കടുത്ത സാമ്പത്തിക പ്രതിസന്ധി; 17,000 ജീവനക്കാരെ പിടിച്ചുവിടാനൊരുങ്ങി ബോയിങ്

ഈ വാരാന്ത്യത്തോടെ കമ്പനിയിലെ 17,000 ജീവനക്കാരെ പിടിച്ചുവിടാനൊരുങ്ങി വിമാന നിര്‍മാണ മേഖലയില്‍ വമ്പന്മാരായ ബോയിങ്. കമ്പനിയുടെ ചെലവ് കുറയ്ക്കുന്നതിന്റെയും ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് മുഴുവന്‍ ജീവനക്കാരുടെ 10% വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് ബോയിങ് കമ്പനി സി.ഇ.ഒ. കെല്ലി ഓട്ട്‌ബെര്‍ഗ് പറഞ്ഞു. ആഗോളതലത്തില്‍ ആകെ 170,000 ജീവനക്കാരാണ് ബോയിങ് കമ്പനിയില്‍ ജോലി ചെയ്യുന്നത്.
'കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കമ്പനി കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുക, പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുക, അനാവശ്യചെലവുകള്‍ ഒഴിവാക്കുക എന്നീ കാര്യങ്ങളിലാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. വരുന്ന മാസങ്ങളില്‍ പിരിച്ചുവിടല്‍ തുടരും. കമ്പനിയുടെ ഉത്പാദനപ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും ആവശ്യമായ ജീവനക്കാരെ മാത്രമേ ഇനി അങ്ങോട്ട് ജോലിയില്‍ നിലനിര്‍ത്തുകയുള്ളൂ,' കെല്ലി പറയുന്നു.
ബുധനാഴ്ച മുതലാണ് ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ സംബന്ധിച്ച അറിയിപ്പുകള്‍ ലഭിച്ചുത്തുടങ്ങിയത്. അടുത്ത വര്‍ഷം (2025) ജനുവരി പകുതിയോടെ നോട്ടീസ് ലഭിച്ച ജീവനക്കാര്‍ ജോലിയില്‍നിന്ന് സ്ഥിരമായി പിരിച്ചുവിടപ്പെടും. സൗത്ത് കരോലിനയിലും വാഷിങ്ടണിലുമുള്ള ജീവനക്കാരെയാണ് ആദ്യഘട്ടത്തില്‍ പിരിച്ചുവിടുന്നത്. എക്‌സ്‌ക്യുട്ടീവുകള്‍, മാനേജര്‍മാര്‍, ഫാക്ടറി ജോലിക്കാര്‍ തുടങ്ങി എല്ലാ മേഖലയിലുള്ളവര്‍ക്കും നോട്ടീസ് ലഭിച്ചിട്ടുള്ളതായി യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlights: boeing starts layoff notices for 17000 employees informs ceo kelly ortberg