ഇന്ത്യക്കാരുടെ ശരാശരി ജോലിസമയം ആഴ്ചയിൽ 42 മണിക്കൂർ; പുരുഷന്മാർ സ്ത്രീകളേക്കാൾ കൂടുതൽ പണിയെടുക്കുന്നു

.
.

ഇന്ത്യയില്‍ ശരാശരി ജോലിസമയം ആഴ്ചയില്‍ 42 മണിക്കൂറെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം ശമിക രവി കഴിഞ്ഞദിവസം പുറത്തുവിട്ട പഠനത്തിലാണ് ഈ കണക്കുകള്‍ ഉള്ളത്. ദിവസം 422 മിനിറ്റാണ് ശരാശരി ഒരുജീവനക്കാരന്‍ ജോലിചെയ്യുന്നത്. ആഴ്ചയില്‍ ആറുദിവസം എന്ന് കണക്കാക്കിയാണ് ശരാശരി സമയം വിലയിരുത്തിയത്.

സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ 2019-ലെ ടൈം യൂസ് സര്‍വേ അടിസ്ഥാനമാക്കിയാണ് ശമിക രവി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ 'ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി' പ്രസ്താവനയില്‍ ചര്‍ച്ച തുടരുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട്.

നഗരമേഖലയില്‍ ഒരു തൊഴിലാളിയുടെ ദിവസശരാശരി 7.8 മണിക്കൂറാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍, ഗ്രാമമേഖലയില്‍ ഇത് 6.65 മണിക്കൂറാണ്. സ്വകാര്യ- പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരേക്കാള്‍ 45 മിനിറ്റ് കുറവാണ് സര്‍ക്കാര്‍ ജോലിക്കാരുടെ ജോലിസമയം. അതേസമയം, നഗരമേഖലയിലെ സര്‍ക്കാര്‍ ജോലിക്കാര്‍ ഗ്രാമമേഖലയിലുള്ളവരേക്കാള്‍ ഒരുമണിക്കൂര്‍ കൂടുതല്‍ ജോലിചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്രഭരണപ്രദേശമായ ദാമന്‍- ദിയു, ദാദ്രനാഗര്‍ ഹവേലി എന്നിവിടങ്ങളില്‍ 600 മിനിറ്റാണ് ദിവസം ജോലിസമയം. എന്നാല്‍, ഗുജറാത്തിലും വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളിലും 360 മിനിറ്റാണ് ശരാശരി. ഡല്‍ഹിയില്‍ ഇത് 498 മിനിറ്റും ഗോവയില്‍ 330 മിനിറ്റുമാണ്. നഗരമേഖലയില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ രണ്ട് മണിക്കൂര്‍ കുറവാണ് ജോലിചെയ്യുന്നത്. ഗ്രാമമേഖലയില്‍ സ്ത്രീ- പുരുഷ അന്തരം 1.8 മണിക്കൂറാണ്.

Content Highlights: Report reveals average Indian worker`s weekly hours at 42