പകല്‍ മുഴുവന്‍ മൊബൈല്‍ കവറുകള്‍ വില്‍ക്കും, പുലര്‍ച്ചെ മൂന്ന് വരെ പഠനം; രോഹിത് ഇനി ഡോക്ടറാകും

ഒന്നുമില്ലാത്തിടത്ത് നിന്ന് എല്ലാത്തിലേക്കുമുള്ള യാത്ര വളരെ കഠിനമേറിയതാണ്. പ്രതിസന്ധികള്‍ നിറഞ്ഞ വഴിയിലൂടെ സഞ്ചരിച്ച് കഠിനധ്വാനത്തിലൂടെ മാത്രമേ നമ്മുടെ മുഖത്ത് വിജയത്തിന്റെ പുഞ്ചിരി വിടരൂ. അത്തരത്തില്‍ ജീവിതം തോല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം പിടിച്ചുനിന്ന് ഒടുവില്‍ ഡോക്ടറാകാന്‍ ഒരുങ്ങുകയാണ് ഝാര്‍ഖണ്ഡിലെ ജംഷഡ്പുരില് നിന്നുള്ള ഒരു യുവാവ്.
പകല്‍ മൊബൈല്‍ ഫോണ്‍ കവറുകള്‍ വിറ്റ് ചെലവിനുള്ള പണം കണ്ടെത്തുകയും പുലര്‍ച്ചെ മൂന്ന് മണി വരെ ഇരുന്ന് പഠിക്കുകയും ചെയ്ത് ഡോക്ടറാകാന്‍ ഒരുങ്ങുകയാണ് രോഹിത് കുമാര്‍. നീറ്റ് യുജി പരീക്ഷയില്‍ ദേശീയ തലത്തില്‍ 12,848-ാം റാങ്കാണ് രോഹിത് നേടിയെടുത്തത്. അവനിപ്പോള്‍ ഝാര്‍ഖണ്ഡിലെ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടാനാകുമെന്ന പ്രതീക്ഷയിലാണ്.
ഫിസിക്സ്വാല എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഈ വിജയകഥ പങ്കുവെച്ചതോടെയാണ് രോഹിതിനെ ലോകം അറിഞ്ഞത്. ഒട്ടേറെപ്പേര്‍ അവനെ അഭിനന്ദിച്ച് കമന്റ് ചെയ്തു. ഫിസിക്സ്വാല നടത്തുന്ന സൗജന്യ പരിശീലനത്തില്‍ താനും പങ്കെടുത്തിരുന്നുവെന്ന് വീഡിയോയില്‍ രോഹിത് പറയുന്നു. പരിശീലന കേന്ദ്രത്തിന്റെ സ്ഥാപകനും സിഇഒയുമായ അലഖ് പാണ്ഡെ രോഹിതിനെ കടയില്‍ അഭിനന്ദിക്കാനെത്തുന്നതും വീഡിയോയില്‍ കാണാം.
രോഹിതിന്റെ അച്ഛന് പച്ചക്കറി മാര്‍ക്കറ്റിലാണ് ജോലി. പന്ത്രണ്ടാം ക്ലാസിന് ശേഷം രോഹിത് കോളേജില്‍ ചേര്‍ന്നില്ല. പകരം നീറ്റ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. കോവിഡ് വ്യാപനത്തിന്റെ സമയത്ത് രോഹിത് ഒരു മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്തിരുന്നു. ഡോക്ടറാകണമെന്ന സ്വപ്നം രോഹിതിന്റെ മനസില്‍ മുളച്ചത് അവിടെ വെച്ചാണ്. പുലര്‍ച്ചെ മൂന്ന് മണി വരെ പഠിച്ചശേഷം രാവിലെ ഏഴ് മണിയാകുമ്പോഴേക്ക് ജോലിക്ക് പോകാനായി എഴുന്നേല്ക്കുമെന്നും മിക്ക ദിവസങ്ങളിലും ഉറക്കം നാലോ അഞ്ചോ മണിക്കൂറുകള്‍ മാത്രമായിരുന്നെന്നും രോഹിത് പറയുന്നു.
Content Highlights: jharkhand mobile cover seller cracks neet against all odds