂട്ടിയിരുന്നു. ഇത് കാരണം രാത്രികാല വിമാനയാത്രകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. പലപ്പോഴും പൈലറ്റുമാർക്ക് ലക്ഷ്യസ്ഥാനത്ത് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നില്ല. ജോലിയുടെ ക്രമീകരണം ഒരാഴ്ച മുമ്പ് തയ്യാറാക്കണമെങ്കിലും ഇത് ചെയ്യാറില്ല. അവസാന നിമിഷത്തിലെ മാറ്റങ്ങളും പതിവാണ്.

കോക്ക്പിറ്റിലെ അന്തരീക്ഷം

പൈലറ്റുമാർ കൂടുതല്‍ സമയം ചെലവഴിക്കുന്ന കോക്ക്പിറ്റുകളില്‍ സ്ഥലപരിമിതിയും കുറഞ്ഞ ചലനസ്വാതന്ത്ര്യവുമാണുള്ളത്. കൂടാതെ, വായുസഞ്ചാരക്കുറവ്, കുറഞ്ഞ വെളിച്ചം, പശ്ചാത്തല ശബ്ദം, പ്രകമ്പനം, ഓക്‌സിജന്‍ മര്‍ദ്ദത്തില്‍ അടിക്കടിയുള്ള മാറ്റങ്ങള്‍ എന്നിവ ശരീരത്തെ നിരന്തരമായ മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ പ്രേരിപ്പിക്കുന്നു, ഇത് പൈലറ്റുമാരില്‍ കടുത്ത ക്ഷീണത്തിന് കാരണമാകുന്നു.

ഇന്ത്യയിലെ പൈലറ്റുമാരെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്ക്

2024 നവംബറിലെ കണക്കുകള്‍ പ്രകാരം  ഇന്ത്യയില്‍ 11,775 പൈലറ്റുകള്‍ ഉണ്ട്. ഡി.ജി.സി.എ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും 3,500 പൈലറ്റുകള്‍ ഉണ്ടെന്നുമാണ് എയര്‍ഇന്ത്യയുടെ വാദം. 2035-ഓടെ ആയിരം പുതിയ വിമാനങ്ങള്‍ക്ക് എയര്‍ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: DGCA issues new regulations for pilot duty time and rest periods to address safety concerns