പോലീസിൽ ആളില്ല, എന്നിട്ടും നിയമനത്തിന് ഒച്ചിന്റെ വേഗം; സി.പി.ഒ റാങ്ക്ലിസ്റ്റിന്റെ കാലാവധി തീരുന്നു

''ഒഴിവുകള്‍ക്ക് അനുസൃതമായ റാങ്ക് ലിസ്റ്റാണ് ഇടുക എന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് സിപിഒയ്ക്കായി പഠിക്കാന്‍ ആരംഭിച്ചത്. ഒരു വര്‍ഷത്തോളം ഈ പരീക്ഷ മാത്രം കണക്കാക്കി രാവും പകലും ഇരുന്ന് പഠിച്ചു. സാധാരണക്കാരനായ എന്റെ പ്രാരാംബ്ധങ്ങള്‍ കഴിഞ്ഞുള്ള സമയങ്ങളിലായിരുന്നു പഠനം. ഏറെ ശ്രമത്തിനൊടുവില്‍ 545ാം റാങ്ക് ലഭിച്ചപ്പോള്‍ ലക്ഷ്യം നേടിയ സന്തോഷമായിരുന്നു. കാരണം ആ റാങ്കിന് നിയമനം ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നു. പക്ഷേ ഏപ്രില്‍ 15 കഴിയുമ്പോള്‍ ആ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കും. എന്റെ സ്വപ്നങ്ങളുടെ ഒരേടും.....''
നിറഞ്ഞ കണ്ണുകളോടെയാണ് കൊയിലാണ്ടി സ്വദേശി അഭിന്‍ പറഞ്ഞുതീർത്തത്. സംസ്ഥാനത്തെ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ നിയമനം കാത്തിരിക്കുന്ന നിരവധി പേരുടെ നിലവിളികളിലൊന്ന് മാത്രമാണ് അഭിന്റേത്. റാങ്ക്പട്ടിക തീരാന്‍ ദിവസങ്ങള്‍ ബാക്കിനില്‍കേ 30 ശതമാനം പോലും നിയമനങ്ങള്‍ നടന്നിട്ടില്ല. പോലീസ് സേനയില്‍ കടുത്ത ആള്‍ക്ഷാമം നേരിടുമ്പോഴാണ് ആയിര കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ വയറ്റത്തടിച്ചുകൊണ്ട് നിയമനം ഇഴയുന്നത്.
കഴിഞ്ഞ രണ്ട് തവണ സിപിഒ റാങ്ക് ലിസ്റ്റ് അവസാനിക്കുമ്പോഴും സെക്രട്ടറിയേറ്റിന് മുന്നില്‍ സമാന പ്രശ്നങ്ങള്‍ ഉന്നയിച്ച് ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്തിരുന്നു. റാങ്ക് ലിസ്റ്റ് കാലാവധി തീരുന്ന അവസാന നിമിഷം വരെയും ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ ഒരിറ്റ് ദയക്കായി കാത്തിരുന്നു. പക്ഷേ നിരാശയായിരുന്നു ഫലം. 2024ല്‍ അവസാനിച്ച റാങ്ക് ലിസ്റ്റില്‍ പതിനാലായിരത്തോളം പേരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആ ലിസ്റ്റില്‍ 32 ശതമാനം പേര്‍ക്ക് മാത്രമാണ് അന്ന് നിയമനം നല്‍കിയത്. സമരങ്ങള്‍ കാരണം ഇനി വലിയ ലിസ്റ്റുകള്‍ പുറത്ത് വിടില്ലെന്നും ചെറിയ ലിസ്റ്റുകള്‍ മാത്രമേ പുറത്ത് വിടുകയുള്ളുവെന്നും സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. വളരെയേറെ കൈയടി നേടിയ തീരുമാനമായിരുന്നു അത്. സിപിഒ ലിസ്റ്റ് പ്രഹസനം മാത്രമാണെന്ന് കരുതിയ നിരവധി പേര്‍ ഇതേ വാഗ്ദാനം വിശ്വസിച്ച് അടുത്ത സിപിഒ പരീക്ഷയ്ക്കായി ഒരുങ്ങി. വാഗ്ദാനം പോലെ തന്നെ ആറായിരം പേരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചെറിയ റാങ്ക് ലിസ്റ്റായിരുന്നു പ്രസിദ്ധീകരിച്ചത്. ലിസ്റ്റിലെ ഒരു നിശ്ചിത റാങ്ക് വരെയുള്ളവര്‍ക്ക് ജോലി ലഭിക്കുമെന്നും പല ഉദ്യോഗാര്‍ഥികളും വിശ്വസിച്ചു. എന്നാല്‍ റാങ്ക് പട്ടിക തീരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍കേ 30 ശതമാനം പോലും നിയമനങ്ങള്‍ നടന്നിട്ടില്ല. അതായത് ആ ലിസ്റ്റില്‍ നിന്ന് 2000 പേരെ പോലും തികച്ച് നിയമനം നല്‍കിയിട്ടില്ലെന്ന് ചുരുക്കം.
നിലവില്‍ ഫസ്റ്റ് ബാച്ചിനുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫസ്റ്റ് ബാച്ച് ട്രെയിനിംഗ് ലിസ്റ്റിട്ട് ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് പ്രസിദ്ധികരിച്ചത്.
കഴിഞ്ഞ എംഎസ്പി റാങ്ക് ലിസ്റ്റില്‍ നിന്നും 435 പേര്‍ ഫസ്റ്റ് ബാച്ചിന് ജോയിന്‍ ചെയ്തശേഷം 277 പേര്‍ മാത്രമാണ് ഫസ്റ്റ് ബാച്ചില്‍ ട്രെയിനിങ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ബാക്കിയുള്ളവര്‍ വിവിധ കാരണങ്ങളാല്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു.
'വര്‍ഷങ്ങളായി പിഎസ്സി പഠനത്തിന്റെ പിന്നാലെയാണ് പല റാങ്ക് ലിസ്റ്റുകളിലും ചെറിയ മാര്‍ക്ക് വ്യത്യാസത്തിലാണ് നഷ്ടപ്പെട്ടുപോയത്. ഈ വട്ടം സിപിഒ റാങ്ക് ലിസ്റ്റില്‍ 545ാം റാങ്ക് ലഭിച്ചപ്പോള്‍ വളരെ അധികം സന്തോഷം തോന്നിയിരുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് റാങ്ക് ലിസ്റ്റ് ചെറുതായത് കൊണ്ട് നിയമനം ഉണ്ടാവും എന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ റാങ്ക് ലിസ്റ്റ് തീരാന്‍ ആഴ്ച്ചകള്‍ മാത്രമായതോടെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീണു. ഇത്ര ചെറിയ ലിസ്റ്റായിട്ട് പോലും രണ്ടായിരം പേര്‍ക്ക് പോലും നിയമനം ലഭിച്ചില്ലെന്നത് ഉദ്യോഗാര്‍ത്ഥികളുടെ വയറ്റത്തടിക്കുന്നതിന് തുല്യമാണ്'- അബിന്‍ പറയുന്നു.
'ആദ്യ വേക്കന്‍സി വന്നത് 2024 ഒക്ടോബര്‍ മാസത്തിലാണ്. ഞങ്ങളുടെ ആദ്യ ബാച്ച് കയറിയത് 2025 ജനുവരിയിലാണ്. ആറ്, ഏഴ്, പത്ത് എന്നീ നിലയിലാണ് ഓരോ ബറ്റാലിയനിലും വേക്കന്‍സി നികത്തുന്നത്. കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ 4783 പേരെ നിയമിച്ചിട്ടുണ്ട്. 6643 പേരാണ് റാങ്ക് ലിസ്റ്റില്‍ ആകെയുള്ളത്. ഇന്നേ വരെ ഈ റാങ്ക് ജോലി സാധ്യതയുള്ളതായിരുന്നു. വേറെ വേക്കന്‍സി വരാനില്ലെന്നാണ് പോലീസ് ഹെഡ്ക്വാട്ടേര്‍സില്‍ വിളിച്ചപ്പോള്‍ അറിയാനായത്'- അബിന്‍ പറയുന്നു.
'ഒഴിവിന് ആനുപാതികമായി മാത്രമാണ് ലിസ്റ്റ് ഇടുകയുള്ളൂവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതാണ്. ഇനി എന്താണ് ചെയ്യുക എന്ന് എനിക്ക് അറിയില്ല.' 512-ാം റാങ്ക് ലഭിച്ച കോഴിക്കോട് സ്വദേശി അഭിനന്ദ് പറയുന്നു.
റാങ്ക് ലിസ്റ്റ് വന്നിട്ട് 11 മാസമായി. എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. ഈയൊരു പരീക്ഷയ്ക്കായി 1 വര്‍ഷം പൂര്‍ണ്ണമായും സമര്‍പ്പിച്ചു.ഒഴിവിന് ആനുപാതികമായി മാത്രമാണ് ലിസ്റ്റ് ഇടുകയുള്ളുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതാണ്. അതിന് ശേഷം വന്ന റാങ്ക് ലിസ്റ്റില്‍ നിന്ന് മുന്‍കാല ന്യൂനതകള്‍ എല്ലാം എടുത്തുമാറ്റും എന്നാണ് കരുതിയത്. എന്നാല്‍ കഴിഞ്ഞ കാല ലിസ്റ്റുകള്‍ പോലെ തന്നെയായി മാറിയിരിക്കുകയാണ് ഈ പുതിയ ലിസ്റ്റും.കഴിഞ്ഞ റാങ്ക് ലിസ്റ്റിലെ നിയമനശുപാര്‍ശകളുടെ അത്ര പോലും ആള്‍ക്കാര്‍ ഈ റാങ്ക് ലിസ്റ്റില്‍ ഇല്ല. കാലാവധി അവസാനിക്കുന്ന ഈ ഘട്ടത്തില്‍ ആരോടാണ് സഹായം ചോദിക്കേണ്ടതെന്ന് അറിയാതെയിരിക്കുകയാണ് ഞങ്ങള്‍- വാക്കുകള്‍ മുഴുപ്പിക്കാനാവാതെ നിരാശയോടെ അഭിനന്ദ് പറയുന്നു.
7 ബറ്റാലിയനുകളിലായി 2024 ഏപ്രില്‍ 15 നിലവില്‍ വന്ന റാങ്ക് ലിസ്റ്റുകളില്‍ 6,647 പേരെ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 2,138 പേര്‍ക്ക് മാത്രമാണ് നിയമന ശുപാര്‍ശ ലഭിച്ചിട്ടുള്ളത്. ഇതില്‍ 231 ഒഴിവ് എന്‍ജെഡിയാണ് (NOT JOINING DECLARATION) അതായത് ഈ ലിസ്റ്റിലെ 1907 പേര്‍ മാത്രമാണ് ജോലിയില്‍ പ്രവേശിച്ചിട്ടുള്ളത്.ഈ തസ്തികയുടെ മുന്‍ റാങ്ക് ലിസ്റ്റില്‍ 4,783 പേര്‍ക്ക് നിയമന ശുപാര്‍ശ ലഭിച്ചിരുന്നു.
ഇതുവരെ ഏറ്റവും കൂടുതല്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത് മലപ്പുറത്താണ്. 423 പേര്‍ക്കാണ് നിയമ ശുപാര്‍ശ നല്‍കിയത്. ഏറ്റവും കുറവ് എറണാകുളം ജില്ലയിലാണ്. 223 പേര്‍ക്ക് മാത്രമാണ് ഇവിടെ നിയമന ശുപാര്‍ശ നല്‍കിയത്. ഇത്തവണ ഒരു ജില്ലയില്‍ പോലും നിയമന ശുപാര്‍ശ 500 കടന്നിട്ടില്ല. മുന്‍ റാങ്ക് ലിസ്റ്റില്‍ എല്ലാ ജില്ലയില്‍ നിന്നും 600ല്‍ അധികം പേരെ നിയമിച്ചിരുന്നു. ഇടുക്കിയില്‍ മാത്രമാണ് 600 ല്‍ താഴെ ആളെ വിളിച്ചത്.
'അടുത്ത ദിവസങ്ങളിലായി പുതിയ ലിസ്റ്റ് നിലവില്‍ വരും. ഈ പുതിയ റാങ്ക് ലിസ്റ്റില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമാണുള്ളത്. വിജയശതമാനം വളരെ കുറഞ്ഞിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇപ്പോഴത്തെ റാങ്ക് ലിസ്റ്റില്‍ 4725 പേരാണ് മെയിന്‍ ലിസ്റ്റിലുള്ളത്. അതില്‍ കുറഞ്ഞതായിരിക്കും അടുത്ത റാങ്ക് ലിസ്റ്റ്. 2500 ല്‍ താഴെ ആള്‍ക്കാള്‍ ഉള്‍പ്പെടുന്ന റാങ്ക് ലിസ്റ്റായിരിക്കും അടുത്തത്. അതില്‍ ഏറെയും ഇപ്പോള്‍ ട്രെയിനിങ് ക്യാംപില്‍ ഉള്ളവരും അതേ പോലെ ഞങ്ങളുടെ ലിസ്റ്റില്‍ ബാക്കി ഉള്ളവരുമായിരിക്കും. അപ്പോള്‍ അടുത്തൊരു ലിസ്റ്റിന് വളരെ കുറഞ്ഞ വേക്കന്‍സി മാത്രം മതി ആ ലിസ്റ്റ് മുഴുവനായും നിയമനം നല്‍കാന്‍. ഓരോ ബറ്റാലിയന്റെയും സ്ഥിതി അതുതന്നെയാണ്. കഴിഞ്ഞ വുമണ്‍ സിപിഒയിലും വിജയശതമാനം മുന്‍പുള്ളതിനേക്കാള്‍ കുറവായിരുന്നു. ഇനി വരുന്ന റാങ്ക് ലിസ്റ്റില്‍ ഒരുപാട് എന്‍ജെഡി വരും അതേ പോലെ ഡിലീഷന്‍സും വരും. ആദ്യത്തെ ടിപി ഫയല്‍ (ഉദ്യോഗസ്ഥര്‍ വിരമിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ഒഴിവുകള്‍) പാസായാല്‍ മാത്രം എടുത്ത് പോവുന്ന റാങ്ക് ലിസ്റ്റായിരിക്കും ഇനി തൊട്ടടുത്ത് വരാന്‍ പോവുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ അടുത്ത റാങ്ക് ലിസ്റ്റ് സര്‍ക്കാരിനൊരു ബാധ്യതയാവില്ല. പരമാവധി ഒഴിവുകള്‍ ഞങ്ങളുടെ ലിസ്റ്റില്‍ നിന്നെടുത്താലും അവര്‍ക്ക് ഇനി വരാന്‍ പോവുന്ന വേക്കന്‍സികള്‍ മാത്രം മതിയാവും അടുത്ത റാങ്ക് ലിസ്റ്റ് മുഴുവനായി എടുത്ത് പോവാന്‍-' അബിന്‍ പറയുന്നു
നിലവിലുള്ള റിട്ടയര്‍മെന്റ്, പ്രൊമോഷന്‍, ഡെപ്യൂട്ടേഷന്‍, ക്യാമ്പ് ഡ്രോപ്പ് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട ചെയ്ത് മുന്നോട്ട് പോയാല്‍ ഈ ലിസ്റ്റില്‍ നിന്ന് ആളുകള്‍ നിയമനം നല്‍കാവുന്നതാണ്. നിയമിക്കാനാല്ലെങ്കില്‍ എന്തിനാണ് ഇങ്ങനെ ലിസ്റ്റിടുന്നതെന്നാണ് ഉദ്യോഗാര്‍ഥികളുടെ ചോദ്യം. സര്‍ക്കാര്‍ ജോലി ലഭിക്കാനായി ശ്രമിക്കുന്ന ഉദ്യോഗാര്‍ഥികളുടെ വിശ്വാസ്യത തകരുന്ന പ്രവര്‍ത്തനങ്ങളാണ് ഇവയെല്ലാമെന്ന് ഉദ്യോഗാര്‍ഥികള്‍ ഒരോ സ്വരത്തില്‍ പറയുന്നു.
Content Highlights: Kerala CPO Rank List: Thousands Await Appointments