സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: പരീക്ഷ 31 വിഷയങ്ങളിൽ, അപേക്ഷ മേയ് 28 വരെ

ഹയർ സെക്കൻഡറി അധ്യാപകരാകാനും വൊക്കേഷണൽ ഹയർ സെക്കൻഡറി നോൺ വൊക്കേഷണൽ അധ്യാപകരാകാനും നിർബന്ധമായ, അർഹതാനിർണയപരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) ജൂലായ് 2025-ന് അപേക്ഷിക്കാം. വിഷയങ്ങൾ
എൽബിഎസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയാണ് മൊത്തം 31 വിഷയങ്ങളിൽ പരീക്ഷ നടത്തുന്നത്. ആന്ത്രോപ്പോളജി, അറബിക്, ബയോടെക്നോളജി, ബോട്ടണി, കെമിസ്ട്രി, കൊമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഗാന്ധിയൻ സ്റ്റഡീസ്, ജ്യോഗ്രഫി, ജിയോളജി, ഹിന്ദി, ഹിസ്റ്ററി, ഹോം സയൻസ്, ഇസ്‌ലാമിക് ഹിസ്റ്ററി, ജേണലിസം, കന്നട, മലയാളം, മാത്തമാറ്റിക്സ്, മ്യൂസിക്, ഫിലോസഫി, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സാൻസ്‌ക്രിറ്റ്, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, തമിഴ്, ഉറുദു, സുവോളജി. അപേക്ഷിക്കാൻ പ്രായപരിധി ഇല്ല.
യോഗ്യത
ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെയുള്ള (പട്ടിക/ഭിന്നശേഷിക്കാർക്ക് 45 ശതമാനം)/തത്തുല്യ ഗ്രേഡുള്ള മാസ്റ്റേഴ്സ് ബിരുദം വേണം. കൂടാതെ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിഎഡും ഉണ്ടായിരിക്കണം.
യോഗ്യതയിലെ ഇളവുകൾ
• ആന്ത്രോപ്പോളജി, കൊമേഴ്സ്, ഗാന്ധിയൻ സ്റ്റഡീസ്, ജിയോളജി, ഹോം സയൻസ്, ജേണലിസം, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് സെറ്റ് അഭിമുഖീകരിക്കാൻ ബിഎഡ് നിർബന്ധമില്ല.
• പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമുള്ള, ബിഎഡ് കോഴ്സ് അവസാന വർഷത്തിൽ പഠിക്കുന്നവർ; ബിഎഡ് ബിരുദമുള്ള, അവസാനവർഷ പിജി കോഴ്സിൽ പഠിക്കുന്നവർ എന്നിവർക്കും അപേക്ഷിക്കാം. ഇവർ അവരുടെ പിജി/ബിഎഡ് പരീക്ഷയുടെ യോഗ്യത, സെറ്റ് പരീക്ഷാഫലം പ്രഖ്യാപിക്കുന്ന തീയതിമുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. ഇല്ലെങ്കിൽ അവർ ഈ ചാൻസിൽ സെറ്റ് പരീക്ഷ ജയിച്ചതായി കണക്കാക്കുന്നതല്ല.
• മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങൾക്ക്; റീജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനിൽനിന്ന് ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെ എംഎസ്‌സി എഡ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം
• ബിഎഡും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ എംഎയും (50 ശതമാനം മാർക്കോടെ) ഉള്ളവർക്ക് ഇംഗ്ലീഷ് സെറ്റിന് അപേക്ഷിക്കാം
• ബിഎഡ് ബിരുദം ഇല്ലാത്ത അറബിക്/ ഉറുദു/ഹിന്ദി ഡിഎൽഎഡ്/എൽടിടിസി യോഗ്യത ഉള്ളവർക്ക് സൈറ്റിന് അപേക്ഷിക്കാം
• നാച്വറൽ സയൻസിൽ ബിഎഡ് ഉള്ള, ബയോടെക്നോളജി മാസ്റ്റേഴ്സ് ബിരുദം ഉള്ളവർക്ക് (50 ശതമാനം മാർക്കോടെ) ബയോടെക്നോളജിയിൽ സെറ്റിന് അപേക്ഷിക്കാം.
ഘടന
പരീക്ഷാത്തീയതി പിന്നീട് പ്രഖ്യാപിക്കും. എല്ലാജില്ലയിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. രണ്ടുമണിക്കൂർവീതം ദൈർഘ്യമുള്ള, ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള രണ്ടുപേപ്പർ ഉൾപ്പെടുന്നതാണ് സെറ്റ്.
പേപ്പർ l എല്ലാവർക്കും പൊതുവായുള്ളതാണ്. ഇതിൽ ഭാഗം എയിൽ ജനറൽ നോളജ്, ഭാഗം ബിയിൽ ആപ്റ്റിറ്റ്യൂഡ് ഇൻ ടീച്ചിങ് അടിസ്ഥാനമാക്കി ഒരു മാർക്കിന്റെ 60 വീതം ചോദ്യങ്ങളുണ്ടാകും.
പേപ്പർ II, തിരഞ്ഞെടുക്കുന്ന വിഷയം അടിസ്ഥാനമാക്കിയുള്ള ഒരു മാർക്കിന്റെ 120 ചോദ്യങ്ങളുള്ള പേപ്പറാണ്. മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, എന്നിവയ്ക്ക് ഒന്നരമാർക്കിന്റെ 80 ചോദ്യങ്ങളുണ്ടാകും. സെറ്റിന്റെ രണ്ടുപേപ്പറിലും ഉത്തരം തെറ്റിയാൽ നെഗറ്റീവ് മാർക്കില്ല. ഒഎംആർ അധിഷ്ഠിതമായിരിക്കും പരീക്ഷ. സിലബസ് വെബ്സൈറ്റിലുണ്ട്.
യോഗ്യത നേടാൻ
പരീക്ഷയിൽ യോഗ്യത നേടാൻ ഓരോ പേപ്പറിലും 40 വീതവും രണ്ടുപേപ്പറിനുംകൂടി 48-ഉം ശതമാനം മാർക്ക് വേണം. ഒബിസിക്കാർക്ക് ഇത് യഥാക്രമം 35 ശതമാനംവീതവും 45 ശതമാനവും പട്ടിക/ഭിന്നശേഷിക്കാർക്ക് 35 ശതമാനംവീതവും 40 ശതമാനവും ആയിരിക്കും.
അപേക്ഷ
lbsedp.lbscentre.in/setjul25/ വഴി മേയ് 28 അർധരാത്രിവരെ നൽകാം. അപേക്ഷാഫീസ് 1300 രൂപ (പട്ടിക/ഭിന്നശേഷിക്കാർക്ക് 750 രൂപ). തുക ഓൺലൈനായി 30-ന് അർധരാത്രിവരെ അടയ്ക്കാം. അപേക്ഷയിലെ പിശകുകൾ തിരുത്താൻ 29-ന് രാവിലെ 11 മുതൽ 31-ന് അർധരാത്രിവരെ സൗകര്യം ലഭിക്കും. അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കുന്ന തീയതി പിന്നീട് അറിയിക്കും.
Content Highlights: Kerala SET Exam 2025: Apply Now!