പ്ലസ്ടുക്കാർക്ക് അധ്യാപകരാകാൻ ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാം; പ്രവേശനം NCET വഴി

#ഡോ. എസ്. രാജൂകൃഷ്ണൻ
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കേന്ദ്ര/സംസ്ഥാന സർവകലാശാലകൾ, സ്ഥാപനങ്ങൾ എന്നിവയിൽ ചിലതിലെ നാലുവർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമുകളിലെ (ഐ.ടി.ഇ.പി.) 2026-27 സെഷനിലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റിന് (എൻ.സി.ഇ.ടി.) അപേക്ഷിക്കാം.

എജുക്കേഷൻ, ഒരു നിശ്ചിതവിഷയം എന്നീ രണ്ടുമേഖലകളിലെ പഠനങ്ങൾ സംയോജിപ്പിക്കുന്ന, ഐ.ടി.ഇ.പി., ഒരു ഡ്യുവൽ മേജർ ഹോളിസ്റ്റിക് ബാച്ച്‌ലർ പ്രോഗ്രാമാണ്. സ്കൂൾ അധിഷ്ഠിത സ്പെഷ്യലൈസേഷൻ ഒരു മേജറായും ഓപ്റ്റുചെയ്യുന്ന വിഷയം രണ്ടാംമേജറായും പഠിക്കുന്നു.

സ്ഥാപനങ്ങൾ

സ്ഥാപനങ്ങളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടി.കൾ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (എൻ.ഐ.ടി.കൾ), റീജണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് എജുക്കേഷൻ (ആർ.ഐ.ഇ.കൾ), സർക്കാർ/സ്വകാര്യ/ഓട്ടോണമസ് കോളേജുകൾ തുടങ്ങിയവ ഉൾപ്പെടും.

വിവിധ സംസ്ഥാനങ്ങളിലായി ബി.എ./ബി.എസ്‌സി./ബി.കോം. ബി.എഡിന് 16,950 സീറ്റുകളുണ്ട്.

* ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ)

* ഐ.ഐ.ടി.: ഖരഗ്പുർ, ഭുവനേശ്വർ, റോപർ, ജോദ്പുർ, ധൻബാദ്

* എൻ.ഐ.ടി.: വാറങ്കൽ, പുതുച്ചേരി, ജലന്ധർ, തിരുച്ചിറപ്പള്ളി, അഗർത്തല, കോഴിക്കോട്

* അലിഗർ മുസ്‌ലിം, ഡൽഹി, ജാമിയ മില്ലിയ ഇസ്‌ലാമിയ, പോണ്ടിച്ചേരി

*മഹാത്മാഗാന്ധി അന്തർരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ (വാർധ), നാഷണൽ സാൻസ്‌ക്രിറ്റ് (ആന്ധ്രപ്രദേശ്)

*സെൻട്രൽ സാൻസ്‌ക്രിറ്റ് (വിവിധ കാമ്പസുകൾ) തുടങ്ങിയ സർവകലാശാലകൾ

* കേരള, രാജസ്ഥാൻ, തമിഴ്നാട്, ഹരിയാണ, പഞ്ചാബ്, കശ്‌മീർ, ഝാർഖണ്ഡ്, ജമ്മു എന്നീ കേന്ദ്രസർവകലാശാലകൾ

* റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ (ഭോപാൽ, അജ്മീർ)

* മിറാണ്ട ഹൗസ് (ഡൽഹി)

* ലേഡി ശ്രീറാം കോളേജ് ഫോർ വിമൻ (ഡൽഹി)

കേരളത്തിലെ സ്ഥാപനങ്ങൾ, കോഴ്സുകൾ

* കോഴിക്കോട് എൻ.ഐ.ടി: ബി.എസ്‌സി. ബി.എഡ്.

* കേരള കേന്ദ്രസർവകലാശാല (പെരിയ, കാസർകോട്) ബി.എ./ബി.കോം./ബി.എസ്‌സി. ബി.എഡ്.

* ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സാൻസ്‌ക്രിറ്റ് (കാലടി)-ബി.എ. ബി.എഡ്.

* സെൻട്രൽ സാൻസ്‌ക്രിറ്റ് യൂണിവേഴ്സിറ്റി ഗുരുവായൂർ കാമ്പസ്: ബി.എ. ബി.എഡ്.

* അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (നിലമ്പൂർ): ബി.എ./ബി.എസ്‌സി/ബികോം. ബി.എഡ്.

* മജ്‌ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജ് (വളാഞ്ചേരി): ബി.എ./ബി.കോം./ബി.എസ്‌സി ബി.എഡ്.

* സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി (കൊണ്ടോട്ടി): ബി.എ./ബി.എസ്‌സി ബി.എഡ്.

(അവസാനത്തെ മൂന്നും ഓട്ടോണമസ് ആണ്)

പരീക്ഷയുടെ പരിധിയിൽവരുന്ന സ്ഥാപനങ്ങളുടെ പൂർണപട്ടിക (നിലവിലെ ലിസ്റ്റ്), അവയിലെ കോഴ്സുകൾ, പ്രവേശനയോഗ്യത, യോഗ്യതാമാർക്ക് വ്യവസ്ഥ, എൻ.സി.ഇ.ടി.യിൽ അഭിമുഖീകരിക്കേണ്ട വിഷയങ്ങൾ തുടങ്ങിയവ സഹിതമുള്ള വിശദാംശങ്ങൾ exams.nta.nic.in/NCET

സ്ഥാപനങ്ങൾ തിരഞ്ഞെടുക്കണം

പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങൾ, പ്രോഗ്രാമുകൾ എന്നിവ അപേക്ഷനൽകുമ്പോൾ തിരഞ്ഞെടുക്കണം. പുതിയ പട്ടിക പരിഗണിച്ച്, ഇപ്പോൾ നൽകുന്ന പട്ടികയിൽ ഭേദഗതിവരുത്താൻ അപേക്ഷകർക്ക് കൗൺസലിങ് ഘട്ടത്തിൽ അവസരമുണ്ടാകും. എൻ.സി.ഇ.ടി. അപേക്ഷനൽകുന്നതിനൊപ്പം, പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ച് അവരുടെ പ്രവേശനപ്രക്രിയ മനസ്സിലാക്കണം.

പരീക്ഷ

ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള, മൂന്നുമണിക്കൂർ ദൈർഘ്യമുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാകും എൻ.സി.ഇ.ടി.

ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ മൊത്തം 13 ഭാഷകളിൽ ചോദ്യപ്പേപ്പർ ലഭ്യമാക്കും. അപേക്ഷ നൽകുമ്പോൾ ഏത് ഭാഷയിലെ ചോദ്യപ്പേപ്പർ വേണമെന്ന് രേഖപ്പെടുത്തും. പിന്നീട് അത് മാറ്റാൻകഴിയില്ല.

ഇംഗ്ലീഷ് ടെസ്റ്റ് ബുക്‌ലെറ്റ് എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ലഭിക്കും. കേരളത്തിലെയും ലക്ഷദ്വീപിലെയും പരീക്ഷാകേന്ദ്രങ്ങളിൽ ഇംഗ്ലീഷ്, മലയാളം ചോദ്യപ്പേപ്പറുകൾ ലഭിക്കും.

പരീക്ഷ ഏപ്രിൽ 17-ന് രാജ്യത്തെ 170 കേന്ദ്രങ്ങളിൽ നടത്തും. അപേക്ഷകരുടെ എണ്ണം, സബ്ജക്ട്‌ താത്പര്യങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോൾ ആവശ്യമെങ്കിൽ പലദിവസങ്ങളിൽ, ദിവസേന രണ്ടു ഷിഫ്റ്റുകളിലായും നടത്തിയേക്കാം.

പരീക്ഷാഘടന, സിലബസ്

പരീക്ഷയ്ക്ക് നാലു സെക്‌ഷനുകൾ ഉണ്ടാകും. ഓരോ സെക്‌ഷനിൽനിന്നും നിശ്ചിത എണ്ണം വിഷയങ്ങൾ തിരഞ്ഞെടുക്കണം. നാല് സെക്‌ഷനുകളിൽനിന്നായി മൊത്തം ഏഴ് ടെസ്റ്റുകൾ ഒരാൾ അഭിമുഖീകരിക്കേണ്ടിവരും. അഭിമുഖീകരിക്കുന്ന വിഷയങ്ങൾ അപേക്ഷനൽകുമ്പോൾ തിരഞ്ഞെടുക്കണം.

സെക്‌ഷനുകൾ, വിഷയങ്ങൾ

• സെക്‌ഷൻ 1:38 വ്യത്യസ്ത ഭാഷകളിൽനിന്നും രണ്ടു വ്യത്യസ്തഭാഷകൾ തിരഞ്ഞെടുക്കണം. ഓരോന്നിൽനിന്നും 23 വീതം ചോദ്യങ്ങൾ. 20 വീതം ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. റീഡിങ് കോംപ്രിഹൻഷൻ, ലിറ്റററി ആപ്റ്റിറ്റ്യൂഡ്, വൊക്കാബുലറി എന്നിവ വിലയിരുത്തുന്ന ചോദ്യങ്ങൾ പ്രതീക്ഷിക്കാം.

ലഭ്യമായ ഭാഷകൾ

• ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുഗു, ഉർദു, ഇംഗ്ലീഷ് ഫോർ കമ്യൂണിക്കേഷൻ, ഹിന്ദി ഫോർ കമ്യൂണിക്കേഷൻ, അറബിക്, ബോഡോ, ചൈനീസ്, ഡോഗ്രി, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, ജാപ്പനീസ്, കശ്‌മീരി, കൊങ്കണി, മൈഥിലി, മണിപ്പൂരി, നേപ്പാളി, പേർഷ്യൻ, റഷ്യൻ, സന്താലി, സിന്ധി, സ്പാനിഷ്, ടിബറ്റൻ, സാൻസ്‌ക്രിറ്റ്, ഗാറോ, ഖാസി, പാലി.

• സെക്‌ഷൻ 2:26 ഡൊമൈൻ സ്പെസിഫിക് വിഷയങ്ങളിൽനിന്നും ചേരാനുദ്ദേശിക്കുന്ന സ്ഥാപനത്തിനനുസരിച്ച് മൂന്നെണ്ണം തിരഞ്ഞെടുക്കണം. ഓരോന്നിൽനിന്നും 28 വീതം ചോദ്യങ്ങൾ. 25 വീതം ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. പന്ത്രണ്ടാം ക്ലാസ് സിലബസ് പ്രകാരമുള്ളതായിരിക്കും ചോദ്യങ്ങൾ. സിലബസ് വെബ്സൈറ്റിലുണ്ട്.

ഡൊമൈൻ സ്പെസിഫിക് വിഷയങ്ങൾ: അക്കൗണ്ടൻസി/ബുക്ക് കീപ്പിങ്, അഗ്രിക്കൾച്ചർ, ആന്ത്രോപ്പോളജി, ബയോളജി/ബയോളജിക്കൽ സ്റ്റഡീസ്/ബയോടെക്നോളജി/ ബയോകെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, എൻവയൺമെന്റൽ സ്റ്റഡീസ്, കംപ്യൂട്ടർ സയൻസ്/ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ്, എൻജിനിയറിങ് ഗ്രാഫിക്സ്, ഓൺട്രപ്രനേർഷിപ്പ്, ഫൈൻ ആർട്സ്/വിഷ്വൽ ആർട്സ് (സ്‌കൾപ്ച്ചർ/പെയിന്റിങ്)/കൊമേർഷ്യൽ ആർട്, ജ്യോഗ്രഫി/ജിയോളജി, ഹിസ്റ്ററി, ഹോം സയൻസ്, നോളജ് ട്രഡീഷൻ-പ്രാക്ടീസസ് ഇന്ത്യ, ലീഗൽ സ്റ്റഡീസ്, മാസ് മീഡിയ/മാസ് കമ്യൂണിക്കേഷൻ, മാത്തമാറ്റിക്സ്/അപ്ലൈഡ് മാത്തമാറ്റിക്സ്, പെർഫോമിങ് ആർട്സ്, ഫിസിക്കൽ എജുക്കേഷൻ/നാഷണൽ കെഡേറ്റ് കോർപ്‌സ്‌ (എൻ.സി.സി.)/യോഗ, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സാൻസ്‌ക്രിറ്റ്, സോഷ്യോളജി.

• സെക്‌ഷൻ 3: മൊത്തം 28 ചോദ്യങ്ങളുള്ള ജനറൽഭാഗം ആയിരിക്കും. അതിൽ 25 ചോദ്യങ്ങൾക്ക് ഉത്തരംനൽകണം.

ഈ സെക്‌ഷൻ നിർബന്ധമാണ്. ജനറൽ നോളജ്, കറന്റ് അഫയേഴ്സ്, ജനറൽ മെന്റൽ എബിലിറ്റി, ന്യൂമറിക്കൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് റീസണിങ്, ലോജിക്കൽ ആൻഡ് അനലിറ്റിക്കൽ റീസണിങ് തുടങ്ങിയവയിൽനിന്നുമാകും ചോദ്യങ്ങൾ.

• സെക്‌ഷൻ 4: ടീച്ചിങ് അഭിരുചിയളക്കുന്ന 23 ചോദ്യങ്ങളുണ്ടാകും. അതിൽ 20 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ഈ സെക്‌ഷനും നിർബന്ധമാണ്. സയൻസ്, ആർട്സ്, മാത്തമാറ്റിക്സ്, ഫെർഫോമിങ് ആർട്സ്, ഭാഷകൾ എന്നിവയുടെ ടീച്ചിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങളിൽനിന്നുമുള്ള ചോദ്യങ്ങൾ.

നാലു സെക്‌ഷനുകളിലായി മൊത്തമുള്ള 181 ചോദ്യങ്ങളിൽനിന്നും മുകളിൽ സൂചിപ്പിച്ചിട്ടുള്ള രീതിയിൽ 160 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം (ഓരോ ടെസ്റ്റിലും മൂന്ന് ചോയ്സ് ചോദ്യങ്ങൾവീതം ഉണ്ടാകും). ശരിയുത്തരത്തിന് നാലുമാർക്ക് വീതം. ഉത്തരം തെറ്റിയാൽ ഒരുമാർക്ക് വീതം നഷ്ടപ്പെടും.

പരീക്ഷാകേന്ദ്രങ്ങൾ

പരീക്ഷാകേന്ദ്രങ്ങളിൽ എറണാകുളം, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവയും ഉൾപ്പെടുന്നു. അപേക്ഷനൽകുമ്പോൾ മുൻഗണന നിശ്ചയിച്ച് നാല് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം. സ്ഥിരം മേൽവിലാസവുമായി/നിലവിലെ മേൽവിലാസവുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ പരീക്ഷാകേന്ദ്രങ്ങളേ തിരഞ്ഞെടുക്കാൻ കഴിയൂ.

സ്‌കോർ

പരീക്ഷാർഥികൾക്കു ലഭിച്ച സ്‌കോർ/ മൾട്ടിപ്പിൾ സെഷനുകളിൽ പരീക്ഷ നടത്തിയെങ്കിൽ എൻ.ടി.എ. സ്‌കോർ എന്നിവ എൻ.ടി.എ. പ്രസിദ്ധപ്പെടുത്തും. സ്‌കോർ കണക്കാക്കുന്ന രീതി ഇൻഫർമേഷൻ ബുള്ളറ്റിനിലും വെബ്സൈറ്റിലുമുണ്ട്.

റാങ്ക് പട്ടിക, പ്രവേശനം സ്ഥാപനതലത്തിൽ അപേക്ഷ ക്ഷണിച്ച്, പരീക്ഷ നടത്തി, സ്‌കോർ കാർഡ് നൽകുക/സ്ഥാപനങ്ങൾക്ക് സ്‌കോർ വിവരങ്ങൾ നൽകുക എന്നിവവരെയുള്ള ഘട്ടങ്ങളാണ് എൻ.ടി.എ.യുടെ പരിധിയിൽവരുന്നത്.

ഫലപ്രഖ്യാപനത്തിനുശേഷം, ഓരോ സ്ഥാപനത്തിലെയും പ്രവേശനത്തിനുള്ള മെറിറ്റ് പട്ടിക തയ്യാറാക്കി അവരുടേതായ സംവരണതത്ത്വങ്ങൾ, മറ്റു വ്യവസ്ഥകൾ എന്നിവ പാലിച്ച് കൗൺസലിങ് നടത്തി പ്രവേശനം നൽകുന്നത് ബന്ധപ്പെട്ട സ്ഥാപനമായിരിക്കും. അതിനാൽ പ്രവേശനകാര്യങ്ങൾക്ക് സ്ഥാപനങ്ങളുമായി ബന്ധപ്പെടണം. അപേക്ഷയിൽ തിരഞ്ഞെടുക്കാത്ത സ്ഥാപനങ്ങളിലെ പ്രവേശനത്തിനും എൻ.സി.ഇ.ടി. അഭിമുഖീകരിച്ചവരെ പരിഗണിച്ചേക്കാം. മറ്റ് യൂണിവേഴ്സിറ്റികൾ/ ഓർഗനൈസേഷനുകൾ/സ്ഥാപനങ്ങൾ എന്നിവ സ്‌കോർ അവരുടെ സമാന പ്രോഗ്രാം പ്രവേശനങ്ങൾക്ക്, അവരുടെ വ്യവസ്ഥകൾ പ്രകാരം ഉപയോഗിച്ചേക്കാം.

പ്രവേശനയോഗ്യത

ഏതെങ്കിലും സ്ട്രീമിൽ പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചവരോ 2026-ൽ പരീക്ഷ അഭിമുഖീകരിക്കുന്നവരോ ആയിരിക്കണം. എൻ.സി.ഇ.ടി. അഭിമുഖീകരിക്കാൻ പൊതുവേ പ്രായപരിധിയില്ല.

പ്രവേശനം തേടുന്ന സ്ഥാപനത്തിനനുസരിച്ച്, പ്രവേശനത്തിനായി യോഗ്യതാപരീക്ഷ ജയിച്ച വർഷം, അപേക്ഷകരുടെ പ്രായം, യോഗ്യതാപരീക്ഷയിലെ മാർക്ക് എന്നിവസംബന്ധിച്ച വ്യവസ്ഥകളുണ്ടെങ്കിൽ അത് തൃപ്തിപ്പെടുത്തണം. യോഗ്യതാവ്യവസ്ഥകൾ, സ്ഥാപന വെബ്സൈറ്റ് പരിശോധിച്ച് ഉറപ്പാക്കണം.

കേരളത്തിലെ സ്ഥാപനങ്ങളിൽ പ്രവേശനം തേടുന്നവർക്ക് പൊതുവേ പ്ലസ്ടു പരീക്ഷയിൽ 50 ശതമാനം മാർക്ക് വേണം എന്ന വ്യവസ്ഥ എൻ.സി.ഇ.ടി. വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

അപേക്ഷ

exams.nta.nic.in/NCET/ വഴി മാർച്ച് 10-ന് രാത്രി 11.50 വരെ നൽകാം. അപേക്ഷാ ഫീസ് 1200 രൂപ. ഒ.ബി.സി./ഇ.ഡബ്ല്യു.എസ്.-1000 രൂപ, പട്ടിക/ഭിന്നശേഷി/തേർഡ് ജൻഡർ-650 രൂപ. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്/നെറ്റ് ബാങ്കിങ്/യു.പി.ഐ. വഴി 11-ന് രാത്രി 11.50 വരെ അടയ്ക്കാം.

അപേക്ഷയിലെ പിശകുകൾ തിരുത്താൻ (നിശ്ചിത ഫീൽഡുകളിൽ മാത്രം) 12 മുതൽ 14 വരെ അവസരം ലഭിക്കും.

പരീക്ഷാകേന്ദ്രം സംബന്ധിച്ച അറിയിപ്പ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡിങ്, പരീക്ഷകഴിഞ്ഞുള്ള റെക്കോഡഡ് റെസ്പോൺസസ്, ഉത്തരസൂചിക എന്നിവ വെബ്സൈറ്റിൽ ലഭ്യമാക്കൽ, ഫലപ്രഖ്യാപനം എന്നിവ സംബന്ധിച്ച അറിയിപ്പുകൾ, യഥാസമയം വെബ്സൈറ്റിൽ ലഭ്യമാക്കും.

Content Highlights: National Common Entrance Test (NCET) 2026 applications are open for 4-year Integrated Teacher Education Programs (ITEP) at central/state universities. Apply now!