മിടുക്കരെത്തന്നെ വേണം പക്ഷേ, ശമ്പളത്തില്‍ മിടുക്കില്ല; ഡാക് സേവകിനെത്തേടി വീണ്ടും തപാല്‍വകുപ്പ്

#സി.കരുണാകരന്‍
Representational Image | Photo: mathrubhumi
Representational Image | Photo: mathrubhumi

കുറഞ്ഞ ശമ്പളവും ജോലിഭാരവും കാരണം തപാല്‍ വകുപ്പിലെ ഗ്രാമീണ്‍ ഡാക് സേവക്മാര്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്നു. കഴിഞ്ഞ തവണ നാല്‍പ്പതിനായിരത്തിലേറെപ്പേരെ നിയമിച്ചെങ്കിലും വലിയൊരുവിഭാഗം ആറുമാസത്തിനുള്ളില്‍തന്നെ ജോലി ഉപേക്ഷിച്ചു. ഇതോടെ  റിക്രൂട്ട്‌മെന്റിന് വീണ്ടും വിജ്ഞാപനമിറക്കിയിരിക്കയാണ്. 30,041 ഒഴിവിലേക്കാണ് ഇത്തവണ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മെച്ചപ്പെട്ട ശമ്പള സ്‌കെയിലോ പൊരുത്തപ്പെട്ടുപോകാവുന്ന തൊഴില്‍സാഹചര്യമോ ഇല്ലാത്തതിനാലാണ് അധികം പേരും ജോലി ഉപേക്ഷിക്കുന്നതെന്ന് തപാല്‍ മേഖലയിലുള്ളവര്‍തന്നെ  പറയുന്നു. ഈ വര്‍ഷം ആദ്യം ഇറക്കിയ വിജ്ഞാപനത്തില്‍ കേരളത്തില്‍ 2462 ഒഴിവുണ്ടായിരുന്നു. ആറു മാസത്തിനിപ്പുറം വീണ്ടും വന്ന വിജ്ഞാപനത്തില്‍ കേരള സര്‍ക്കിളില്‍ 1508 ഒഴിവുണ്ട്. കഴിഞ്ഞതവണ നിയമനം നടത്തിയ പോസ്റ്റ് ഓഫീസുകളും ഇക്കൂട്ടത്തിലുണ്ട്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍/ഡാക് സേവക് തസ്തികകളിലാണ് ഒഴിവുകള്‍.

മിടുക്കരെത്തന്നെ വേണം; ശമ്പളത്തില്‍ മിടുക്കില്ല
മുന്‍കാലങ്ങളില്‍ അതത് ഡിവിഷനുകളില്‍ നിന്ന് പരസ്യത്തിലൂടെ തദ്ദേശവാസികളെ ക്ഷണിച്ചായിരുന്നു നിയമനം. സ്വന്തം പ്രദേശത്തായതിനാല്‍ ഇങ്ങനെ നിയമിതരായവര്‍ തുടര്‍ന്നുപോന്നു. പക്ഷെ, നിയമനത്തില്‍ സുതാര്യത പോരെന്ന് ചൂണ്ടിക്കാട്ടിയാണ്, രാജ്യമാകെ ഒറ്റ റിക്രൂട്ട്‌മെന്റ് പ്രക്രിയ ഏതാനും വര്‍ഷം മുമ്പ് ആരംഭിച്ചത്. പകരക്കാരെ വച്ച് ജോലി ചെയ്യിക്കുന്നത് ഉള്‍പ്പെടെയുള്ള പല തെറ്റായ പ്രവണതകളും ഇല്ലാതാക്കാന്‍ ഈ നിയമനപ്രക്രിയയിലൂടെ സാധിച്ചു.  ഇതിലൂടെ ആദ്യകാലത്ത് ഇതരസംസ്ഥാനക്കാര്‍ പോലും ഈ ജോലിക്ക് കേരളത്തില്‍ വന്നു. കേരളത്തിനു പുറത്തുള്ളവര്‍ക്ക് ഈ തുക ആകര്‍ഷണീയമായിരുന്നു. പിന്നീടാണ് പ്രാദേശികഭാഷ അറിഞ്ഞിരിക്കണമെന്ന വ്യവസ്ഥ വരുന്നത്. ഇതോടെ കേരളത്തിലുള്ളവര്‍ തന്നെയായി ഇവിടെ നിയമനം തേടിയത്. എന്നിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെന്നാണ് ഇപ്പോഴത്തെ സാഹചര്യം തെളിയിക്കുന്നത്.

പ്രശ്‌നം പത്താം ക്ലാസ്സിലെ മാര്‍ക്ക്
ഇപ്പോഴും നിയമിക്കപ്പെടുന്നവരില്‍ പകുതിയോളവും വേഗത്തില്‍ ജോലി ഉപേക്ഷിക്കുകയാണ്. പത്താം ക്ലാസ്സാണ് അടിസ്ഥാനയോഗ്യത എന്നതിനാലും കേന്ദ്ര സര്‍ക്കാര്‍ ജോലി എന്ന ആകര്‍ഷണവും നിമിത്തം ഒട്ടേറെ ഉദ്യോഗാര്‍ഥികള്‍ വലിയ ആവേശത്തോടെ അപേക്ഷിക്കുന്നു. ബിരുദാനന്തര ബിരുദം നേടിയവരും ബി.ഇ, ബി.ടെക്, ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., എം.സി.എ. തുടങ്ങിയ ഉന്നത പ്രൊഫഷണല്‍ യോഗ്യത നേടിയവരും വരെ ഇക്കൂട്ടത്തിലുണ്ട്. പത്താം ക്ലാസ്സിലെ മാര്‍ക്ക് പരിഗണിച്ച് മാത്രം ലിസ്റ്റ് തയ്യാറാക്കുന്നതിനാല്‍ പഠിക്കാന്‍ മിടുക്കരായവര്‍ തന്നെ തിരഞ്ഞെടുക്കപ്പെടുന്നു. പക്ഷെ, തിരഞ്ഞടുക്കപ്പെട്ടാല്‍ കാര്യങ്ങള്‍ മനസ്സിലാവുന്നതോടെ ജോലി സ്വീകരിക്കാന്‍ പലരും വിമുഖത കാട്ടുന്നു. ജോലി സ്വീകരിച്ചവരാവട്ടെ അധികം താമസിയാതെ വിട്ടുപോവുന്നു. ഉന്നത യോഗ്യതയുള്ളവരായതിനാല്‍ മറ്റ് ജോലികള്‍ കണ്ടെത്തി പോകുന്നവരുമുണ്ട്. ഒരാള്‍ക്ക് വേണ്ടെങ്കില്‍ അടുത്തയാളെ വിളിക്കാം. അങ്ങനെ അഞ്ച് പേര്‍ക്ക് വരെ അവസരം നല്‍കുന്നുണ്ട്. അവരും ഉപേക്ഷിക്കുന്ന സ്ഥിതിയാണ്. അതിനാല്‍ എത്ര വിജ്ഞാപനം വിളിച്ചാലും ഒഴിവുകളുടെ എണ്ണം വര്‍ധിക്കുന്നു. നിയമിക്കപ്പെടുന്നവരില്‍ 40 ശതമാനവും ഉപേക്ഷിച്ചുപോകുന്നുവെന്നാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പറയുന്നത്. ഇപ്പോള്‍ ജോലിയില്‍ കയറിയവര്‍ക്ക് കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും വേണം ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റെഴുതാന്‍. അതിന് ക്ഷമയോടെ കാത്തിരിക്കാന്‍ തയ്യാറുള്ളവരും വീടിനുത്ത് ജോലി ലഭിച്ചവരുമാണ് തുടരുന്നവരില്‍ ഏറെയും.

വേതനം 14000-17000
ഗ്രാമീണ ഡാക് സേവക് മാര്‍ക്ക് ടൈം റിലേറ്റഡ് കണ്ടിന്വിറ്റി അലവന്‍സും (ടി.ആര്‍.സി.എ) ഡിയര്‍നെസ്സ് അലവന്‍സുമാണ് ലഭിക്കുക. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ക്ക്  12,000 രൂപയും ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍/ ഡാക് സേവകിന് 10,000 രൂപയുമാണ് തുടക്കത്തിലുള്ള ടി.ആര്‍.സി.എയായി ലഭിക്കുക.  42 ശതമാനമാണ് ഡി.എ.  ഇതുകൂടി ചേര്‍ത്താലും ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ക്ക് 17000 രൂപയും പോസ്റ്റ്മാസ്റ്റര്‍/ഡാക് സേവകിന് 14,200 രൂപയുമാണ് കിട്ടുക. ഈ വേതനം കൊണ്ട് എങ്ങനെ ഇന്നത്തെ കാലത്ത് ജീവിക്കാനാവുമെന്നതാണ് ഇവര്‍ വിട്ടുപോകാനുള്ള ഒരു കാരണം. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ ഇതേ ജോലി ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമാണിത്. അതേ സാഹചര്യവും ജീവിതച്ചെലവുമല്ല ഇവിടെ എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 65 വയസ്സാണ് വിരമിക്കാനുള്ള പ്രായം. ഇത്രയും പ്രായമെത്തുമ്പോഴേക്കും ജോലി മതിയാക്കുപ്പോവുന്നവരുമുണ്ട്. അതും ഒഴിവുകളുടെ എണ്ണം കൂടാന്‍ കാരണമാണ്. എത്രയും വേഗത്തില്‍ ഒഴിവുകള്‍ നികത്തുക എന്ന സമീപനമാണ് തപാല്‍വകുപ്പിനുള്ളത്. അതിനാല്‍ വേഗത്തില്‍ തന്നെ വിജ്ഞാപനവും  വരുന്നു

കനം കൂടി തപാല്‍ച്ചുമട്
ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ക്ക് ഓഫീസ് ജോലിയാണ്. എന്നാല്‍ ഡാക് സേവകാവട്ടെ തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്യേണ്ടയാളാണ്. മൊബൈല്‍ ഫോണിന്റെയും ഇ-മെയിലുകളുടെയും കാലത്ത് വ്യക്തിപരമായി അയയ്ക്കുന്ന കത്തുകളുടെ (പേഴ്‌സണല്‍ ലെറ്റര്‍) എണ്ണം നന്നേ കുറഞ്ഞിട്ടുണ്ടെന്നത് വാസ്തവമാണ്. അതിനാല്‍ പോസ്റ്റ് ഓഫീസിലെ പണികുറഞ്ഞു എന്നത് തെറ്റിദ്ധാരണയാണ്. പണി കുറയുകയല്ല, കൂടുകയാണ് ചെയ്തതെന്ന് ജീവനക്കാര്‍ പറയുന്നു. ബാങ്കുകള്‍, മറ്റ് ധനകാര്യ കമ്പനികള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍/ സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ ഒഫീഷ്യല്‍ കത്തുകളും രേഖകളും മുതല്‍ എ.ടി.എം. കാര്‍ഡ് വരെ ദിവസേന വിതരണം ചെയ്യണം. വിവിധ സംഘടനകളുടേത് അടക്കമുള്ള മാസികകളും ആനുകാലികങ്ങളും തപാല്‍ വഴി നല്‍കുന്നതും വല്ലാതെ കൂടിയിട്ടുണ്ട്. ഓരോ പ്രദേശത്തും വീടുകളുടെയും സ്ഥാപനങ്ങളുടെ എണ്ണവും ഒരുപാട് വര്‍ധിച്ചു. അതിനാല്‍ ഇടപാടുകാരുടെ എണ്ണം കൂടി, തപാല്‍ച്ചുമടിന് ഭാരം കൂടി. നാല് മണിക്കൂറോ അഞ്ച് മണിക്കൂറോ ആണ് ജോലിസമയമെങ്കിലും  തപാല്‍ ഉരുപ്പടികള്‍ എത്തിച്ചുതീരുമ്പോഴേക്കും ഏഴു മണിക്കൂര്‍ വരെയെങ്കിലുമാവും.

പഴയ ഇ.ഡി.; ഇപ്പോഴത്തെ ഗ്രാമീണ്‍ ഡാക് സേവക്
ഓരോ പ്രദേശത്തും തപാല്‍ വിതരണം കാര്യക്ഷമമാക്കുന്നതിനായി ഉണ്ടായിരുന്ന എക്ട്രാ ഡിപ്പാര്‍ട്ട്‌മെന്റ്ല്‍ (ഇ.ഡി.) സംവിധാനമാണ് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഗ്രാമീണ്‍ ഡാക് സേവക് എന്ന് പേരു മാറിയത്. ഇ.ഡി. ആയിരുന്ന കാലത്ത് പോസ്റ്റ് മാസ്റ്റര്‍, ഡെലിവറി ഏജന്റ്, പാക്കര്‍ തുടങ്ങി ആറ് തസ്തികകള്‍ ഇ.ഡിയില്‍ ഉണ്ടയിരുന്നു. അത്  ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍/ഡാക് സേവക് എന്നിങ്ങനെ രണ്ടാക്കി ചുരുക്കണമെന്ന ശുപാര്‍ശ അംഗീകരിക്കപ്പെടുകയും ചെയ്തു. ഡിപ്പാര്‍ട്ട്‌മെന്റല്‍ ജീവനക്കാരുടെ പകുതി സമയം എന്ന ന്യായത്തിലാണ് ഇവര്‍ക്ക് കുറഞ്ഞ വേതനം നല്‍കുന്നത്. കേന്ദ്ര ജീവനക്കാര്‍ക്കുള്ള ഏഴാം ശമ്പള കമ്മീഷന്‍ നടപ്പാക്കിയതിനൊപ്പം ഇവര്‍ക്ക് ആനുപാതിക വര്‍ധനവുണ്ടായിരുന്നില്ല. അത് സംബന്ധിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നടപ്പാക്കുന്നതും വൈകിയിതിനെ തുടര്‍ന്ന്, അഞ്ച് വര്‍ഷം മുമ്പ് ഇവര്‍ രാജ്യവ്യാപകമായി സമരരംഗത്തിറങ്ങിയിരുന്നു. തുടര്‍ന്നാണ് ഭാഗികമായെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടത്.

 

Content Highlights: GDS Recruitment 2023, India Post Gramin Dak Sevak, Post Office jobs