എഫ്.എം.ജി.ഇ. പരീക്ഷയ്ക്ക് അപേക്ഷിക്കാം: സെപ്റ്റംബർ 25 വരെ സമയം

#Education desk
പ്രതീകാത്മക ചിത്രം| Photo: canva.com
പ്രതീകാത്മക ചിത്രം| Photo: canva.com

വിദേശ രാജ്യങ്ങളിൽനിന്ന്‌ എം.ബി.ബി.എസ്. അല്ലെങ്കിൽ തത്തുല്യമായ പ്രാഥമിക മെഡിക്കൽ ബിരുദം നേടിയ ഇന്ത്യൻ പൗരർക്കും വിദേശ ഇന്ത്യൻ പൗരർക്കും ഇന്ത്യയിൽ ഡോക്ടറായി രജിസ്ട്രേഷൻ നേടുന്നതിനുള്ള ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷന് (എഫ്.എം.ജി.ഇ.) അപേക്ഷിക്കാം. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്.) ആണ് ഈ പരീക്ഷ നടത്തുന്നത്.

വിദേശത്തെ അംഗീകൃത സ്ഥാപനത്തിൽനിന്ന് പ്രാഥമിക മെഡിക്കൽബിരുദം നേടിയിരിക്കണം. ബിരുദ സർട്ടിഫിക്കറ്റ് അതത് രാജ്യത്തെ ഇന്ത്യൻ എംബസി സാക്ഷ്യപ്പെടുത്തിയതോ അല്ലെങ്കിൽ അന്താരാഷ്ട്ര സാക്ഷ്യപ്പെടുത്തൽ ചെയ്തതോ ആകണം.

മെഡിക്കൽ ബിരുദത്തിന്റെ അന്തിമ പരീക്ഷാ ഫലം ഓഗസ്റ്റ് 31-നോ അതിനു മുൻപോ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരിക്കണം. എൻ.എം.സി. (എൻ.എം.സി./എം.സി.ഐ.) നൽകിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നിശ്ചിത മാനദണ്ഡമനുസരിച്ച് പ്രാബല്യമുള്ള നീറ്റ്-യു.ജി. യോഗ്യത ഉണ്ടായിരിക്കണം.

അപേക്ഷ www.natboard.edu.in വഴി സെപ്റ്റംബർ 25-ന് രാത്രി 11:55 വരെ നൽകാം. പരീക്ഷാ ഫീസ് 4650 രൂപ.

അപേക്ഷയിലെ വിവരങ്ങൾ തിരുത്താൻ സെപ്റ്റംബർ 29 മുതൽ 30 വരെയും ഫോട്ടോ, ഒപ്പ്, വിരലടയാളം എന്നിവ തിരുത്തുന്നതിനുള്ള ഇമേജ് എഡിറ്റ് വിൻഡോ ഒക്ടോബർ മൂന്നുമുതൽ 19വരെയും. സമർപ്പിച്ച രേഖകളിലെ കുറവുകൾ പരിഹരിക്കാനുള്ള അവസാന തീയതി ഒക്ടോബർ 21-ന് രാത്രി 11:55 ആണ്. 27-ന് അഡ്മിറ്റ് കാർഡ്. പരീക്ഷ ഒക്ടോബർ 31-ന്. പരീക്ഷാഫലം നവംബർ 30-ഓടെ.

Content Highlights: How to Apply for FMGE 2026: Essential Guide for Doctors