ഒഡേപെക് റിക്രൂട്ട്മെന്റുകള്‍ കേരളത്തിന് പുറത്തേക്കും, ഭാഷാ പരിശീലനത്തിന് 10,000 രൂപ സ്റ്റൈപ്പെന്‍ഡ്

#ടി.ജി. ബേബിക്കുട്ടി
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

തിരുവനന്തപുരം: കേരളത്തിന് പുറത്തുള്ള മലയാളിയുദ്യോഗാര്‍ഥികളെ ലക്ഷ്യമിട്ട് ഒഡേപെക് വിദേശജോലിക്കുള്ള റിക്രൂട്ട്മെന്റുകള്‍ മറ്റുസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. കൂടുതല്‍ മലയാളികളുള്ള മറ്റ് നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാനാണ് പദ്ധതി. നഴ്സിങ് അടക്കം വിദഗ്ധതൊഴിലാളികളുടെ റിക്രൂട്ട്മെന്റിനായി വിവിധ വിദേശമന്ത്രാലയങ്ങളുമായി ധാരണയായ സാഹചര്യത്തിലാണ് നടപടി.

ഗള്‍ഫ്രാജ്യങ്ങള്‍ക്കൊപ്പം ജര്‍മനി, യു.കെ., തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലേക്കും തൊഴില്‍വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഒഡേപെക് (ഓവര്‍സീസ് ഡിവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്) വഴി ഉദ്യോഗാര്‍ഥികളെ അയക്കുന്നുണ്ട്. ജര്‍മനിയിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഭാഗമായി ഓഫ്ലൈന്‍ ഭാഷാപരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 10,000 രൂപ സ്‌റ്റൈപ്പെന്‍ഡ് നല്കുന്നുണ്ട്. നിലവില്‍ എണ്ണൂറോളം നഴ്സുമാര്‍ പരിശീലനത്തിലുണ്ട്. 71 പേരെ ജര്‍മനിയിലേക്ക് റിക്രൂട്ട്‌ചെയ്തിരുന്നു.

2018-ലെ കരാറനുസരിച്ച് യു.കെ.യിലെ ആശുപത്രികളില്‍ ഇതിനോടകം 700 പേര്‍ക്ക് ജോലി ലഭിച്ചതായി ഒഡേപെക് മാനേജിങ് ഡയറക്ടര്‍ കെ.എ. അനൂപ് പറഞ്ഞു. യു.കെ. അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിയമനം ആഗ്രഹിക്കുന്നവര്‍ക്കായി വിദേശഭാഷാപരിശീലനകേന്ദ്രങ്ങള്‍ക്ക് ഒഡേപെക് തുടക്കമിട്ടിരുന്നു. ആയിരത്തോളം വിദ്യാര്‍ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കിയതായി അദ്ദേഹം വ്യക്തമാക്കി.

ബെല്‍ജിയത്തിലേക്കുള്ള റിക്രൂട്ട്മെന്റിന്റെപേരില്‍ വന്‍ തൊഴില്‍ത്തട്ടിപ്പാണ് മുന്‍പ് നടന്നിരുന്നത്. ഒഡേപെകും വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് രൂപവത്കരിച്ച കണ്‍സോര്‍ഷ്യംവഴി അടുത്തിടെ 178 നഴ്സുമാരെ ബെല്‍ജിയത്തിലേക്ക് റിക്രൂട്ട്‌ചെയ്തിരുന്നു. ഉസ്ബെക്കിസ്താനിലേക്ക് നൂറോളം അധ്യാപകരെ ഒഡേപെക് റിക്രൂട്ട്‌ചെയ്തു.

Content Highlights: ODEPC expands recruitment to other states in India targeting Malayalee job seekers.