40% ബ്ലൂ കോളര്‍ തൊഴിലാളികളും ജോലി മാറ്റത്തിനായി തിരയുന്നവര്‍; ശമ്പളം പ്രധാന ഘടകം

പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP
പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP

ബ്ലൂ കോളര്‍ ജോലി ചെയ്യുന്നവരില്‍ 40 ശതമാനത്തോളം ആളുകളും പുതിയ അവസരങ്ങള്‍ തേടുന്നവരാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. ബ്ലൂ കോളര്‍ തൊഴില്‍ ഏജന്‍സിയായ വര്‍ക്ക് ഇന്ത്യയുടേതാണ് റിപ്പോര്‍ട്ട്. പുതിയ അവസരം തേടുന്നവരുടെ പ്രധാന പ്രേരക ഘടകം ശമ്പളമാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

ജോലി മാറ്റം ആഗ്രഹിക്കുന്ന 22 ശതമാനം ആളുകള്‍ സാമ്പത്തികം പ്രധാന ആവശ്യമായി ഉയര്‍ത്തിയപ്പോള്‍ 20 ശതമാനം ആളുകള്‍ കരിയറിലെ വളര്‍ച്ചയാണ് അടയാളപ്പെടുത്തിയത്. 

മറ്റൊരു 20 ശതമാനം പേര്‍ സ്ഥലംമാറ്റം, വിദ്യാഭ്യാസം പൂര്‍ത്തിയാക്കല്‍, അല്ലെങ്കില്‍ കുടുംബസാഹചര്യങ്ങളിലെ മാറ്റങ്ങള്‍ എന്നിങ്ങനെയുള്ള വ്യക്തിപരമായ പ്രേരണകള്‍ ചൂണ്ടിക്കാട്ടി.

ഈ മേഖലയിലെ 1100 ആളുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. 

അനുഭവപരിചയമുള്ളവരില്‍ കൂടുതല്‍പേരും തങ്ങള്‍ക്ക് നിലവിലുള്ള സ്ഥിതിയേക്കാള്‍ മെച്ചപ്പെടാന്‍ സാധിക്കുമെന്ന് കരുതുന്നവരാണ്. ഇത്തരം ആളുകളെ ഈ ചിന്താഗതിയാണ് തൊഴില്‍മാറ്റത്തിന് പ്രേരിപ്പിക്കുന്നത്.

പിരിച്ചുവിടല്‍ അല്ലെങ്കില്‍ അവരുടെ നിലവിലെ തൊഴില്‍ ദാതാവിന്റെ സാമ്പത്തിക അസ്ഥിരതയെക്കുറിച്ചുള്ള ആശങ്കകളും പലപ്പോഴും പുതിയ ജോലികള്‍ തേടാന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഒരു ജോലി ഉറപ്പിച്ച ശേഷവും 48 ശതമാനം ആളുകള്‍ അടുത്ത ജോലിക്കായുള്ള അപേക്ഷകള്‍ നല്‍കുന്നവരാണെന്നും ഇതില്‍ പറയുന്നു.

Content Highlights: 40% of blue-collar workers actively looking for job change-salary biggest motivator