കാമ്പസ് റിക്രൂട്ട്‌മെന്റുകള്‍ കുത്തനെ കുറഞ്ഞു; പലര്‍ക്കും അവസരം നഷ്ടമാകും

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി കാമ്പസ് പ്ലേസ്മെന്റുകളെ പകുതിയാക്കി കുറച്ചുവെന്ന് അധികൃതര്‍. ഇക്കൊല്ലം ആദ്യം റിക്രൂട്ട്മെന്റ് നടത്തിയ പല ഐ.ടി. കമ്പനികളും തുടര്‍നടപടികളില്‍നിന്ന് പിന്മാറിയത് പല വിദ്യാര്‍ഥികള്‍ക്കും നല്ലജോലി നഷ്ടമാകാന്‍ ഇടയാക്കും. പരീക്ഷകള്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ വൈകുന്നത് ജോലി ലഭിച്ചവര്‍ക്ക് കമ്പനികളില്‍ ചേരാനുള്ള അവസരവും ഇല്ലാതാകും.
ആഗോള പ്രതിസന്ധി മാറാതെ പുതിയ റിക്രൂട്ട്മെന്റ് വേണ്ടെന്നാണ് ഇടത്തരം, ചെറിയ കമ്പനികളുടെ നിലപാട്. ഇന്‍ഫോസിസ്, ടി.സി.എസ്. ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ ഈ വര്‍ഷമാദ്യം റിക്രൂട്ട്മെന്റ് പൂര്‍ത്തിയാക്കി ഓഫര്‍ ലെറ്റര്‍ നല്‍കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിലും തങ്ങള്‍ റിക്രൂട്ട് ചെയ്തവര്‍ക്ക് നിയമനം നല്‍കുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്.
ഓട്ടോമൊബൈല്‍, ഏവിയേഷന്‍, മാനേജ്മെന്റ്, ഇലക്ട്രോണിക്സ് എന്നിങ്ങനെയുള്ള മേഖലയിലെ വലിയ കമ്പനികള്‍ മാര്‍ച്ചോടെയാണ് കാമ്പസിലെത്താറുള്ളത്. ചില കമ്പനികള്‍ റിക്രൂട്ട്മെന്റ് നടത്തിക്കഴിഞ്ഞു. പക്ഷേ, ഇവയുടെ കാര്യത്തില്‍ ഉറപ്പില്ലെന്നാണ് സാങ്കേതിക സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കുന്നത്. ഓട്ടോമൊബൈല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ കമ്പനി തങ്ങള്‍ തിരഞ്ഞെടുത്ത വിദ്യാര്‍ഥികളോട് മറ്റു കമ്പനികളില്‍നിന്ന് ഓഫര്‍ വന്നാല്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ച് മെയില്‍ അയച്ചിട്ടുണ്ട്.
സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിലും അവസരം പോകും
ഓഫര്‍ നല്‍കിയിരിക്കുന്ന സ്ഥാപനങ്ങളിലൊക്കെ ജൂലായ്-ഓഗസ്റ്റിലാണ് ജോലിക്കു പ്രവേശിക്കേണ്ടത്. എന്നാല്‍, സാങ്കേതിക സര്‍വകലാശാലയ്ക്ക് പരീക്ഷ പൂര്‍ത്തിയാക്കാനായിട്ടില്ല. അടുത്തുതന്നെ പരീക്ഷകള്‍ നടന്നാലും ജൂണിലെങ്കിലും സര്‍ട്ടിഫിക്കറ്റ് നല്‍കാനാകുമോ എന്നു സംശയമുണ്ട്. സപ്ലിമെന്ററി പരീക്ഷയുള്‍പ്പെടെ എഴുതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടവരുമുണ്ട്.
അതോടൊപ്പം 'ഗേറ്റ്' പോയന്റിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്ന കമ്പനികളില്‍ അവസരം ലഭിക്കുന്നതിനും ചലര്‍ക്ക് തടസ്സമുണ്ടാകും. മൂന്നുവര്‍ഷം മാത്രമേ ഗേറ്റ് പോയന്റിനു കാലാവധിയുള്ളൂ.
Content Highlights: Campus placements reduced; many candidates may loss chance for better jobs
Content Highlights: